ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

മക്കളൊക്കെ കളിചിരിയോടെ സ്കൂളിൽപോകുന്നു. എല്ലാ മക്കൾക്കും നല്ല ബാഗും കുടയും വാട്ടർ ബോട്ടിലും ചെരിപ്പും വസ്ത്രങ്ങളും…..
സന്തോഷകാഴ്ചയാണത്.അതിന് വേണ്ടി എത്രയോ മാതാപിതാക്കൾ ബുദ്ധിമുട്ടുകൾ സഹിച്ചുകാണും, എങ്കിലും മക്കൾക്കായി അവരത് സന്തോഷത്തോടെ സ്വീകരിക്കും.
മിനിയാന്ന് മോളുടെ വർക്ക് ചെയ്യാനായി കുറെയേറെ സാധനങ്ങൾ വാങ്ങാനായിട്ടാണ് സൂപ്പർ മാർക്കെറ്റിൽ എത്തിയത്. എന്റെ കൈയിൽ ആകെയുള്ളത് 750രൂപയാണ്, ക്രെഡിറ്റ്‌ കാർഡും.എനിക്കാണെങ്കിൽ ഗം ഉൾപ്പെടെ 400രൂപയുടെ അകത്ത് മാത്രമേ വേണ്ടിവരുള്ളൂ, അതുകൊണ്ട് ഇക്കയിൽനിന്നും അതേ വാങ്ങിയുള്ളു.ഈ സാധനങ്ങളൊക്കെ മക്കൾക്കും എന്റെ ചില project നും വാങ്ങി വാങ്ങി അതിന്റെ വിലനിലവാരം നല്ലതിട്ടമാണ്.


സാധനങ്ങളൊക്കെ വാങ്ങി കൗണ്ടറിൽ എത്തുമ്പോൾ അതിന് 50%ഡിസ്‌കൗണ്ട്. ആഹാ 156രൂപയെ ആയുള്ളൂ.പെട്ടെന്ന് മനസ്സിലേക്ക് ബുക്കിന്റെ സെക്ഷൻ കുതിച്ചെത്തി, വായിക്കാത്ത ഏതെങ്കിലും രണ്ട് പുസ്തകങ്ങൾ വാങ്ങാം എന്ന് കരുതി അങ്ങോട്ടേക്ക് നടന്നു. പരീക്ഷയാണ് വാങ്ങരുത് വാങ്ങരുത് എന്ന് മനസ്സ് അലറുന്നുണ്ടായിരുന്നു.മാത്രമല്ല പരീക്ഷസമയത്ത് പുസ്തകം വാങ്ങൽ എന്ന ഇക്കയുടെ പിറുപിറുപ്പും മനസ്സിൽ കാണുന്നുണ്ട്, എങ്കിലും പുസ്തകങ്ങളുടെ ക്ഷണം നിരസിക്കാൻ എനിക്കൊട്ടും കഴിയാറില്ല.
ആ സൂപ്പർമാർക്കെറ്റിന്റെ ഒഴിഞ്ഞൊരു കോണിലാണ് പുസ്തകങ്ങളുടെ സെക്ഷൻ, നാല് വർഷമായി ഒരേ പുസ്തകങ്ങൾ ഒന്നുപോലും കൂടിയിട്ടില്ലല്ലോ, ഇതെന്തിനാ മുന്നിൽനിന്നും ഇങ്ങോട്ടേക്ക് മാറ്റിയത് എന്നൊക്കെ ഓർത്ത് പുസ്തകങ്ങൾ നോക്കുമ്പോൾ ഒരു കുട്ടിയുടെ കരച്ചിൽ കേട്ടു. നോക്കുമ്പോൾ അവളുടെ അമ്മ ആ കുട്ടിയെ ചേർത്ത് പിടിച്ചിട്ടുണ്ട്. ഒഴിഞ്ഞ കോണിൽ രണ്ടാളും എന്തിനാണ് വിഷമിക്കുന്നത് എന്നൊക്കെ ചിന്തിച്ചാണ് ചോദിച്ചത്, എന്തുപറ്റി, എന്തിനാ മോൾ കരയുന്നത്?


