ഒരിക്കൽക്കൂടി ചോദിക്കുകയാണ്…, ഞാൻ കാത്തിരിക്കട്ടെ?
ഫോണിന്റെ അങ്ങേത്തലക്കലുള്ള അവളുടെ മുഖഭാവമെന്തായിരിക്കാമെന്ന് എനിക്ക് വ്യക്തമാണ്. അവളുടെ കൈകൾ വിയർപ്പണിയുകയും വിറക്കുകയും ചെയ്യുന്നുണ്ടാകും. ദൃഷ്ടി ഉറച്ചുനിൽക്കാതെ അവൾ വാടിക്കുഴയുന്നുണ്ടാകും!
അസ്തമയത്തിലേക്ക് അടുക്കുകയാണ്. ചില്ലുജാലകത്തിനപ്പുറത്ത് ഓറഞ്ച് നിറമാർന്ന് സൂര്യൻ വിട പറയുന്നു. കാറ്റത്തുലഞ്ഞ ജാലകച്ചില്ലിൽ പ്രതിധ്വനിച്ച് മുറിയിലാകെ ഓറഞ്ച് നിറമൊഴുകിപ്പരക്കുന്നു.
മറുപടി പറയുവാനെനിക്ക് ആകുന്നില്ല. ദീർഘമായ ഒരു പ്രണയം ഞങ്ങൾ തമ്മിലുണ്ടായിട്ടില്ല; എങ്കിലും പരസ്പരം ഇഷ്ടമായിരുന്നു!
വാണിജ്യം പഠിക്കുന്ന വിദ്യാർത്ഥിയും, ചരിത്രം പഠിക്കുന്ന വിദ്യാർത്ഥിനിയും മാത്രമായിരുന്നു ഒരിക്കൽ; ഞങ്ങൾ. അന്ന് പ്രണയമില്ലായിരുന്നു. ബിരുദ പഠനത്തിന് ശേഷം വാണിജ്യത്തിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്ന്, ഒപ്പം ചില കണക്കെഴുത്തുകളിലൂടെ കിട്ടുന്ന ചെറിയ വരുമാനവുമൊക്കെയായി, ഭാവിയേക്കുറിച്ചുളള സ്വപ്നങ്ങളും ആശങ്കകളുമൊക്കെ മാറ്റങ്ങൾക്കും തിരുത്തലുകൾക്കും വിധേയമാക്കി കടന്നുപോയ കാലത്തിനും ശേഷമാണ് വീണ്ടും അവളെ ഞാൻ കണ്ടുമുട്ടുന്നത്!
ബാങ്കിൽ ജോലി ലഭിച്ചതിനാൽ പഠനം പാതി വഴിയിൽ നിർത്തുകയും, തുടർന്ന് സർക്കാർ ജോലിക്കായുള്ള പരീക്ഷ കഴിഞ്ഞ്, പരീക്ഷാ കേന്ദ്രത്തിന് പുറത്തിറങ്ങി പുറത്തേക്ക് നടക്കവേയാണ് അപ്രതീക്ഷിതമായി ഞാൻ അവളെ വീണ്ടും കാണുന്നത്! റോസ് നിറത്തിൽ, വെള്ള അടയാളങ്ങളുള്ള വസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. അകന്ന പല്ലുകളും, ചിലമ്പിച്ച ശബ്ദവും, പാതിയടഞ്ഞതു പോലെയുള്ള കണ്ണുകളും വീണ്ടും ഞാൻ കണ്ടു!
പരീക്ഷാ കേന്ദ്രത്തിന് മുമ്പിലുണ്ടായിരുന്ന മഞ്ഞ മന്ദാരത്തിന്റെ ഇത്തിരിത്തണലിൽ, കൊഴിഞ്ഞു വീണ ഒരു പൂവിന്റെ ഇതളുകൾ അടർത്തിയെടുത്ത് നിൽക്കവേ, ഞാൻ അവളോട് വിവാഹം കഴിഞ്ഞുവോയെന്ന് ചോദിച്ചു. കഴിഞ്ഞുവെന്നും ഒരു കുഞ്ഞുണ്ടെന്നും അവൾ പറഞ്ഞപ്പോൾ, എന്തിനെന്നറിയാതെ ഞാൻ പറഞ്ഞു; വിവാഹം കഴിഞ്ഞിരുന്നില്ലായെങ്കിൽ നമുക്ക് വിവാഹം കഴിക്കാമായിരുന്നെന്ന്!
