കരിപ്പൂർ വിമാനത്താവളം സുരക്ഷിതമല്ലെന്നും മഴക്കാലത്ത് ലാൻഡിങ് അനുവദിക്കരുതെന്നും വർഷങ്ങൾക്ക് മുൻപേ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രവ്യോമയാനമന്ത്രാലയം നിയോഗിച്ച സുരക്ഷാ ഉപദേശക സമിതിയിൽ അംഗമായ ക്യാപ്റ്റൻ മോഹൻ രംഗനാഥനാണ് ഒൻപതുവർഷം മുന്നറിയിപ്പ് നൽകിയത്. മംഗലാപുരം വിമാന അപകടത്തിന് പിന്നാലെ നൽകിയ ഈ മുന്നറിയിപ്പുകളൊന്നും മുഖവിലയ്ക്കെടുത്തില്ല എന്നാണ് വെള്ളിയാഴ്ച നടന്ന അപകടം തെളിയിക്കുന്നത്.

”മംഗലാപുരം വിമാന അപകടത്തിന് ശേഷം നൽകിയ എന്റെ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. കരിപ്പൂരിലേത് ടേബിൾ ടോപ്പ് റൺവേ.. റൺവേ അവസാനിക്കുന്നിടത്തെ ബഫർ സോൺ പര്യാപ്തമല്ല”- ക്യാപ്റ്റൻ മോഹൻ രംഗനാഥിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. റൺവേ അവസാനിക്കുന്ന ഇടത്ത് 240 മീറ്റർ എങ്കിലും അധികം സ്ഥലം വേണ്ടതുണ്ട്. എന്നാൽ ഇവിടെ ഇത് 90 മീറ്റർ മാത്രമാണ്. റൺവേയുടെ ഇരുവശത്തും 100 മീറ്റർ അധികം സ്ഥലം വേണമെന്നാണ്. എന്നാൽ കരിപ്പൂരിൽ ഇത് 75 മീറ്റർ മാത്രമാണ്.- അദ്ദേഹം പറഞ്ഞു.

മഴക്കാലത്ത് ടേബിൾ ടോപ്പ് റൺവേയിൽ വിമാനമിറങ്ങുന്നതിന് പ്രത്യേക മാർഗനിർദേശങ്ങളൊന്നുമില്ല. 2011 ജൂൺ 17ന് അദ്ദേഹം വ്യോമയാന മന്ത്രാലയ സുരക്ഷാ ഉപദേശക സമിതി ചെയർമാനും വ്യോമയാന മന്ത്രാലയം സെക്രട്ടറിക്കും ഡിജിസിഎക്കും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. ” മതിയായ സുരക്ഷാ പ്രദേശം ഇല്ലാത്തതിനാൽ റൺവേ 10ന് അനുമതി നൽകരുത്. അധിക സുരക്ഷാ ഏരിയ 240 മീറ്ററാക്കണം. സുരക്ഷ ഉറപ്പാക്കുന്നവിധത്തിൽ റൺവേയുടെ നീളം ക്രമീകരിക്കണം”.- ക്യാപ്റ്റൻ മോഹൻ രംഗനാഥൻ ചൂണ്ടിക്കാട്ടി.

വിമാനം റൺവേക്കുള്ളിൽ നിർത്താനായില്ലെങ്കിൽ , അവസാനഭാഗത്ത് മതിയായ സുരക്ഷാ ഏരിയ ഇല്ല. ഐഎൽഎസ് ലോക്കലൈസർ ആന്റിന സഥാപിച്ച കോൺക്രീറ്റ് ഭാഗം കഴിഞ്ഞാൽ ചരിഞ്ഞ ഭൂമിയാണ്. ”മംഗലാപുരത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ട സംഭവത്തെ തുടർന്ന് റൺവേകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ എയർപോർട്ട് അതോറിറ്റി സ്വീകരിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്‌കരമാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് ഇറക്കാറെന്നും ദീപക് സാഠേ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത്.വിമാനം തകര്‍ന്നു വീണപ്പോള്‍ തീപിടുത്തം ഉണ്ടാകാതിരുന്നത് മൂലം വന്‍ ദുരന്തം ഒഴിവായതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും മഴ മൂലം വിമാനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിക്കാനായി അദ്ദേഹം ഇന്ന് കരിപ്പൂരിലെത്തും.കരിപ്പൂര്‍ വിമാനാപകടത്തെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണുന്നത്. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റെയ്‌നില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകൾ അന്വേഷണ സംഘം ശനിയാഴ്ച കണ്ടെടുത്തു. വിമാനത്തിൽ നിന്ന് ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും (സി.വി.ആർ) വീണ്ടെടുത്തതായി ഡി.ജി.സി.എ ഉദ്യോഗസ്ഥർ പറഞ്ഞു. .

വിമാനത്തിന്റെ ഉയരം, സ്ഥാനം, വേഗത എന്നിവയെക്കുറിച്ചും പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങളുടെ രേഖകളെക്കുറിച്ചും റെക്കോർഡറുകൾ വിവരങ്ങള്‍ സൂക്ഷിക്കുന്നു, IX-1344 ഫ്ലൈറ്റിന് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കാൻ ഇത് നിർണ്ണായകമാണ്.

ദാരുണ അപകടത്തിൽ മരിച്ചത് 18 പേർ. പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 18 പേരുടെ മരണം സ്ഥിരീകരിച്ചു. 123 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പൈലറ്റ് ഡി.വി. സാഠെ വ്യോമസേനയിൽനിന്നു വിങ് കമാൻഡറായി വിരമിച്ചയാളാണ്. അഖിലേഷ് കുമാറായിരുന്നു സഹ പൈലറ്റ്. വിമാനത്തിനുള്ളിൽ കുടുങ്ങിയവരെ ഉൾപ്പെടെ എല്ലാവരെയും രാത്രി 11 മണിയോടെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എയർപോർട്ട് കൺട്രോൾ റൂം നമ്പറുകൾ: 0483 2719493, 2719321, 2719318, 2713020, 8330052468.

By ivayana