രചന : ടിന്റു സനീഷ് ✍
ഇതായാളുടെ ഓർമദിവസം മാത്രമാണോ…
അല്ല, താൻ അയാളുടെ വിധവയായി മരിച്ച് ജീവിച്ചത് കഴിഞ്ഞ ഇരുപതു വർഷങ്ങൾ..
തന്നെ സംബന്ധിച്ച് അയാൾ ഒരു ഭർത്താവ് മാത്രമായിരുന്നോ..
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കൈപിടിച്ചിറങ്ങിയ മനുഷ്യൻ…
തനിക്ക് സ്നേഹം മാത്രം നൽകിയ തന്റെ മാത്രം മനുഷ്യൻ…
അയാളോടൊപ്പമുള്ള അഞ്ചു വർഷങ്ങൾ… അയാൾക്കു പകരമാവാൻ മറ്റാർക്കും സാധിക്കില്ലെന്ന തിരിച്ചറിവിൽ കഴിഞ്ഞ വർഷങ്ങൾ, എല്ലാം ഇന്നലെ എന്നോണം ഇന്നും നെഞ്ചോടു ചേർന്ന് കിടക്കുന്നു…
അയാൾക്ക് പകരമാവാൻ മറ്റാർക്കാണ് കഴിയുക… അയാളിൽ എപ്പോഴും സ്നേഹം മാത്രമേ മുന്നിട്ടു നിന്നിട്ടുള്ളു…
എന്നും തന്നെ ശാസിക്കുന്നത് പോലും സ്നേഹത്തോടെ മാത്രമേ ചെയ്തിട്ടുള്ളു..
അവസാന ശ്വാസത്തിലും തന്റെ പേര്
പറഞ്ഞു മരിച്ച മനുഷ്യൻ.. തനിക്ക് വേണമെങ്കിൽ കൂടെ മരിക്കാമായിരുന്നു
എന്നിട്ടും താൻ ഇന്നും ജീവിച്ചിരിക്കുന്നത്… അയാളുടെ സ്വപ്‌നങ്ങൾക്ക് വേണ്ടി മാത്രമാണ്…
അയാൾ തനിക്കൊപ്പമില്ലെന്ന് താൻ വിശ്വസിക്കുന്നേയില്ല..
ഇന്നും അയാൾ തനിക്കൊപ്പമുണ്ട്..
കുളികഴിഞ്ഞു വരുമ്പോൾ മുടിയിലെ ഈറൻ കളയാത്തതിന് തന്നെ വഴക്കു പറയാറുണ്ട്..
ഇതൊന്നും ആർക്കും പറഞ്ഞാൻ മനസ്സിലാവില്ല..
സ്നേഹമെന്ന് പറയുന്നത് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന വിശ്വാസമാണ്..
എന്റെ സ്നേഹം അയാളാണ്…
ഇന്ന് ജൂൺ 20
സ്നേഹിച്ച് കൊതിതീരും മുൻപ് അടർന്നു പോയ അയാൾക്ക് വേണ്ടി…
ഞാനിന്ന് കെട്ടു സാരിയെടുത്തു.. വളരെ ഭംഗിയായി,അണിഞ്ഞൊരുങ്ങി.. ഇരുളും വരെ അയാൾക്കരികിൽ, സെമിത്തേരിയിലെ ജാക്കരന്ത പൂക്കൾക്കിടയിലിരുന്നു….💕💕💕