ആലിന്റെ ചുവട്ടിലിരുന്നു ഗൗരിദാസ് ചിന്തകളിൽ മുഴുകി
ആ ചിന്തകളിൽ ക്ഷേത്രത്തിന്റെ നനഞ്ഞ പടവുകളിറങ്ങി വരുന്ന ദേവിക…..
കണ്മുന്നിൽ എപ്പോഴും തെളിയുന്ന മനോഹര കാഴ്ച….. വെളുത്തു മെലിഞ്ഞു കൊലുന്നനെയുള്ള രൂപം… ഒരു നർത്തകിയുടെ ലാസ്യമാർന്ന കണ്ണുകൾ
ആദ്യമായി അവളെ കാണുന്നത് പാട്ടുപുരയിൽ വച്ചാണ്… മോഹിനിയായി ആടിത്തിമിർക്കവേ…
അവളിലുണ്ടാകുന്ന ലാസ്യഭാവങ്ങളെല്ലാം ഒരുവേള തന്റെ നേർക്കാണെന്ന് താൻ തെറ്റിദ്ധരിച്ചുപോയി… അതായിരുന്നു അവൾ.. ഒറ്റക്കാഴ്ചയിൽ തന്നെ തന്റെ മനസ്സിൽ വേരുറച്ചുപോയ നർത്തകി….
ഈ ആലിന്റെ ഇലകൾക്ക് പോലുമുണ്ടാകും കഥകൾ പറയാൻ തന്റെ പ്രണയത്തെക്കുറിച്ച് … എത്രയെത്ര നിമിഷങ്ങൾ … എണ്ണിയാലൊടുങ്ങാതെ ഭാവതീവ്രമായ നിമിഷങ്ങൾ….
ഗൗരിദാസൻ എഴുനേറ്റു ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറുവാൻ തുടങ്ങി….
ഓർമ്മകൾ ഓരോന്നായി കടന്നു വരാൻ തുടങ്ങി…. അയാളുടെ ഓർമ്മകളിൽ ദേവികയുടെ പൂമുഖം തെളിഞ്ഞു നിന്നു
ക്ഷേത്രത്തിന്റെ പടവുകൾക്കിരുവശവും അരളിചെടികൾ നിരന്നു നിൽക്കുന്നു..
ശിവ അരളിയും കൃഷ്ണ അരളിയും… പോരാത്തതിന് ഏറ്റവും മുകൾ വശത്തായി ചെമ്പകവും പൂത്തു വിടർന്നു നിൽപ്പുണ്ട്….
ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മണം മൂക്കിലേയ്ക്ക് തുളച്ചു കയറി…
ആ സായാഹ്നത്തിൽ ഇളം കാറ്റ് കൂടിയായപ്പോൾ അയാളിലെ ഉറങ്ങിപ്പോയ പാട്ടുകാരൻ ഉണർന്നു…
പാട്ടുപുരയിൽ നിന്നും ആരുടെയോ നാദധാര ഒഴുകിവരുന്നു…
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ
നളിനമിഴീ ശ്രീപത്മനാഭന്‍ ഇഹ വന്നീലല്ലോ
നളിനമിഴീ ശ്രീ പത്മനാഭന്‍ ഇഹ വന്നീലല്ലോ
നളിനമിഴീ ശ്രീ പത്മനാഭന്‍ ഇഹ വന്നീലല്ലോ
അളിവേണീ എന്തു ചെയ്‌വൂ…
“ആരായിരിക്കും അത്.. “
” നിന്നോട് പറയാൻ വിട്ടുപോയി… ഇന്നൊരു പുതിയ കുട്ടി വന്നിട്ടുണ്ട്… ഒരു സുന്ദരിക്കുട്ടി… പേര് ദേവിക… നിന്റെ വീടിന്റെ തൊട്ടടുത്ത വീട് വിലയ്ക്ക് വാങ്ങിയതവരാ.. ദേവികയും അച്ഛനമ്മമാരും രണ്ടു അനുജന്മാരും..”
