രചന : ഹരികുമാർ കെ പി✍
ദിക്കുകൾ അലയുന്ന കാറ്റിന്റെ മൗനത്തിൽ
ജനിമൃതിയിലുണരുന്ന പ്രണയമുണ്ട്
തളിരില തഴുകുവാനെന്നോ മറന്നതിൻ
പാട്ടിന്റെ വരികളിൽ കദനമുണ്ട്
പാതിരാ ചോദിച്ചു പരിഭവം തന്നെയോ
കാർമുകിൽ ചൊന്നത് കളവല്ലയോ
പൂവിന്നുണർവ്വായി പുലരിയിൽ എത്തുമ്പോൾ
കുളിരായി കൂട്ടിയോ മഞ്ഞുതുള്ളി
മഴയോട് മന്ദസ്മിതത്താൽ പുലമ്പിയോ
ഉരുൾപൊട്ടിയുടയുന്ന ഹൃദയമെന്ന്
വേനൽച്ചുരുളിന്റെ വേദന കണ്ടുവോ
കടലോരം തേടി പുറപ്പെട്ടുവോ
മരുഭൂമി തൻ ചൂടിലുരുകിപ്പറക്കുന്ന
വിധിവൈകൃതങ്ങളിൽ അഴലുന്നുവോ
കാടറിഞ്ഞു നീ കുളിരറിഞ്ഞു
കാമം തിരയുന്ന കനലറിഞ്ഞു
അക്ഷരം ചാർത്തുവാനാശയം തന്ന നീ
ഇടറുന്നതെന്തിന്നു കണ്ണുനീരാൽ അറിയാതെ
മൊഴിയുവാനരുതാതെയാഴത്തിൽ
വിറ കൊണ്ട് വിനയങ്ങളർത്ഥങ്ങളായ്
പൂക്കും പുലർവേള പൊന്നുഷസ്സായി നീ
നിറ കൊണ്ട വയലേല തഴുകിയില്ലേ
മൃദുമന്ദഹാസമായ് കണ്ടു പിന്നെ
നിന്നെ വിറപൂണ്ട ചുഴലിക്കൊടുങ്കാറ്റ് പോൽ
ആറിത്തണുക്കട്ടെ നിന്റെയുള്ളം
വരൂ ശാന്തമായെന്നെ പുണർന്നു കൊള്ളു
പൂക്കൾ തൻ ഗന്ധവും പേറി നീ ഭൂമിയിൽ
ഒരു ശക്തിസംഹാരമായി വാഴ്ക