രചന : താഹാ ജമാൽ ✍
പറയൂ നിനക്കോർമ്മകൾ
പൂക്കും നിമിഷത്തിൽ, ഇന്നീ
നേരത്തെന്തെങ്കിലും പറയൂ
വിഷാദബോധങ്ങൾ പിടികൂടും
നിലാവത്ത്, നിമിഷങ്ങൾ
മാഞ്ഞുപോം നിഴലത്ത്
കിനാവുകൾ തിരയും
തീരത്തിരുന്നു നീ
പറയൂ പ്രിയേ
എന്തെങ്കിലും പറയൂ
ബന്ധുരമാകുന്ന ചിന്തകൾ
നിന്നിൽ നിരന്തരം എന്നെക്കുറിച്ചുള്ള
ചിന്തകൾ വന്നു മിഴിച്ചു നോക്കുന്നതും.
കാറ്റിന്റെ കൈകൾ നിനക്കായി
താരാട്ടുതീർത്തതും
എന്നിൽ പൂക്കും ചിന്തകൾ
നിന്നെക്കുറിച്ച്
വക്കുകളെഴുകുമ്പോൾ
ഉള്ളിൽ പിടയുന്ന
മധുര നൊമ്പര കിനാവുകൾ,
നമ്മുടെ നാളകൾ
കാലം ചുറ്റി വരുന്ന വസന്തങ്ങൾ
പാട്ടുപാടും കിളികൾ
നമ്മെ പ്രണയിച്ച പ്രകൃതി
നിമിഷങ്ങൾ
അതിരുകാക്കുന്ന വാക്കിൻറെ
വാതായനങ്ങളിൽ ചെന്നു നാം
പരസ്പരം കുറ്റപ്പെടുത്തുന്നു
കെട്ടിപ്പിടിക്കുന്നു
ചുംബനം കൊണ്ട്
പുലർകാലം തീർക്കുന്നു.
ഇല്ല എന്നിൽ മരിക്കാത്ത
ചിന്തകൾ നിന്നിൽ പൂക്കാതെ
നാം തമ്മിൽ പരസ്പരം
രണ്ടതിരിലെ ഒറ്റ നിഴലുകൾ,
എന്തെങ്കിലും പറയൂ
മരിക്കാൻ സമയമില്ല
ജീവിക്കാൻ പുലരി തേടി
നിമിഷമതേറ്റുപാടി
ജീവിതം തീർക്കുമ്പോൾ
നിൻ മൗനമെൻ
ഹൃദയത്തിൽ അമ്പായ് തറയ്ക്കുന്നു
എന്തെങ്കിലും പറയൂ
പരസ്പരം പുണരാം നമുക്കന്യോന്യം
നിഴലു നോക്കുന്നു നമ്മെ
പരസ്പരം കരയുന്നവർ
അകലേയ്ക്ക് മറയുന്നു.