ഒരു പ്രകൃതി ദുരന്തത്തിൽ , വെള്ളപ്പൊക്കത്തിൽ, മലയിടിച്ചിലിൽ ഞെട്ടലും നടുക്കവും ദുഖവും ഉണ്ടാവുന്നതു വളരെ മനുഷ്യസഹജമാണു .
വിവാദപരമായ കാര്യങ്ങൾ മാറ്റി വെച്ചു സർക്കാറിനും പോലീസിനും സന്നദ്ധ സംഘടനകൾക്കും ദുരിത്വാശ്വാസ പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകേണ്ടതു ഒരോ പൗരന്റേയും കടമയും ഉത്തരവാദിത്വവും ആണു .
ഈ ദുരന്തത്തിൽ ഇതു വരെ ജീവൻ നഷ്ടപ്പെട്ട ഒരോ മനുഷ്യർക്കും ആദരാഞ്ജലികൾ …അവരുടെ കുടുംബത്തോടു ഐക്യ ദാർഡ്യവും .
അതെ സമയം ഇത്തരം പ്രകൃതി ദുരന്തങ്ങൾ അടിക്കടി ഉണ്ടാവുന്നതിന്റെ കാരണങ്ങളും അതിൽ സർക്കാർ എന്തു പങ്കു വഹിച്ചു എന്നു ചോദിച്ചാലുടൻ
ആരും ഒരക്ഷരം മിണ്ടിപ്പോവരുതു എന്നോ അതെല്ലാം ഒരു ദുരന്തത്തിൽ സന്തോഷം കണ്ടുപിടിക്കുകയാണു എന്നോ ഉള്ള ദുർവ്യാഖ്യാനം വെറും രാഷ്ട്രീയ വിധേയത്വവും അടിമത്വ മനോഭാവവും കൊണ്ടു മാത്രം ആണു …
ഡോ .വീ .എൻ .ഗാഡ്ഗിൽ എത്രയോ തവണ മുന്നറിയിപ്പു നൽകിയ ഒരു കാര്യം ആണു ഇപ്പോൾ അടിക്കടി സംഭവിച്ചു കൊണ്ടിരിക്കുന്നതു …കഴിഞ്ഞ പ്രളയം ഉണ്ടായപ്പോൾ ആദ്യം അദ്ദേഹം നടത്തിയ പ്രതികരണം
” ഇതു മനുഷ്യനിർമ്മിതം ആയ , ഒഴിവാക്കാൻ പറ്റുമായിരുന്ന ഒരു ദുരന്തം “
ആണെന്നായിരുന്നു . അതിന്റെ അർഥം ഡാമുകൾ തുറന്നു വിട്ടു എന്നല്ല അദ്ദേഹം ഉദ്ദേശിച്ചതു …താൻ ഒരിക്കൽ പ്രവചിച്ചതു പോലെ ഒരു വൻ ദുരന്തം ഉണ്ടായപ്പോൾ
” അപ്പോഴെ ഞാൻ പറഞ്ഞില്ലെ …പ്രളയം ഉണ്ടായില്ലെ ” എന്നു പറഞ്ഞു സന്തോഷിക്കുകയും അല്ല .മറിച്ചു താൻ പറഞ്ഞതൊക്കെ പുല്ലു വില നൽകി തള്ളിക്കളഞ്ഞ സർക്കറുകളോടുള്ള അദ്ദേഹത്തിന്റെ പ്രതിഷേധവും ദുഖവും രേഖപ്പെടുത്തുകയായിരുന്നു.
അദ്ദേഹം നൽകിയ സുദീർഘമായ റിപ്പോർട്ട് നടപ്പാക്കുന്നതിൽ മാറി മാറി വന്ന സർക്കാറുകൾ എന്തു നിലപാട് സ്വീകരിച്ചു ?
എത്ര അനധികൃത ക്വാറികൾക്കു ഈ സർക്കാറുകൾ മൗനാനുമതി നൽകി ?