ഒന്നുമില്ല, ആ അമ്മ പറയാൻ മടിച്ചു. ആ മോൾ പെട്ടെന്ന് കണ്ണ് തുടച്ചു, “എനിക്ക് ഈ ബാഗ് വേണ്ടമ്മേ, അമ്മ വാങ്ങിയത് മതി.ചേട്ടന് വാങ്ങിച്ചോ അത്, അവനല്ലേ വലിയ ക്ലാസ്സിൽ “ആ കുഞ്ഞിന്റെ മുഖമൊന്നു ശ്രദ്ധിച്ചു, എത്ര പെട്ടെന്നാണ് അവൾ കൃത്രിമമായി ഉണ്ടാക്കിയ ചിരി ആ കുഞ്ഞുമുഖത്ത് ഒട്ടിച്ചത്. അല്ലെങ്കിലും പൊട്ടിച്ചിരികൾ അന്യമായവർക്ക് ഇത്തരം ചിരികൾ ജീവിതത്തിന്റെ ഭാഗമാണല്ലോ!!
അവൾ ചേർത്തുപിടിച്ചിരുന്ന റോസ് കളറിൽ ബട്ടർഫ്ലൈ പ്രിന്റ്റുള്ള ആ ബാഗ് ഞാൻ ശ്രദ്ധിച്ചു. കൗണ്ടറിൽ എത്തുമ്പോൾ അവിടെയും ഡിസ്പ്ലേയിൽ ആ ബാഗുണ്ട്. വില 825രൂപ,1560രൂപയുടെ സാധനമാണ് ഡിസ്‌കൗണ്ട് ഉണ്ട്.എനിക്കും ബാഗ് വളരെയിഷ്ടപ്പെട്ടു.
ആ ബാഗ് ഒരു ഗിഫ്റ്റ് പേപ്പറിൽ പെട്ടെന്ന് ഒന്ന് പൊതിയുമോ എന്ന് ചോദിച്ചപ്പോൾ അവരത് വൃത്തിയായി പെട്ടെന്ന് ചെയ്തുതന്നു. പൈസ കൊടുക്കാൻ നേരം നോക്കുമ്പോൾ 600ന് അടുത്തേ പൈസയുള്ളു, ബാക്കി ക്രെഡിറ്റ്‌ കാർഡ് അടിക്കാം എന്ന് കരുതുമ്പോൾ അവർ പറഞ്ഞു, “ലോയൽറ്റി കാർഡിൽ പൈസ ആഡ് ആയിട്ടുണ്ട് മാഡം അതും കൂടിയാകുമ്പോൾ ഓക്കേ ആകുംകുറച്ച് അഡ്ജസ്റ്റ് ചെയ്യാം നോ പ്രോബ്ലം.കാർഡ് വേണ്ട.”


തിരികെ ഇറങ്ങുമ്പോൾ പൊതി ഒരു കവറിലിട്ട് എനിക്ക് തന്നു. “ഇത് ആ കുട്ടിക്ക് അത് കൊടുക്കണേ” എന്ന് പറഞ്ഞ് കൌണ്ടറിൽ ഏൽപ്പിച്ച് തിരികെ ഇറങ്ങുമ്പോൾ അവളുടെ ഹാപ്പിനെസ്സ് മാത്രമായിരുന്നു മനസ്സിൽ…..
പിന്നെ എന്നോ ഒരിക്കൽ ഉപ്പയെയും ഉമ്മയെയും വിഷമിപ്പിക്കുകയാണോ എന്ന് കരുതി ഏറ്റവും ഇഷ്ടപ്പെട്ട വിലയുള്ള സാധനങ്ങൾ മാറ്റിവെച്ച്, വാശി പിടിച്ച് വളരെ കുറഞ്ഞവിലയുള്ള സാധനങ്ങൾ വാങ്ങുകയും ആദ്യ ദിവസം തന്നെ സിപ്പ് പൊട്ടിയ ബാഗും കൂട്ടിപ്പിടിച്ച് നിന്ന് ക്ലാസ്സിലെ കുട്ടികളിൽനിന്നും കളിയാക്കലുകൾ ഏറെ വാങ്ങിക്കൂട്ടുകയും ചെയ്ത ഒരു കുട്ടിയെ ഓർമ്മവന്നു, നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവൾ എന്ന് പറഞ്ഞ് ചേർത്തുപിടിച്ച് സമാധാനിപ്പിക്കുന്ന അദ്ധ്യാപകരെ എനിക്കോർമ്മ വന്നു.ഞാൻ ലാഭിക്കുന്ന ഓരോ തുട്ടും കാരണം ഉപ്പ നേരത്തെ പ്രവാസം നിർത്തുമെന്ന ഒരു കുഞ്ഞിപ്പെണ്ണിന്റെ ധാരണകളായിരുന്നു ആ വാശികൾ.


വാങ്ങികൊടുത്തിട്ട് വിളിച്ചുപറഞ്ഞതല്ല, അവൾക്ക് എന്നെയോ എനിക്ക് അവളെയോ അറിയില്ല. നമ്മുടെ മക്കൾക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ചുറ്റുവട്ടവും ഒന്ന് കാതോർക്കുക,ചില അമർത്തിയ തേങ്ങലുകൾ കേൾക്കാം, കണ്ണോടിച്ചാൽ ചില കൃത്രിമപുഞ്ചിരികൾ കാണാം, അതിന് വേണ്ടി മാത്രമാണ് ഈ കുറിപ്പ്…..
വളരെ ചെറിയൊരു തുകയാണ്, അതുവഴി യഥാർഥമായ പുഞ്ചിരി ഒത്തിരിനേരമെങ്കിലും അവൾക്ക് കിട്ടിയെങ്കിൽ അതുമതി ❤️ഇനിയെന്നും അവൾക്ക് പുഞ്ചിരിക്കാനാനുള്ള വഴിയുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

സഫി അലി താഹ

By ivayana