രചന : ഠ ഹരിശങ്കരനശോകൻ✍
പെൻഷൻ വരാൻ വൈകിയ ഒരു കിഴവിയൊടൊപ്പമാണ് ഇടശ്ശേരി ബാങ്കിലെത്തിയത്
കണ്ടെത്തി പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഏതൊ സാങ്കേതികകാരണത്താൽ വൈകി കൊണ്ടെയിരുന്ന പെൻഷൻ ആ കിഴവിയെ ബാങ്കിനും പഞ്ചായത്താപ്പീസിനുമിടയിലൂടെ ഇട്ടോടിക്കുകയായിരുന്നു
കൈ ശുചിയാക്കിയ ശേഷം ഇടശ്ശേരിയും കിഴവിയും കൂടി അകത്ത് കടന്നു
ഇടശ്ശേരി എന്നെ നോക്കി വിദൂരമായൊരു വരണ്ട പരിചയം മാത്രം കാണിച്ചു
നരച്ച് കൊരച്ച ആ കിഴവിയുടെ ശരീരം വിറച്ച് കൊണ്ടെയിരുന്നു
ഊർന്നൂർന്ന് പോരുന്ന അവരുടെ മുഖാവരണം ഇടശ്ശേരി ഇടയ്ക്കിടയ്ക്ക് ശരിപ്പെടുത്തുന്നുണ്ടായിരുന്നു
ഫോം പൂരിപ്പിക്കാൻ ചൊവ്വില്ലാത്ത ചില കുട്ടികൾക്ക് എഴുതി കൊടുക്കാനും പരിചയക്കാരോട് ഒരു അകലം പാലിച്ച് കുശലം പറയാനും അദ്ദേഹം മടിച്ചില്ല
ടോക്കൺ വിളിക്കാൻ വൈകുന്നത് കണ്ട കിഴവി അസ്വസ്ഥയാവുകയും എന്തൊക്കെയൊ വിളിച്ച് പറയാൻ വെമ്പി അണച്ച് ശ്വാസം മുട്ടുകയും ചെയ്തു
ഇടശ്ശേരി അവരെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നുണ്ടായിരുന്നു
ടോക്കൺ വിളിച്ച് വന്നപ്പൊഴെക്കും ആ സ്ത്രീ മരിച്ച് പോയിരുന്നു
ഞങ്ങൾ ബാങ്കിലുണ്ടായിരുന്നവരത്രയും അവരുടെ ശവത്തിന് ചുറ്റും കൂടി നിന്നു
ആളുകൾ ഓരോന്ന് പറഞ്ഞ് ബഹളം തുടങ്ങി
എനിക്ക് വെപ്രാളമായി
ടോക്കൺ വിളിക്കാൻ വൈകിയതിന് ഞാൻ ഇടശ്ശേരിയെ മാറ്റിനിർത്തി മാപ്പ് പറഞ്ഞു
മുഖാവരണത്തിന് മുകളിലൂടെ ഇടശ്ശേരിയെന്നെ നോക്കി
“ജീവിച്ചിരുന്ന കാലത്ത് അരിക്കാശിനും മഷിക്കാശിനും പിന്നെ അദ്ധ്വാനത്തിൻ്റെ രുചിയറിയാനും ഞാനൊരു വക്കീൽ ഗുമസ്തനായിരുന്നു
കണ്ടെത്തി പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള സാങ്കേതികകാരണങ്ങളാൽ നീതി വൈകുന്നത് ഞാൻ യഥേഷ്ടം കണ്ടറിഞ്ഞതാണ്
അതൊക്കെയും മാറ്റിത്തീർക്കാനുള്ള കെടുതിയോർത്താൽ വ്യസനിക്കലാണെളുപ്പം
പക്ഷേ അങ്ങനെയൊരു വ്യസനം ഹേതുവായ് അടുത്ത ടോക്കണും ഇനി വൈകരുതെന്ന് മാത്രം”
