ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ലക്ഷക്കണക്കിനു കുരുന്നുകള്‍ പുത്തനുടുപ്പും പുത്തന്‍കുടയും പുത്തൻ പുസ്തകസഞ്ചിയും തൂക്കി പുത്തന്‍പ്രതീക്ഷകളുമായി അറിവിന്റെ പടവുകൾ തേടി കലാലയങ്ങളിലേക്ക്….
അഞ്ജതയുടെ ഇരുട്ടിൽ നിന്ന് അറിവാകുന്ന വെളിച്ചത്തിലേക്കുള്ള പടികയറുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി കൈയിലുള്ള വെളിച്ചം പകരുന്നതിനായി അദ്ധ്യാപകരും.
ഓരോ നാട്ടകത്തിന്റെയും ദേവീദേവസ്ഥാനങ്ങളിലുള്ള ഒറ്റപ്പെട്ട പൂരങ്ങൾക്കുശേഷംവരുന്ന പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനുശേഷം ഭാർഗ്ഗവക്ഷേത്രത്തിന്റെ ഇലഞ്ഞിത്തറയിലെ മഹാപൂരം, കലാലയപ്രവേശനോത്സവപൂരം!
പഞ്ചവാദ്യവും ഘോഷയാത്രയും മിഠായിയും പായസവും ബലൂണും കരച്ചിലും പിഴിച്ചിലും കൂടെ ഇടപ്പാതിയും ഇങ്ങനെ പ്രവേശനോത്സവവും…
അക്ഷരമുറ്റത്തെ നന്മമരത്തണലിൽ ഇടവപ്പാതിനനഞ്ഞിരിക്കുന്ന സരസ്വതീദേവി എല്ലാക്കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ…
അക്ഷരവീഥിയിലെ ആദ്യനാളിലേക്കുപോകുന്ന എല്ലാക്കുരുന്നുകള്‍ക്കും കലാലയാരംഭദിനയാശംസകൾ!!

