രചന : തോമസ് കാവാലം✍
നല്ലൊരുലോകംകണ്ടാനന്ദിക്കാൻ
നല്ലവരൊത്തതു പങ്കിടുവാൻ
നന്മമരങ്ങളായ് തീർന്നീടുവാൻ
സന്മനസ്സോടെയിന്നൊത്തുചേരാം.
അമ്മ മനസ്സിന്റെയാഹ്ലാദവും
കണ്മണിമാരുടെയാനന്ദവും
തുള്ളിതുളുമ്പുന്നുമാരിപോലെ
ഉള്ളു കുളിരുന്നു കോടപോലെ.
അമ്മ മനസ്സുകളായിരങ്ങൾ
അജ്ഞത നീക്കുന്ന, യധ്യാപകർ
അമ്മിഞ്ഞപ്പാലുപോൽ നൽകീടുന്നു
അറിവിന്നമൃതാ,മാനസത്തിൽ.
കണ്ണുതുറപ്പിക്കും അക്ഷരങ്ങൾ
കണ്ണുകൾക്കഞ്ജനമെന്നപോലെ
ഉള്ളുതുറപ്പിക്കും,സ്നേഹസൂര്യൻ
ഉള്ളിലുദിപ്പിക്കും ഉണ്മ നൽകി
വിണ്ണിന്റെവിജ്ഞാന വിരുന്നുകൾ
വിസ്മയപൂർവ്വം വിളമ്പിയുണ്ണാം
മന്നിന്റെ വേദന കണ്ടറിയാം
മാറോടു ചേർക്കാം സതീർത്ഥ്യരെയും.
ആകാശംപോലെ,യറിവുനേടാം
ആശ്വാസമാകാം മരുന്നുപോലെ
വിശ്വാസദീപ്തി,യുയർത്തി വയ്ക്കാം
വിശ്വത്തിനെന്നുമേ മാതൃകയാം.
മണ്ണിനു മഴയെന്നതുപോലെ
കണ്ണിനു കണ്മണിയെന്നപോലെ
പുതിയ പാഠങ്ങൾ നേടണം നാം
പടവുകളേറെ കയറണം.