ഇത്ര മാത്രം പറഞ്ഞ് തൻ്റെ കീറ്റമുണ്ടൊന്നുകൂടി മുറുക്കി ഉടുത്ത് കിഴവിയുടെ അവതാളശരീരവും തോളിലിട്ട് ഇടശ്ശേരി നിർദ്ദയം കടന്ന് പോയി
ഏതെങ്കിലുമൊരു ബാറിൽ വെച്ച് കണ്ട് മുട്ടണമെന്നാണ് ആഗ്രഹിച്ചിരുന്നത്
പക്ഷേ കണ്ടില്ല
ഉദ്യാനത്തിലുലാത്തുന്ന പെൺകുട്ടിയൊട് ചോദിച്ചു
അവൾ അങ്ങനെയൊരാളെ ശ്രദ്ധിച്ചിരുന്നില്ല
കഞ്ചാവ് വലിക്കാരുടെ ഗുദാമുകളിലും ക്ഷയരോഗികളുടെ ആശുപത്രികളിലും തിരക്കി
വന്ന് പോയിരുന്നതായും മരിച്ച് പോയതായും മാത്രം ഉത്തരം കിട്ടി
മാദകത്തിടമ്പുകൾ മുറുക്കി കെട്ടിയ മാറണിക്കച്ചകളിലും ഈർപ്പം മാറാത്ത ഒന്നരകളിലും പരതി നോക്കി
ഒരു മീശരോമം പോലും തടഞ്ഞില്ല
പാതിമയക്കങ്ങളുടെ ഗന്ധർവ്വസ്വപ്നങ്ങൾ തിരിച്ചും മറിച്ചും പോലവുരു കണ്ട് നോക്കി
കാണിച്ച് കാണിച്ച് ഗന്ധർവ്വന്മാർ പോലും മടുത്ത് പോയി
ഇടപ്പള്ളി രാഘവൻ പിള്ളയെ കണ്ടപ്പൊൾ ആളെ അന്വേഷിച്ചതായ് പറയാൻ പറഞ്ഞേൽപ്പിച്ചു
വിഷാദശോണിമ കവിഞ്ഞ മറ്റൊരു സന്ധ്യയിലൂടെ അയാൾ നടന്ന് മാഞ്ഞു
നടുവിൽ, പഴയൊരു വായനശാലയ്ക്കുള്ളിൽ പുസ്തകനിരകളുടെ മുന്നിൽ ഒടിഞ്ഞ വടിവിൽ നിന്ന് നോട്ടുപുസ്തകത്തിൽ എന്തൊ കുറിക്കുന്നൊരാളെയാണ് കണ്ടത്
വട്ടക്കണ്ണടകൾക്ക് പിറകിലെ കണ്ണുകൾ കനം തൂങ്ങിയിരുന്നു
എഴുതി തീർന്നപ്പൊൾ നോട്ടുപുസ്തകം നീട്ടി യാചനാമയനായ് ചിരിച്ചു
ഒരുവേളയിതൊന്ന് വായിച്ച് നോക്കൂ അജ്ഞാതനായ പ്രിയസുഹൃത്തേ
ഒരു വശത്ത് ചാൻ ഫാൻ ഷെൻങ്ങ് എഴുതിയ ഒരു കവിതയുടെ ആംഗലേയതർജ്ജിമ പകർത്തിയെഴുതിയിരുന്നു
മറുവശത്തതിൻ്റെ മലയാളത്തിലേക്കുള്ള സ്വതന്ത്രപരിഭാഷയുമുണ്ടായിരുന്നു
ആ പരിഭാഷാസംഭവം സാമാന്യം നല്ല ബോറായിട്ടുണ്ടായിരുന്നു
അത് പറഞ്ഞില്ല
പകരം ഏതെങ്കിലുമൊരു ബാറിൽ വെച്ച് കണ്ട് മുട്ടണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്ന വസ്തുത തെല്ലൊരാരാധനയോടെ പറഞ്ഞു
ചൂടാറാത്ത തൻ്റെ കൃതിയ്ക്ക് ഒരു അഭിനന്ദനം മാത്രം പ്രതീക്ഷിച്ച് നിന്ന ചങ്ങമ്പുഴ കുസുമമഞ്ജരിയിലൊരു മുഴുത്ത തെറിയാട്ടി നോട്ടുപുസ്തകവും തട്ടിപ്പറിച്ച് തിരിഞ്ഞ് നടന്നു
