രചന : അശോകൻ പുത്തൂർ ✍
മഴപെയ്യുമ്പോഴെ കൂരയിൽ
കുട്ട്യോള് ഒറ്റയ്ക്കാണേ
ഇടിവെട്ടുമ്പോഴേ തൈവേ
നെഞ്ചില് തീയാണെ
മാനംകറുക്കുമ്പഴേ
മനമുരുകണല്ലാ
ഇടിവെട്ടുമ്പോഴേ പൊന്നേ
കൊത്തിക്കെളക്കെല്ലെട്ടൊ
കത്തുംപന്തം കണക്ക് പടിഞ്ഞാറ്
കത്തിയെരിഞ്ഞമർന്നേ
കണ്ണിലിരിട്ടുകേറി മാടത്തിലും
കൂരാ കൂരിരുട്ട്
പാതിരാപൂങ്കോഴി കൂകണനേരത്ത്
മാടത്തീ നിന്നിറങ്ങി
പാൽക്കടൽ പത്തായം പൊന്തിത്തെളിയുമ്പം
മാടത്തീ ചെന്നുകേറി
മൂവര മൂവന്തിയായ് പള്ളേല്
തെയ്യത്തെറയാട്ടം
ഏഴര മൂവന്തിയായ് നെഞ്ഞത്തോ
കത്തും കനലാട്ടം
മാമ്പറപ്പാടത്ത് കുട്ടാടൻ പുഞ്ചയിൽ
ഇന്നല്ലേ വേലപൂരം
കുഞ്ഞമ്മ വന്നോടീ നമ്മക്ക്
വേലയ്ക്ക് പോവണ്ടേ
പുത്തരിച്ചെമ്പാ നെറകണ്ടം കൊയ്യുമ്പം
മുത്തപ്പൻ തീയ്യാട്ടം
മാനത്തെ തൈവങ്ങളെ ഞങ്ങടെ
കഷ്ടപ്പാടെന്ന് തീര്വേ
പഞ്ഞം പിടിക്കുമ്പഴേ ഞങ്ങൾ
കൊടി പിടിക്കൂലൊ
കൊടിപിടിച്ചാലോ കോലോത്ത്
കലിയെളകൂലോ
കൂട്ടരും കുട്ട്യോളും കൂകിക്കലമ്പണ
കൂത്താട്ടം കണ്ടാ
കുന്നും കൊളോം കേറി കൂകിക്കയർക്കണ
ചെങ്കനൽ കൂത്താട്ടം
🌹