രചന : ഷാഫി മുഹമ്മദ് റാവുത്തർ✍
ഋഷഭതനയനുത്തമൻ
വികലകുടിലചിന്തകൻ
മഹിതസമരസാക്ഷ്യമാ-
യുദിച്ചരാജ്യഭക്ഷകൻ
മതവിഷം പടർത്തുമീ
സമതഹരണശക്തികൾ
മനുജവിഭജനത്തിനായ്
കടയറുക്കുമോർമ്മകൾ
വണികവർഗ്ഗ സേവകൻ
മദമുറഞ്ഞ ഭീകരൻ
പ്രരോദനങ്ങളൊക്കെയും
തരളമായ് ശ്രവിപ്പവൻ
നൊന്തസോദരങ്ങളെ
ചുട്ടുതള്ളിയുച്ചമായ്
വെന്ത മാംസഗന്ധവും
മന്ത്രിമന്ത്രമാക്കിയോൻ
ആയിരങ്ങളാശയിൽ
പടുത്ത ക്ഷേമരാഷ്ട്രവും
ആയിരം മുടക്കിയീ-
ച്ചോരണത്തളങ്ങളായ്
ഗാന്ധി കണ്ട സത്യവും
ബാബ നെയ്ത സ്വപ്നവും
വേരറുത്തെറിഞ്ഞു വിത്തു-
കുത്തിയന്നമാക്കിയോൻ
ഉണ്മയുണ്ടുവെണ്മയെ-
പ്പുതച്ചസത്യ നീതിയിൽ
കല്മഷക്കറുപ്പിനാൽ
കാളിമ പടർത്തിയോൻ
വ്രണിതഹൃദയവേദന-
ത്തുടിയുണർന്ന വേദിയിൽ
ഹൃദയരഹിത ചിന്തയെ-
പ്പുണർന്ന കമലധാരകൻ
വിമലഭരണഘടനയാൽ
കുറിവരച്ചഭാരത-
ച്ചിറകരിഞ്ഞരാക്ഷസ-
ക്കരമതിൽ തൃശൂലവും
ഭരണമന്ദിരത്തളം
സമസ്വരം പൊഴിക്കണം
മതരസം വിളമ്പിടേണ്ട
ഇടമിതല്ല നിർണ്ണയം
കരയുമെന്റെ രാജ്യമേ
കനിവതറ്റ കാലമേ…
കഠിനകാല നോവുകൾ-
ക്കറുതിയാവും നിശ്ചയം