അഴിച്ചവെച്ചവേഷം വീണ്ടുമണിയാൻ കൊതിക്കുന്ന ഒരു സ്കൂള്‍കുട്ടി ഇപ്പോഴും എല്ലാവരുടെയും മനസ്സിലുണ്ടാകും. കുട്ടിക്കൂറ കുപ്പിയില്‍ ഇട്ടുവെച്ചിരുന്ന നാണയത്തുട്ടുകളുടെ സുഗന്ധംപോലെ. കലാലയഭൂതകാലത്തിന്‍റെ ഒളിമങ്ങാത്ത കുറെ നല്ലയോര്‍മ്മകള്‍..?
ഇന്നത്തെപ്പോലെ പ്രവേശനോത്സവങ്ങളും വർണ്ണപ്പൊലിമയുള്ള ബാഗും കുടയുമില്ലാതിരുന്ന നിറപ്പകിട്ടില്ലാത്ത കാലം.
ഇന്നത്തേക്കാൾ ആർത്തലച്ചു മഴപെയ്യുന്ന ഒരുകാലത്ത് നനഞ്ഞൊട്ടി ഏറെ ദൂരം നടന്ന് സ്കൂളിൽ പോയിരുന്നത് ഇന്നും നിറമുള്ള ഓർമ്മകൾ.
ആരോ പഠിച്ചുജയിച്ച പഴയപുസ്തകങ്ങള്‍ നെഞ്ചോടുക്കിപ്പിടിച്ചു സ്കൂളിലേക്കു പോയിരുന്നകാലം. അക്ഷരം അറിവിനും ആത്മബലത്തിനും അമൂല്യമായ ആയുധമാണെന്ന് അന്ന് അറിഞ്ഞുകൂടായിരുന്നെങ്കിലും ആ പുസ്തകങ്ങളെ നെഞ്ചോടുക്കിപ്പിടിച്ചിരുന്നു….
പുത്തനുടുപ്പില്ലാതെ, പുത്തന്‍ സ്ലേറ്റില്ലാതെ, പുത്തന്‍ പെൻസില്ലാതെ, പുത്തന്‍ കുടയുമില്ലാതെ, സ്കൂളിലേക്ക്, മഴത്തുള്ളികളെ ചവിട്ടിതെറിപ്പിച്ച്, പാടവരമ്പിലൂടെ മഴനനഞ്ഞെരു യാത്ര?
സ്കൂളിലേക്കുള്ള ഇടവഴികളും മണ്‍പാതയും പാടവരമ്പും കുളവും കൈത്തോടുകളും ഒറ്റത്തടിപ്പാലവും കാടുപിടച്ച കാവും പള്ളിയും പള്ളിമുറ്റവും ഓരോ പാഠങ്ങളായിരുന്നു..!
സ്കൂളിലേക്കുപോകുംവഴിയുള്ള പൂവും പൂമ്പാറ്റയും പച്ചിലപ്പുഴുക്കളും തൊടുമ്പോള്‍വാടുന്ന തൊട്ടാവാടിയും തൊട്ടാല്‍ച്ചൊറിയുന്ന പച്ചിലയും മുറിവുകളിലെ മുറിവൈദ്യനായ കമ്മ്യൂണിസ്റ്റ്പച്ചയും ഓരോരോ അറിവുകളായിരുന്നു..!
സ്കൂള്‍വഴികളിലെ പാണല്‍പ്പഴങ്ങളും ചെത്തിപ്പഴങ്ങളും പള്ളിമുറ്റത്തെ മാവുപൂക്കുന്നതും കണ്ണിമാങ്ങ പൊഴിയുന്നതും മധുരമുള്ള പുളിയും കമര്‍പ്പും ഉപ്പുമായിരുന്നു..!
സ്കൂള്‍മുറ്റത്തെ, പാലപൂക്കുന്നതും ഞാവല്‍പ്പഴങ്ങള്‍ നീലയ്ക്കുന്നതും ചന്ദനമരത്തില്‍ തളിരുകള്‍ വരുന്നതും തണലുള്ള നിറക്കാഴ്ചകളായിരുന്നു..!
നിലാകാശത്തിനുതാഴെ സൂര്യവെളിച്ചത്തില്‍ വാക്കുകള്‍പൂക്കുന്ന സുഗന്ധമഴപെയ്യുന്ന വിസ്മയക്കാഴ്ചകള്‍ കണ്ടുനടന്ന കാലം!
മലയും പുഴകളും പൂക്കളും പറവയും പുഴുക്കളും പരമസൂക്ഷ്മാണുക്കളും പ്രകൃതിയും അച്ഛനുമമ്മയും ഗുരുവര്യന്മാരും എല്ലാം വിജ്ഞാനവിളഭൂമിയായി കണ്ടിരുന്ന കാലം!
ആ യാത്ര അന്നംതേടുവാനുള്ള മാർഗ്ഗത്തിലേക്കുള്ള സാഹസിഹയാത്രയായിരുന്നെന്ന് അന്ന് അറിഞ്ഞിരുന്നില്ല!
അന്നൊക്കെ ഗുരുനാവില്‍നിന്നാല്ലാതെ പഠിച്ചൊരു സത്യമുണ്ട്, ‘ജീവിതവും സമയവും’!. സമയത്തിന്‍റെ വില ജീവിതവും ജീവിതത്തിന്‍റെ മൂല്യം സമയവും നമ്മെ പഠിപ്പിച്ചിരുന്നു..!
ഇപ്പോഴും മനസ്സിലെവിടയെക്കയോ, ഓടിക്കളിച്ച സ്കൂള്‍മുറ്റവും അടിപിടികൂടിയ കളിമൈതാനവും കൂകിയാര്‍ത്തൊച്ചവെച്ച ക്ലാസ്സുമുറികളും ഒന്നാംമണിയും രണടാംമണിയും കൂട്ടമണിയും എല്ലാം ഇന്നലത്തെപ്പോലെ…!!

വിജയൻ കുറുങ്ങാട്ട്

By ivayana