എയർ ഇന്ത്യ എക്പ്രസിന്റെ IX 1344 ബോയിങ് 737 വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളർന്നുണ്ടായ അപകടത്തിൽ ആദ്യം പുറത്തുവന്ന മരണവാർത്ത വിമാനത്തിന്റെ ക്യാപ്റ്റനായ ഡി വി സാഠേയുടേതായിരുന്നു. അങ്ങനെ വെറുമൊരു പൈലറ്റ് ആയിരുന്നില്ല എയർ ഇന്ത്യക്ക് അദ്ദേഹം. പൈലറ്റായി മുപ്പതുവർഷത്തിലധികകാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റൻ സാഠേ.
വിങ് കമാണ്ടർ ദീപക് വസന്ത് സാഠേ എന്നത് ഇന്ത്യൻ എയർഫോഴ്സ് വൃത്തങ്ങളിൽ ഏറെ ബഹുമാനത്തോടെ മാത്രം പരാമർശിക്കപ്പെടുന്ന ഒരു പേരാണ്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്സിൽ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ നേടി, അതിനുശേഷം ഇന്ത്യൻ എയർ ഫോഴ്‌സിന്റെ 127th കോഴ്‌സിൽ സ്വോർഡ് ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂർത്തിയാക്കിയാണ് 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ ദീപക് വസന്ത് സാഠേ കമ്മീഷൻ ചെയ്യപ്പെടുന്നത്. ഇന്ത്യൻ എയർ ഫോഴ്‌സിലെ സുദീർഘ സേവനത്തിനു ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ വിദഗ്ധനായ ഒരു ടെസ്റ്റ് പൈലറ്റ് ആയിക്കൂടി സേവനമനുഷ്ഠിച്ച് അവിടെ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം എയർ ഇന്ത്യയിൽ പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റ് ആയി ജോയിൻ ചെയ്യുന്നത്.