രചന : ഷാജി പേടികുളം✍
ഞാനൊരു തൈ നട്ടു
നീയൊരു തൈ നട്ടു
നമ്മളൊരായിരം
തൈകൾ നട്ടൂ …
ഞാനതിനു ജലമേകി
നീയതിനു ജലമേകി
നമ്മളതിനു ജലമേകി
തൈകൾ വളർന്നൂ
മരങ്ങളായി….
പൂ തന്നു കായ് തന്നു
തണലു തന്നൂ മരം
വേനലിൽ
ദാഹജലവും തന്നൂ …..
വിരുന്നുകാരായ്
കുഞ്ഞു കിളികളെത്തി
തേൻ നുകർന്നൂ
രസിച്ചു പറന്നകന്നു……
ചില്ലകളിൽ കൂടു
കൂട്ടിയ പക്ഷികൾ
തേൻ കനി തിന്നു
മദിച്ചു വാണു ……
കിളികൾ തൻ കൂജനം
കേട്ടു മരച്ചോട്ടിൻ
തണലിലായ് താന്തരാം
പാന്ഥർ വിശ്രമിപ്പൂ …..
ഒരു തൈ നടാം
നമുക്കിനിയും ഭൂമിക്ക്
തണലായ് ജലമായ്
ജീവനായ് മാറുവാൻ
ഒരു തൈ നടാം
നമുക്കിനിയുമീ മണ്ണിൽ
വരുംതലമുറകൾക്കായി
കാത്തിടാം മരങ്ങളെ ……
*