രചന : മംഗളൻ. എസ്✍
മാമരച്ചോട്ടിലെ കാറ്റിലുണ്ടമൃതമാം
മാനസം കുളിരണിയിക്കുന്ന ജീവാംശം!
മാമരമൊക്കെ മുറിച്ചുക കടത്തുന്നോർ
മാടമ്പിമാരവർ പ്രകൃതി വിരുദ്ധന്മാർ!
വയൽമണൽ കോരി പണമെത്രയവർ വാരി
വയലിലെ തൊളികോരി ഗർത്തങ്ങളാക്കി
വയലുകൾ പുഴയായ്, കയങ്ങളായി
വയലുകളില്ലാതായ് കൃഷില്ലാതായി!
മലകളിടിച്ച് മണി സൗധമുണ്ടാക്കി
മലമണ്ണുകൊണ്ടിട്ട് പുഴകൾ നികത്തി
മലയിലും പുഴയിലും മണി സൗധമായി
മലവെള്ളപ്പാച്ചിലിൽ മണി സൗധം മുങ്ങി!
പ്രകൃതി വിരുദ്ധ മർത്യനിർമ്മിതികൾ,
പ്രകൃതിക്കു ചേരാത്ത മാല്യന്യക്കൂനകൾ
പ്രകൃതിക്ക് പ്രിയതരമായ ഭാഗങ്ങളിൽ
പ്രാകൃതവൈകൃതം പേറുന്ന തള്ളലിൽ!!
ബഹിരാകാശത്തുപഗ്രഹങ്ങൾ നിത്യം
ബഹിരാകാശവും മലിനമാക്കുന്നു
ബഹിരാകാശ പരീക്ഷണ യന്ത്രങ്ങൾ
ബഹിരാകാശത്തുപേക്ഷിപ്പൂ ശാസ്ത്രജ്ഞർ!
കപ്പലിൽ മാലിന്യം കൊണ്ടുവന്നിട്ടിതാ
കടലിൻ നടുവിൽ നങ്കൂരമിട്ടഹോ
കണ്ടൈനർ തൂക്കി നടുക്കടലിൽ തള്ളി
കടലിന്നടിത്തട്ടും മലിനമാക്കുന്നു!
പുഴകളിൽ മാലിന്യം കൊണ്ടൊഴുക്കുന്നു
പുഴയോരവാസികൾ മൂക്കുപൊത്തുന്നു
പുളയുന്നു മീനുകൾ മലിനജലത്തിൽ
പുതിയൊരു സംസ്കാരമുടലെടുക്കുന്നു!
കരയിലും കാറ്റിലും പുഴകളിലും
കടലിലും കടലിന്നടിത്തട്ടിലും
കരാളഹസ്ത പ്രയോഗങ്ങൾ കാണവേ
കരൾനൊന്തു കേഴുന്നൊരമ്മയീ പ്രകൃതി!
മരമൊന്നു നട്ടോട്ടെ മനസ്സ് തണുത്തോട്ടെ
മരമൂട്ടിലിത്തിരി ജലമിറ്റിച്ചോട്ടെ
മരമതു വളർന്നുമാമരമാകട്ടെ
മരച്ചോട്ടിലെ തണുകാറ്റൊന്നു കൊണ്ടോട്ടെ!