രചന : കനകംതുളസി ✍️
ജീവിതത്തിൻ്റെ ഇടവപ്പാതികളിൽ ഇടറിവീണും പിടഞ്ഞെഴുന്നേറ്റും
കാറ്റിൻ്റെതാളത്തിൽ പെയ്തൊലിക്കും തുള്ളികളിൽ ഈറനണിഞ്ഞും,
കുളിർക്കാറ്റേറ്റ് തണുത്തും കൊടുങ്കാറ്റേറ്റ് തളർന്നും കാലങ്ങളിത്രയും ഒരുനീണ്ട യാത്രയുടെ പാതയിൽ പാതിമുക്കാലും തീർത്തുവച്ചു.
ഇനിയും നടക്കേണമെനിക്ക് പരിഭവിച്ചും പരിമളമേകിയും
തുടരുമീയാത്രയുടെ
വഴിക്കൊരന്ത്യമുണ്ടാകുംവരെ.
പക്ഷേഎൻ്റെമനസ്സിൽ അടങ്ങാത്തയാഗ്രഹങ്ങളുടെ ലഹരികൾ പൂക്കുന്ന ഒരു താഴ്‌വാരമുണ്ട്. അവിടേയ്ക്കൊരു തീർത്ഥയാത്രപോകേണമെനിക്ക്.
സ്വപ്നങ്ങളിൽ നിറംകൊടുത്തലങ്കരിച്ച
ആ താഴ്വാരത്തിൽ വർണ്ണപുഷ്പങ്ങളുടെ തേൻ നിറച്ചമലർവാടിയുണ്ട്.
ആരുടേയും അനുവാദമില്ലാതെ പാറിപ്പറന്നുവരുന്ന പൂമ്പാറ്റകൾക്കും കിളിക്കൂട്ടർക്കും നിറയെ തേനുണ്ടും മധുര സല്ലാപങ്ങളിൽ മനംകവർന്നും ആഘോഷമാക്കാൻ അനുരാഗപൂന്തോപ്പുണ്ട്.
സ്നേഹരാജ്യം മോഹിച്ചുവരുന്ന
പ്രണയജോടികൾക്ക് ഹൃദയാർച്ചന ചെയ്യാൻ പൂമരച്ചോടിൻ മടിത്തട്ടുണ്ട്.
രാത്രികാലങ്ങളിൽ മേലേമാനത്തിൻ അലങ്കാരങ്ങൾക്കു മോടികൂട്ടാൻ താഴെ മിന്നാമിന്നിക്കൂട്ടങ്ങളുടെ
ദീപക്കാഴ്ചയുണ്ട്.
കുട്ടിക്കാലത്തു കുടയില്ലാതിരുന്നതുകൊണ്ട് മഴ നനഞ്ഞതുപോലെ,
ഈ താഴ്‌വരയിലെ മഴയിൽ തനു തണുവണിയുംവരെ നനഞ്ഞീറനാവണമെനിക്ക്.
അങ്ങനെ പനിപിടിച്ചു കിടക്കുമ്പോൾ വേവലാതിപൂണ്ട മനസ്സുമായി
ചുക്കുകാപ്പിയുണ്ടാക്കി അടുത്തിരുന്നു സ്വാന്തനമരുളുന്ന എൻ്റെ അച്ഛനുമമ്മയും കൂട്ടിനുണ്ടാകണം
ഇങ്ങനെയിങ്ങനെ പറഞ്ഞാൽത്തീരാത്ത,
മനസ്സിൻ്റെ കോണിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന,
നിർവൃതിയുടെ കേളീരംഗങ്ങളിൽ രാപ്പാർത്ത്
അവിടെയെൻ്റെ തീർത്ഥയാത്രയ്ക്ക് വിരാമമിടണം.
✍️