അനധികൃത കയ്യേറ്റവും മണ്ണെടുപ്പും തടയാൻ ഈ സർക്കാറുകൾ എന്തു നടപടി സ്വീകരിച്ചു ?
മൂന്നാർ കയ്യേറ്റത്തിനും പ്രത്യേക ദൗത്യ സേനക്കും എന്തു സംഭവിച്ചു ?
എങ്ങിനെയാണു ഒരു പരിസ്ഥിതി ദുർബല പ്രദേശത്ത് ബഹുനില കെട്ടിടങ്ങൾ ഉയരുന്നതു ?
ഒരോ ദുരന്തത്തിലും മരിക്കുന്നവർ എല്ലാം വെറും സാധാരണക്കാർ അല്ലേ ? ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ഡോ .ഗാഡ്ഗിൽ നിർദ്ദേശിച്ച എത്ര നടപടി കഴിഞ്ഞ പത്തു വർഷത്തിൽ സർക്കാറുകൾ സ്വീകരിച്ചു ?
ഇതു യൂ ഡീ എഫ് ഉം എൽ ഡീ എഫ് ഉം പരസ്പരം ചെക്ക് പറഞ്ഞു കളിക്കാനുള്ള ഒരു രാഷ്ട്രീയ വിഷയം അല്ല …
കഴിഞ്ഞ രണ്ടു ദശകങ്ങൾ ആയി പ്രകൃതിയോടു ചെയ്ത ദ്രോഹങ്ങൾ തിരിച്ചു വരികയാണു …അതു പ്രകൃതി പലിശ സഹിതം തിരിച്ചു നൽകി നിസ്സഹായരായ ജനങ്ങൾക്കു ജീവനാശം വരുത്തുകയാണു …
ഇരുട്ടു കൊണ്ടു ഓട്ട അടക്കുന്നതു പോലെ അതു ചെയ്യും …അതു പഠിക്കും ….വിദഗ്ധരെ നിയമിക്കും …ഡച്ചു സഹായം തേടും എന്നൊക്കെ പറയുകയും മറ്റു എല്ലാ പരിസ്ഥിതി ദ്രോഹ നടപടികൾക്കും ഒത്താശ ചെയ്യുകയും ചെയ്യുന്നതാണു ഈ ദുരന്തങ്ങൾ ആവർത്തിക്കാനുള്ള കാരണം എന്നു ഗാഡ്ഗിൽ റിപ്പോർട്ട് വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും …
രണ്ടു വലിയ പ്രളയങ്ങൾ കഴിഞ്ഞു …
നമ്മൾ എന്തെല്ലാം മുൻ കരുതൽ എടുത്തു ?
റെഡ് സോണുകൾ ആയി അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ പോലും ക്വാറികൾ അതിനു ശേഷവും അനുവദിച്ചില്ലെ ?
നിർമ്മാണ പ്രവർത്തനങ്ങൾ നിർബാധം നടക്കുന്നില്ലെ ?
മൂന്നാർ പോലെയുള്ള പട്ടണങ്ങളിൽ കയ്യേറ്റവും നിർമ്മാണവും നടക്കുന്നില്ലെ ? ഇതൊന്നും സർക്കാർ അറിയാതെയാണോ ?
ഇനിയും എത്ര കാലം നിഷ്ക്രിയരായി ഒരോ പ്രളയം വരുമ്പോഴും പഠിക്കും …നേരിടും …ഒറ്റക്കെട്ടായി നേരിടും എന്നു പറയാതെ
ഗാഡ്ഗിൽ റിപ്പോർട്ട് വെള്ളം ചേർക്കാതെ അതേ പടി നടപ്പാക്കാൻ ഈ സർക്കാറിനു , അല്ലെങ്കിൽ അടുത്ത സർക്കാറിനു ധൈര്യം ഉണ്ടോ എന്നതാണു നാം ഒരോരുത്തരും ചോദിക്കേണ്ട ആദ്യ ചോദ്യം ..