വിമൽ പറഞ്ഞു
ശരിയാണ്…. അമ്മ പറഞ്ഞിരുന്നു അപ്പുറത്തെ വീട് കച്ചവടമായി പുതിയ ഒരു കൂട്ടർ വന്നിട്ടുണ്ടെന്നു…
” ആ കുട്ടി കലാതിലകം ഒക്കെ ആണ്… ഇതിപ്പോ പാട്ടുപുര ഈയിടെയായി സജീവമല്ലല്ലോ… അതിനു ഒന്നു ഉഷാറാക്കാൻ എന്റെ അച്ഛനും സെക്രട്ടറിയുമൊക്കെ രണ്ടു ദിവസം മുൻപ് അവരുടെ വീട്ടിൽ പോയി സംസാരിച്ചിരുന്നു..ഞാനും ഉണ്ടായിരുന്നു അവരുടെ കൂടെ
ആദ്യമൊക്കെ മടി പറഞ്ഞെങ്കിലും ഒടുവില് ആ കുട്ടി സമ്മതിച്ചു…”
ക്ഷേത്രയോഗം പ്രസിഡന്റ്‌ ചന്ദ്രദാസിന്റെമകനാണ് വിമൽ
” നീ വായോ നമുക്കുപോയി കുറച്ചു നേരം അവിടിരിക്കാം…. “
വിമൽ ഗൗരീദാസനെ ക്ഷണിച്ചു….
അവർ ചെല്ലുമ്പോൾ പാട്ടുപുരയിൽ കാഴ്ചക്കാരായി കുറേപേർ ഉണ്ടായിരുന്നു… ഗൗരീദാസന്റെ കണ്ണുകൾ ആ ദേവ നർത്തകിയിൽ പതിഞ്ഞു….
“ദൈവമേ… എന്താ ഒരു ആകർഷണം…. ആ മിഴികളിൽ നോക്കാൻ പറ്റുന്നില്ല.. ചാട്ടുളീ പോലെ തുളച്ചു കയറുന്ന നോട്ടം… കയ്യ്മെയ്യ് മറന്നുള്ള നർത്തനം…
എല്ലാവരും ആ മോഹിനിയുടെ നൃത്തത്തിൽ ലയിച്ചിരിപ്പാണ്.. ഇത്ര മേൽ നിറഞ്ഞു പാട്ടുപുര കണ്ടിട്ടേയില്ല… എന്തായാലും സംഗതി ഗംഭീരമായി….
പരിപാടി കഴിഞ്ഞു..
പുറത്തേക്ക് വന്ന ദേവികയെ കണ്ണിമയ്ക്കാതെ നോക്കി നിന്നു ഗൗരീദാസൻ…
” നീ വായോ.. ഞാൻ പരിചയപ്പെടുത്തി തരാം ആ കുട്ടിയെ “
വിമൽ പറഞ്ഞു….
അവർ അവളുടെ അടുത്തേക്ക് ചെന്നു…
” ഹായ് ദേവിക “
” ഹായ് വിമൽ “
” ഇത് എന്റെ ഫ്രണ്ട് ആണ്… ഗൗരിദാസൻ… പിന്നെ നിങ്ങളുടെ അയൽക്കാരനുമാണ് “
അവൾ കൈകൾ കൂപ്പി… അവനും…
അയല്പക്കമാണെങ്കിലും ഇതുവരെ പരിചയപ്പെട്ടിട്ടില്ല…
” നന്നായിരുന്നുട്ടോ നൃത്തം “
ഗൗരീദാസൻ പറഞ്ഞു
അവളുടെ മുഖം സന്തോഷത്താൽ വിടർന്നു….
” എന്തു ചെയ്യുന്നു “
അവൾ ചോദിച്ചു…
“ഞാൻ ഫോട്ടോഗ്രാഫർ ആണ്….എഡിറ്റിങ് ഒക്കെയുണ്ട്…..സ്റ്റുഡിയോ നടത്തുന്നു…”
അവൾ പോയിക്കഴിഞ്ഞിട്ടും അവന്റെ മനോമുകുരത്തിൽ ആ രൂപ സൗകുമാര്യം തെളിഞ്ഞു നിന്നു…….
അയാളുടെ ചിന്തകൾ മുറിച്ചു കൊണ്ട് ഒരു ചെറിയ പെൺകുട്ടിയുടെ ചിരി മുഴങ്ങിക്കെട്ടു… മുത്തുമണികൾ ചിതറും പോലെ….
കൂട്ടുകാരോടൊപ്പം ഓടിക്കിതച്ചു ഒരു പൂമ്പാറ്റയെപ്പോൽ ഭംഗിയുള്ള മിടുക്കികുട്ടി….
ഉത്സവം ആയിരുന്നു അവിടെ. നാളെ ആറാട്ട് ആണ്
” അമ്മേ….”
