ദൈവത്തിനോട്,
ഇനി എന്ത് കഥ പറയാനാണ് …..
നോക്കുന്നിടത്തെല്ലാം
ആഹ്ലാദകരമായ എന്തെങ്കിലും
ഒന്ന് കണ്ടെത്താനായില്ലങ്കിൽ…പിന്നെ ??
അനാഥമാക്കപ്പെടുവാൻ, വേണ്ടി മാത്രം
നമുക്ക് എന്തിനാണീ ബന്ധങ്ങൾ…
താങ്ങാവേണ്ടപ്പോൾ അതില്ലാതെയും
തളർന്നു വീണപ്പോൾ അത് കാണാതെയും..
ഹൃദയം തകർന്നു കരഞ്ഞപ്പോൾ
അത് കേൾക്കാതെയും
മൂഢസ്വർഗത്തിൽ ഒളിച്ചിരുന്ന്,
ഏതോ ഭ്രമയുഗത്തിൽ പെട്ടത് പോലെ
എല്ലാ മനുഷ്യരും അതിമോഹത്താലും
അഹങ്കാരത്താലും അന്ധരായിരിക്കുന്നു..
നിസ്സഹായതയുടെ നേർക്കുള്ള
നിർദാഷിണ്യമായ ചാത്തനേറ്
നാൾക്ക് നാൾ കൂടിക്കൂടി വരുന്നു എന്നല്ലാതെ…
: സ്വാർത്ഥതയ്ക്ക് ആരും വിടുതി നൽകുന്നില്ല..
ഓരോ ചുമടുതാങ്ങിയും അവശരുടെ ജീവിതഭാരം
താങ്ങാനാകിലെന്ന നിലപാടിൽ കല്ല് പോലുറച്ചു നിന്നു:
അവറ്റകളെയെല്ലാം ആട്ടിയകറ്റി…
പക്ഷേ
ജീവിത ഭാഗധേയതിനായി
കനപെട്ട മനസ്സോടെ നിരാലാംബരായി
ഇരുട്ടിലൂടെ മുന്നോട്ട് പോകേണ്ടത്,
മുറിവേറ്റ ഓരോ ആത്മാവിന്റെ
ആവശ്യം ആയിരുന്നു…
വിദൂരമായ നാളെയിൽ നിന്നും
വിജയത്തിന്റെ ഒരു കാട്ടുപ്പൂവ് എങ്കിലും
പറിച്ചെടുക്കുവാൻ…
ആ ഇത്തിരി സുഗന്ധവും
മണത്തു മണത്തു പിന്നെയും ജീവിക്കാൻ……
അതെ
സന്ധ്യയ്ക്ക് കൂടണയുന്ന കറുത്തപക്ഷിയുടെ
തളർന്ന ചിറകടിക്കും
ദൂരെ
കൂടെന്ന ശുഭപ്രതീക്ഷയുടെ
ഉന്മേഷം നിറഞ്ഞ ഊർജ്ജമുണ്ട്…
അത് നൽകുന്ന കർമ്മനിരതയുടെ
നേരായ ദിശാബോധമുണ്ട്…..

S. വത്സലാജിനിൽ

By ivayana