തിരുവതാംകൂർ മഹാരാജാവു ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയെ പ്രണയിച്ച ഭ്രാന്തിയെ അറിയുമോ ? ഒരു സാങ്കല്പിക കഥയല്ലിത്….തികച്ചും യാഥാർഥ്യമായ ഒരു പ്രണയ കഥയാണിത്.തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു ജീവിച്ചിരുന്ന പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു കഥ….. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തിലെ ഇടവഴികളില്‍ പണ്ട് തന്റെ ‘പൊന്നുതമ്പുരാനെ’ കാത്തുനിന്ന പ്രണയിനിയെ തിരുവനന്തപുരത്തുള്ള പഴയ തലമുറയിലെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ‘സുന്ദരി ചെല്ലമ്മ’ എന്ന നര്‍ത്തകിയും ഗായികയുമായ ആ മുത്തശ്ശി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ‘തമ്പുരാനെ’ കാത്തുനില്‍ക്കുകയായിരുന്നു. പണ്ട് തനിക്ക് ‘പട്ടും വളയും’ സമ്മാനിച്ച ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വർമ്മ മഹാരാജാവിനോടുള്ള പ്രണയം മൂത്ത് നാട്ടുകാരുടെ കണ്ണില്‍ ‘ബുദ്ധിസ്ഥിരതയില്ലാത്തവളായിമാറിയ ഒരു ജന്മം… അവരെ കുറിച്ചറിഞ്ഞപ്പോൾ തോന്നിയ ഒരു കവിത.

ഒരുശ്വാസവേഗത്തിനപ്പുറം നില്ക്കുമ്പോൾ
നീയെന്നിലുണ്ടായിരുന്നു !
ഒരുരാഗമെൻ ചുണ്ടിലൂറിയാലെപ്പോഴും
നീയെന്നിലുണ്ടായിരുന്നു.
ഒരുനാദപല്ലവിയിൽ മണികൾ കിലുങ്ങുമ്പോൾ
നീയെന്നിലുണ്ടായിരുന്നു.
ആടയാഭരണങ്ങൾ അണിയുമ്പോഴെപ്പോഴും
നീയെന്നരികിലുണ്ടായിരുന്നു.
ശ്രീകോവിൽനടയിൽ തൊഴുതുനില്ക്കുമ്പോഴും
അരിമുല്ലക്കാടായി അരികിൽനീയുണ്ടായിരുന്നു .
കൽമണ്ഡപങ്ങളിൽ കൽവിളക്കെരിയുമ്പോൾ
തിരിനാളംപോലെന്നിൽ നീയും
പുലരിയില്‍ പൂവുകള്‍ മിഴിതുറക്കുമ്പോള്‍
നീയെന്നുമുണ്ടായിരുന്നു !
മായുന്ന സന്ധ്യപോല്‍ മാഞ്ഞുപോവുമ്പോള്‍
നീയെന്നിലുണ്ടായിരുന്നു
എവിടെഞാൻ നിന്നാലും എന്നെത്തിരയുന്ന നിൻ
മിഴിയിൽഞാനുണ്ടായിരുന്നു.
മിഴിയിൽനീയുണ്ടായിരുന്നു.
ഉച്ചവെയിലേറ്റു ഞാൻ വാടിത്തളരുമ്പോള്‍
നീയെന്നിലുണ്ടായിരുന്നു!
തേന്‍മഴത്തുള്ളികൾ തൂവി നില്കുമ്പോള്‍
നീയെന്നിലുണ്ടായിരുന്നു
പുളിമരക്കൊമ്പിൽ കുയിലുകള്‍ പാടുമ്പോള്‍
നീയെന്നിലുണ്ടായിരുന്നു !
ആത്മഹര്‍ഷങ്ങളില്‍ ആലോലമാടുമ്പോള്‍
നിയെന്നിലുണ്ടായിരുന്നു
ചിറകറ്റു ഞാനൊരു ശലഭമായ് മാറുമ്പോള്‍
നീയെന്നിലുണ്ടായിരുന്നു !
വാനില്‍ ഞാനിന്നു താരമായി മിന്നുമ്പോൾ
നീയെന്നിലുണ്ടാകുമല്ലോ!

By ivayana