“മീനൂട്ടി ഓടാതെ… പതുക്കെ വരൂ “
തനിക്ക് ഏറെ പരിചിതമായ സ്വരം
ദേവികയുടെ ശബ്ദം…
അവൻ തിരിഞ്ഞു നോക്കി…
വിഷാദത്തിന്റെ മുഖപടമണിഞ്ഞ ഒരു ശില്പം പോലെ ദേവിക!..
അവളും അയാളെ കണ്ടു…
ഒരു വിളറിയ പുഞ്ചിരി ആ ചുണ്ടിൽ തെളിഞ്ഞു..
” ദാസേട്ടൻ എന്നാണ് വന്നത് “
” രണ്ടു ദിവസമായി “
“അമ്മ എന്തു പറയുന്നു “
” സുഖമായിരിക്കുന്നു… ദേവിയ്ക്ക് സുഖം ആണോ “
“അതെ.. ങ്ങാ… പരിചയപ്പെടുത്താൻ മറന്നു.. ഇതെന്റെ മകൾ മീനാക്ഷി….”
ഗൗരീദാസൻ മീനൂട്ടിയെ നോക്കി പുഞ്ചിരിച്ചു..
” മീനാക്ഷികുട്ടി ഏതു ക്ലാസ്സിലാണ് പഠിക്കുന്നെ “
“മൂന്നാം സ്റ്റാൻഡേർഡിൽ “
” മിടുക്കി.. അമ്മയെപ്പോലെ നൃത്തമൊക്കെ ഉണ്ടോ “
” ഉവ്വ്.. അവൾ പഠിക്കുന്നുണ്ട്….. “
“ഞങ്ങൾ കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോഴാണ് അറിഞ്ഞത് ദാസേട്ടനും അമ്മയുമൊക്കെ ഒറ്റപ്പാലത്തേക്ക് പോയീന്നു… “
” ഉവ്വ് തറവാട്ടു വിഹിതം കിട്ടിയപ്പോൾ അമ്മയെയും കൊണ്ടു അവിടേയ്ക്ക് മാറി….
“വിവാഹം “
“നടന്നില്ല….”
” എന്തെ…. ഇനിയും വൈകിയിട്ടില്ലല്ലോ.. ഒരു കൂട്ടു വേണ്ടേ ദാസേട്ടന്…. “
” അമ്മയുണ്ടല്ലോ എന്റെ കൂടെ… പിന്നെ കുറെ ഓർമ്മകളും അത് മതിയാവും.. “
നേരിയ പുഞ്ചിരിയോടെ അയാളത് പറഞ്ഞപ്പോൾ ദേവിക കുറ്റബോധം കൊണ്ട് നീറിപ്പിടഞ്ഞു…..
അറിഞ്ഞിരുന്നില്ല… ഇങ്ങനെ ഒരു ഇഷ്ടം ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരാളുണ്ടെന്ന്.. അറിഞ്ഞപ്പോൾ ഏറെ വൈകിപ്പോയി……..
” ഇനിയെന്നാ തിരികെ മടങ്ങുന്നത് “
അയാൾ അവളോട്‌ ചോദിച്ചു….
രണ്ടു ദിവസം കൂടി ഉണ്ടാവും….
“:പുള്ളിക്കാരന് ലീവ് തീരാറായി….. അതുകൊണ്ട് പെട്ടെന്ന് പോകും…..
” എവിടെ ആൾ വന്നിട്ടില്ലേ “
“ഉവ്വ്…. പ്രദക്ഷിണം ചെയ്യുന്നുണ്ട്
“ശരി… എന്നാൽ ഞാൻ പൊയ്ക്കോട്ടേ… വീണ്ടും എന്നെങ്കിലും കാണാം “
അയാൾ നടന്നകലുന്നതും നോക്കി വിഷാദ ശില്പം പോലെ ദേവിക നിന്നു……
പാട്ടുപുരയിലെ പരിപാടികഴിഞ്ഞപ്പോഴാണ് തന്നെ വിടാതെ പിന്തുടർന്ന രണ്ടു വെള്ളാരം കണ്ണുകൾ തന്റെ ശ്രദ്ധയിൽ പതിഞ്ഞത്… കൂട്ടുകാരനുമായി വന്നു തന്നോട് സംസാരിക്കുമ്പോഴും ആ കണ്ണുകൾ തന്നോട് ഇഷ്ടം പറഞ്ഞുകൊണ്ടേയിരുന്നു…. ചുറ്റുമുള്ളതൊന്നും താൻ കണ്ടില്ല……
വീട്ടിൽ വിവാഹലോചനകൾ മുറുകുമ്പോഴും താൻ നിർബന്ധം പിടിച്ചു.. ഉടനെ വിവാഹം വേണ്ട എന്ന്…
കാരണം കണ്ടുപിടിച്ചത് ഇളയ അനുജൻ..
