പച്ചമണ്ണിന്റെ വിരിപ്പുതേടി ഞാൻ
പിച്ചവച്ചമണ്ണുതേടിയലഞ്ഞു ഒരുനാൾ
കാലങ്ങളോളം പുറകോട്ടുനടന്നപ്പോൾ
കാതങ്ങളകലെയൊരൊച്ചകേട്ടു.
കാതരയാമൊരു ഭൂമിപ്പെണ്ണപ്പോൾ
കരിമുകിൽകൊണ്ടൊരുകൊടിയടയാളം കാട്ടി
കാടിന്നടുത്തൊരുയിത്തിരിമണ്ണിൻചാരേ
കുത്തിയോഴുകും പുഴതൻ തെളിനീരോട്ടം.
അച്ഛൻ വളർന്നുപന്തലിച്ചനാളിൽ
അച്ഛൻ കുഴിച്ചിട്ടൊരുവിത്തിൽനിന്നും
വളർന്നുപന്തലിച്ചൊരുമാവിന്മേലെ
വന്നുപുകൾപെറ്റു നീറിപ്പുകഞ്ഞവർ
വണ്ണാത്തിപ്പുള്ളും കുറേ തത്തകളും
കൂടൊരുക്കി ചലപില വർത്തമാനമോടെ.
സ്വപ്നങ്ങളെല്ലാം വാരിപ്പുതച്ചതച്ഛൻ
സ്വപ്‌നങ്ങൾ മണ്ണിലാക്കിപൊന്നുവിളയിച്ചപ്പോൾ
കണ്ണിലെല്ലാം തിമിരംകയറിയവർ മക്കൾ
കണ്ണായിടങ്ങളെല്ലാം ദാനം കൊടുത്തുതീർത്തു.
തലമുറകൾ കൊഴിഞ്ഞുവീഴവേ
താന്താങ്ങളുടെ മനസ്സിൻനൊമ്പരംനിറയവേ,
തേടികണ്ടെത്തി ഞാൻ പിച്ചവച്ച മണ്ണ്
തേനൂറും കാലടിയിൽ ആദ്യംപതിഞ്ഞ മണ്ണ്.

By ivayana