മഴചാറുന്നു ! ചുരത്തിലൂടെ കാറിൽ
മുടി പിന്നുന്ന കൊടും കറക്കമൊന്നിൽ*
ഇടി മിന്നൽ ! നിറരാപ്പടർപ്പിൽ നിൻ്റെ
മൊഴിയോർത്തേറിയതാണ് ;യാതയാമം !
ഗതകാലം പറയാതിരുന്നതെല്ലാം
പൊഴിയുന്നുണ്ടിരുളാർന്ന ചക്രവാളം
നനയേണം ഇനിവയ്യമാറിനിൽക്കാൻ
അരിക്കിൽ വണ്ടിയൊതുക്കിനിർത്തിടുന്നു
വിറപൂണ്ടാർദ്രപദങ്ങളാൽകിഷോറിൻ
മൃദുഗാനത്തിലെരിഞ്ഞിടുന്ന ചിത്തം
മഴനീക്കുന്നതു നിർത്തി ചിൽവെളിച്ചം
അതുമില്ലീയിരുളിൽപൊഴിക്കയശ്രു !
ചിലനേരത്തുമനസ്സൊതുങ്ങുകില്ല!
മഴ കൊള്ളട്ടെ ! തുറന്നിടുന്നു വാതിൽ
വനതാരയ്ക്കരിക്കിൻ മുനമ്പിലായി
ഇവനൊറ്റയ്ക്കു നിശാമുഖത്തുനിൽപ്പൂ
മഴക്കൊള്ളുന്നു കരഞ്ഞിടുന്നു മൗനം
മതിയാകാതെ തിരഞ്ഞിടുന്നു വാക്കിൽ
പകരുന്നുണ്ടതു പൂർണ്ണമാവതില്ല
അറിവീലെന്തിനകന്നുപോയി നമ്മൾ
മിഴിനീരുപ്പു കലർന്ന മന്ദഹാസം !
തെളിയുന്നുണ്ടതിലുത്തരം പ്രസക്തം!
ഇവനായർഹതയേകിയില്ലനീയെൻ
തനിയാവർത്തനമായിടും സ്വകാര്യം
ഇവനോർക്കുന്നുനവാഗത പ്രവേശം
ബഹളം ദ്രോഹവചസ്സുമായി മുൻപർ.
മലയാളത്തെളിവോടെ നീ പ്രതീക്ഷ
പകരുന്നേ വനജ്യോസ്നയെന്നിലാകെ !
കവിളിൽചായമണിഞ്ഞതല്ല,താരി –
ന്നിതളിൽകാണ്മതുപോലെശോണവർണ്ണം.
വെയിലത്തായ് വഴിയേറിവന്നതാകാം
ബഹളക്കാരുടെചോദ്യമേറ്റതാകാം
ഇടയിൽ ഞാനതുനോക്കിനോക്കിനിൽക്കേ
പതറുന്നാ മിഴിയെന്നിലേക്കു നീണ്ടു.
ഒഴിയുന്നുണ്ടവരൊക്കെ ! ജാഥയിൽ ഞാൻ
കയറുന്നേയിതു പൂർവ്വരംഗമാവും
പലനാൾനമ്മൾ നടന്നുകേറി പിന്നെ
സമരംചെയ്തവകാലികപ്രസക്തം
കളിയച്ചൻ്റെ വിഷാദസന്ധ്യമോന്താൻ *
ചെരുവിൽപ്പോയരികത്തിരുന്നതില്ലേ
വിളറും വിണ്ടല ബിoബ കാന്തിതന്നിൽ
കവികാണുന്നൊരുചേങ്ങിലയ്ക്കു തർക്കം *
അടികൂടുന്നനുഭൂതിയേപകർത്താൻ
കവി സർഗ്ഗത്തിലൊളിച്ചു നിൻ്റെ നാണം
വളരും സൗഹൃദമായിരുന്നു നിന്നിൽ
വരളുന്നൂഷരഭൂമിയെന്നിലും,നാൾ
കഴിയുംതോറു മകന്നുപോയി നമ്മൾ
വിട ചൊല്ലാതെ പിരിഞ്ഞതോർമ്മയുണ്ടോ
അരികിൽവന്നതു ചൊല്ലിടാൻ പ്രയാസം
അതിനായ്, നിന്നെ,തിരഞ്ഞിരുന്നു, പക്ഷേ
എവിടേ ഹാ , അനുരാഗമാണുപോലും ?
അറിവീലാരുകവർന്നു നിൻ്റെ ചിത്തം ?
മുഴുമിക്കാതെ കലാലയം വിടുമ്പോൾ
ഇടവപ്പാതി കനത്തു പെയ്തു ഞാനാ
പ്രതിമ ച്ചോട്ടിലിരുനൊരൽപ്പനേരം .
കനകക്കുന്നുമിറങ്ങിയേകനായി !
അറിയുന്നീലയതിന്നുശേഷമെൻ്റെ
പരിധിക്കപ്പുറമായിരുന്നു ലോകം
ഗതികിട്ടാതെ ഖസാക്കിലൂടെയേതോ
പൊതുവിദ്യാലയമക്ഷരാന്നമായ് ഞാൻ
പലരുംചൊന്നനറിയുന്നു നീ സഹിച്ച
പകലും രാത്രിയുമെന്നിലിന്നു തപ്തം
അറിവീലെന്തുപറഞ്ഞിടേണമേതോ
ചരടിൽ നമ്മളരങ്ങുവാണിടുമ്പോൾ
ഇവനോർക്കുന്നൊരു രംഗമുണ്ടിയാഗോ
പറവൂ ഞാൻ നൊരുപക്ഷെയല്ല ഞാനും*
അവനേയിന്നറിയുന്നു. തത്സ്വരൂപം
വിഷമേക്കുന്ന വിരൂപ,പച്ച സത്വം*
പ്രിയതേ ഞാനൊരുപാടു കാടുകേറി
അവനോതുന്നതുപോലെ ചിന്ത ചെയ്തു.
ഗതകാലം ഒരു മദ്ധ്യവേനൽ സ്വപ്നം *
അതിനാൽ തന്നെ മെനഞ്ഞെടുത്തു നമ്മേ
വളരെയൽപ്പമതാണു ജീവിതം ഹാ
ഇരുളിൻ നിദ്ര വളർത്തിടുന്നരംഗം ! *
വനപാതയ്ക്കരികത്തൊരോൾഡുറമ്മിൻ*
പതയുന്നുണ്ടരുതാത്തതാം വിഷത്തേൻ !
മലവാരത്തു മുനിഞ്ഞു കത്തിടുന്നാ
കടയിൽചെന്നു കുറിച്ചിടട്ടെ ബാക്കി !
ഇനിയേകില്ലമരുന്നതേതുമെന്നിൽ
മധുപർക്കങ്ങളതേകുകില്ലുറക്കം
സുഖനിദ്രയ്ക്കുമയക്കിടുന്നതൊന്നും
ഇനിയേശില്ല ശമിച്ചിടില്ല വാക്കും.
. ! .

സുദേവ് ബി

By ivayana