തന്റെ ഉള്ളിലെ ഇഷ്ടം അവൻ അമ്മയോട് പറഞ്ഞു… അമ്മ വഴി അച്ഛനും….
അവർക്കു ആദ്യം എതിർപ്പായിരുന്നു. കാരണമുണ്ട്… അച്ഛൻ പെങ്ങളുടെ മകൻ ഉദയനുമായി തന്റെ വിവാഹം നടത്താൻ അവർക്ക് പ്ലാൻ ഉണ്ടായിരുന്നു….
പിന്നീട് തന്റെ വാശിക്ക് മുൻപിൽ അവർക്ക് വഴങ്ങേണ്ടി വന്നു..
” നീയെന്താ സ്വപ്നം കാണുവാണോ “
പിന്നിലെ ചോദ്യം കേട്ട് അവൾ ഓർമ്മകളിൽ നിന്നും ഉണർന്നു…
” അച്ഛാ… എനിക്ക് ബലൂൺ വേണം “
മീനാക്ഷിയുടെ കൊഞ്ചൽ…. ” മോള് വാ അച്ഛൻ വാങ്ങിത്തരാം
അച്ഛനും മകളും ബലൂൺ വിൽക്കുന്നിടത്തേക്ക് നീങ്ങിയപ്പോൾ ദേവിക അവിടെ കണ്ട ഒരു പടിക്കെട്ടിൽ ഇരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും മോളും മാത്രമല്ല.. കൂടെ ഗൗരീദാസനും ഉണ്ടായിരുന്നു..
” ദേവി… നീയിതു കണ്ടോ… മുങ്ങി നടന്ന ആളെ പിടികിട്ടി….. എന്നെക്കണ്ടു മുങ്ങാൻ തുടങ്ങുവായിരുന്നു… ഞാൻ വിടുമോ? കയ്യോടെ പിടിച്ചു… “
” എന്നാലും നീയെവിടെ ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല അളിയാ.. കണ്ടതിൽ ഒരുപാട് സന്തോഷം… ഒരു ദിവസം ഞങ്ങൾ വരുന്നുണ്ട് നിന്റെ നാട്ടിലേക്ക്… “
ഗൗരീദാസൻ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മുഖത്തെ ആഹ്ലാദം ശ്രദ്ധിച്ചു… അതിൽ തന്നോട് പുച്ഛം ഉണ്ടോ? നീ സ്നേഹിച്ച പെണ്ണിന്റെ മനസ്സ് കവരാൻ എനിക്കെ കഴിഞ്ഞുള്ളു എന്ന ഹുങ്ക് ഉണ്ടോ “
ഹേയ്… തനിക്കു തോന്നുന്നതാകും…..
അന്നൊരു ദിവസം അമ്മയോട് താൻ തുറന്നു പറഞ്ഞു…
” അമ്മേ അപ്പുറത്തെ ദേവിയെ എനിക്കിഷ്ടായി.. വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് “
” നല്ല ഐശ്വര്യമുള്ള കുട്ടിയാ… എനിക്കും ഇഷ്ടമാ മോനെ.. ഞാൻ അവളുടെ അമ്മയോടൊന്നു സംസാരിച്ചു നോക്കാം… “
പിറ്റേന്ന് വൈകുന്നേരം താൻ ജോലി കഴിഞ്ഞു വരുമ്പോൾ അമ്മയുടെ മുഖം വാടിയിരുന്നു….
“എന്തു പറ്റിയമ്മേ..”
” അത് മോനെ…. അതു പിന്നെ “
” പറയ് അമ്മേ… എന്താ കാര്യം?
അവളുടെ കല്യാണം ഏകദേശം ധാരണയായി… നിന്റെ കൂട്ടുകാരനുമായിട്ടാ വിമൽ…. അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നത്രെ
നടുങ്ങിപ്പോയി താൻ
ഒരു സൂചന പോലും അവൻ തന്നിരുന്നില്ല
അപ്പോൾ അവൾ വിമലിന് ആയിരുന്നു പ്രണയകടാക്ഷം നൽകിയിരുന്നത്…
എല്ലാം തന്റെ തെറ്റിദ്ധാരണകൾ ആയിരുന്നു…..
” സാരമില്ല അമ്മേ… ആ വിവാഹം നടന്നോട്ടെ… അവളുടെ ഇഷ്ടം നടക്കട്ടെ… അവൾ സന്തോഷവതി ആയിരുന്നാൽ മതി….