അമ്പിളിയമ്മാവനോടൊപ്പം നിളാ തീരത്ത് മലർന്ന് കിടക്കുകയായിരുന്നു
അതങ്ങനെയൊരു മകരമാസം
വഴിക്കടവ് ബസിലാണ് വന്നത്
ചെറുതുരുത്തിയിലിറങ്ങി വലിയൊരു നിഴൽരൂപമായ് പി ഞങ്ങളെ സമീപിച്ച് കൊണ്ടെയിരുന്നു
അതൊരറഞ്ഞ വരവായിരുന്നു
ആ വരവ് കണ്ടതൊടെ അമ്പിളിയമ്മാവനിലെ കളങ്കത്തിന് ഇരിക്കപ്പൊറുതിയില്ലാതായി
കളങ്കം ഒരു മുയലായ് മാറി ആ രാത്രിയിലൂടെ ഒളിച്ചോടി
പി കുറച്ചടുത്തെത്തിയപ്പൊഴെക്കും അമ്പിളിയമ്മാവൻ ഏതാണ്ടൊരു പൂർണ്ണതയൊടെ കളങ്കമറ്റ് പ്രകാശിക്കാൻ തുടങ്ങി
പാലക്കാടും തൃശൂരും പിന്നെ കോയമ്പത്തൂരും വരെ നീലയും മഞ്ഞയും കലർന്ന ആ പ്രകാശം പടർന്ന് പിടിച്ചു
കോഴികളും കുരുവികളും കൂവി വിളിച്ചു
പ്ലാവുകളും മാവുകളും കൊന്നകളും തുമ്പകളും ഋതുഭേദമില്ലാതെ പൂത്തു
എങ്ങുമെങ്ങും മെതിച്ചിട്ട കച്ചിയുടെ മാദകഗന്ധം പടർന്നു
ആളുകൾ വീട് വിട്ട് പുറത്തിറങ്ങി ഉല്ലസിച്ചു
ഓരോരുത്തരും അവരവർക്കറിയാവുന്ന പാട്ടുകൾ പാടി
ആട്ടങ്ങൾ ആടി
നീലയും മഞ്ഞയും കലർന്ന ആ പ്രകാശം പിന്നെ കന്യാകുമാരി മുതൽ മംഗലാപുരം വരെയും പടർന്ന് പിടിച്ചു
പി അടുത്തടുത്ത് വന്നപ്പൊൾ എതിർദിശയിൽ നിന്നും മറ്റൊരു ഭീമാകാരരൂപം കൂടി പ്രത്യക്ഷപെട്ടു
അവർ മുഖാമുഖം നിന്നു
മഹാബലിയെ കൂടി കണ്ടതൊടെ അമ്പിളിയമ്മാവനും ഞാനും സകൗതുകം എഴുന്നേറ്റിരുന്നു
പറ്റിച്ചതാണല്ലെ
മഹാബലി പിയൊട് പരിഭവം ഭാവിച്ച് പറഞ്ഞു
അതൊരു വാത്സല്യപ്രകടനം മാത്രമായിരുന്നു
പക്ഷേ പി അത് കാര്യമാക്കിയെടുത്തു
പി വ്യസനിച്ചു
ഓണമാണെന്നോർത്ത് പാതാളം വിട്ട് പോന്ന മഹാബലിയ്ക്കുണ്ടായ ബുദ്ധിമുട്ടോർത്ത് പശ്ചാത്താപവിവശനായി
ലോകനിയമങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ തനിക്ക് മേലെ വന്ന് ഭവിക്കാവുന്ന കുരുത്തക്കേടോർത്ത് വാവിട്ട് കരഞ്ഞു
ആ വലിയ കവിളുകളിലൂടെ കുടാ കുടാ കണ്ണീരൊഴുകി
മഹാബലിയുടെ ചേർത്ത് പിടിക്കലുകളിൽ നിന്നും കുതറി നിലത്താഞ്ഞ് ചവിട്ടിയ പി തിരിച്ച് നടക്കയും അമ്പിളിയമ്മാവനെ വിട്ട് പോയ കളങ്കം സമസ്തപ്രപഞ്ചങ്ങളെയും ഗ്രസിച്ച് കൊണ്ട് പുനരാവിർഭവിക്കയും ചെയ്തു.