പിറ്റേന്ന് വിമൽ അവനോട് അവരുടെ വിവാഹത്തേക്കുറിച്ച് പറഞ്ഞത് വൈകുന്നേരം വല്ലപ്പോഴും കൂട്ടുകാരെല്ലാം ഒത്തുകൂടുന്ന മൈതാനത്തിൽ വച്ചാണ്…
അപ്പോഴാണ് കുഴയുന്ന ശബ്ദത്തിൽ ദിലീപ് ചോദിച്ചത്…
“ങ്ങേ… അളിയാ ദാസാ…അപ്പോൾ അവൾ നിന്നെ പറ്റിച്ചോ…”
” ഡാ ദിലീപേ നീ ആവശ്യമില്ലാത്തത് പറയേണ്ട.. വായടയ്ക്ക്… “
താൻ അവനെ വിലക്കി…
അല്ലെങ്കിലും ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെ ആണെടാ… വിശ്വസിക്കരുത് ഒന്നിനേം “
ഒന്നും മനസ്സിലാകാതെ വിമൽ തങ്ങളെ രണ്ടാളെയും മാറിമാറി നോക്കി
” നിനക്ക് മനസ്സിലായില്ലേ… നിന്റെ കല്യാണ പെണ്ണും ഇവനുമായി പ്രേമത്തിലായിരുന്നു… “
വിമലിന്റെ മുഖം മുറുകി..
“ഡാ വെള്ളമടിച്ചിട്ട് അനാവശ്യം പറയരുത്….”
” ഞാൻ പറഞ്ഞത് അനാവശ്യം.. പക്ഷെ അതാണ്‌ സത്യം.. നീ അല്ലെങ്കിൽ അവനോട് ചോദിച്ചു നോക്ക്.. ദേവികയെ അവന് ഇഷ്ടം ആയിരുന്നോ എന്നും… അവന്റെ വീട്ടിൽ നിന്നും വിവാഹം ആലോചിക്കാൻ പോയിട്ടുണ്ടോ എന്നുമൊക്കെ അപ്പോൾ അറിയാം. ഞാൻ പറഞ്ഞത് സത്യമാണോ കള്ളമാണോ എന്ന്…
“സത്യമാണോ ഞാനീ കേൾക്കുന്നതൊക്കെ “
” ഡാ.. നീ അവൻ പറയുന്നതൊന്നും കാര്യമാക്കണ്ട… അതൊക്കെ എന്റെ ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു…ഇപ്പോൾ എല്ലാം കലങ്ങിതെളിഞ്ഞില്ലേ.. നമുക്ക് നിന്റെ കല്യാണം കെങ്കേമമാക്കണം “
” ഡാ… ദാസാ… നീയിത് ഏതു ലോകത്താണ്…. “
വിമലിന്റെ ചോദ്യം അയാളെ ചിന്തയിൽ നിന്നും ഉണർത്തി…
” ഓഹ് പഴയ പാട്ടുപുരയിലേക്ക് പോയിരിക്കും അല്ലെ…. “
വിമലിന്റെ ഭാവമാറ്റം പെട്ടെന്നായിരുന്നു
“അല്ല ഇനിയും വൈകിയിട്ടില്ല……”
അയാൾ പിറുപിറുത്തു….
പെട്ടെന്ന് ഗൗരീദാസൻ പിന്തിരിഞ്ഞു നടന്നു….
ദേവിയുടെ മനസ്സിലൂടെ വരാനിരിക്കുന്ന കാഴ്ചകൾ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടു കടന്നുപോയി…
ആദ്യരാത്രിയിലാണ് ദാസേട്ടന് തന്നോടുണ്ടായിരുന്ന ഇഷ്ടം താൻ അറിഞ്ഞത്….
അന്ന് മുതൽ തന്നെ വാക്കുകളാൽ കുത്തി മുറിവേൽപ്പിക്കുകയും സമാധാനം കെടുത്തുകയും ചെയ്യുന്ന വിമൽ പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേറ്റിട്ടുണ്ടെന്ന് അവൾക്കറിയാമായിരുന്നു…
അവൾ വിമലിനെ നോക്കി.. അവിടെ പുഞ്ചിരിയായിരുന്നു…… വിഷം പുരട്ടിയ ദന്തങ്ങൾ ഒളിപ്പിച്ചു അയാൾ മനോഹരമായി പുഞ്ചിരിച്ചു…..
✍️

By ivayana