വിവാഹം കഴിഞ്ഞ ഒരു സ്ത്രീയോട് ഇത്തരത്തിൽ സംസാരിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാൻ, എഴുതിയ പരീക്ഷയേക്കുറിച്ചും മറ്റും സംസാരിച്ച് വിഷയം വഴിതിരിച്ച് വിടുകയും, ഞാൻ പോകാൻ തിടുക്കം ഭാവിക്കുകയും ചെയ്തു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവളും എനിക്കൊപ്പം നടന്നു.
തിരുനക്കരയമ്പലത്തിന് സമീപമുള്ള വഴിയിൽ ഉയർന്ന് സ്ഥിതി ചെയ്യുന്ന ശിലയും കടന്ന്, പള്ളിവേട്ട ആൽത്തറക്ക് സമീപമെത്തവേ അവൾ ക്ഷേത്രത്തിലേക്ക് നോക്കി തൊഴുതു. ക്ഷേത്രമതിലിനോട് ചേർന്ന് പൂക്കച്ചവടക്കാർ നിരന്നിരുന്നു. പല നിറങ്ങളിലുളള പൂക്കളിൽ നിന്ന് വേർതിരിച്ചറിയാനാകാതെ പൂമണം ഞങ്ങൾക്ക് ചുറ്റും ഒഴുകിയിരുന്നു.
എന്റെ ഫോൺ നമ്പർ വാങ്ങി ബസ് കയറി യാത്രയാകുമ്പോഴും ജാള്യത എന്നിൽ ബാക്കി നിന്നു!
പിറ്റേദിവസം ബാങ്കിലെ ഇടവേളയിൽ ഫോൺ ബെല്ലടിച്ചു. ചിലമ്പിച്ച ശബ്ദത്തിൽ മറുതലക്കൽ അവളായിരുന്നു! അവൾ സംസാരിച്ചതൊക്കെ അത്ഭുതത്തോടെയേ എനിക്ക് കേൾക്കുവാൻ സാധിച്ചുള്ളൂ!
വിവാഹം കഴിഞ്ഞുവെന്നത് വെറുതേ പറഞ്ഞതാണെന്നും, ഇന്നലെ സംസാരിച്ചതൊക്കെ അവൾ അമ്മയോട് പറഞ്ഞുവെന്നും, പറഞ്ഞത് കാര്യമായിട്ടാണെങ്കിൽ, വീട്ടിൽ വിഷയം അവതരിപ്പിക്കാമെന്നും അവൾ പറഞ്ഞത് അമ്പരപ്പോടെ ഞാൻ കേട്ടിരുന്നു! തിരിച്ച് ഒരു മറുപടി പറയുന്നതിന് മുമ്പേ ബാങ്കിൽ തിരക്ക് ഏറിയതോടെ തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചു.
തുടർന്ന് മറുപടികളൊന്നും പറയാതെ വിളികളുണ്ടായി! റെയിൽവേ സ്റ്റേഷനിലും, പള്ളിയിലും വച്ച് രണ്ട് തവണ ഞങ്ങൾ കണ്ടു. ഒരിക്കൽ മാത്രം യാത്ര പോയി. അപ്പോഴും മറുപടി പറയാതെ ചോദ്യം ബാക്കി നിന്നു!
അവളുടെ വീട്ടിൽ വിവാഹ ആലോചനകൾ വന്നു തുടങ്ങിയെന്നും, അധിക നാളൊന്നും പിടിച്ചു നിൽക്കാനാവില്ലെന്നും പറയവേ, എന്നിൽ ആധിയേറി!
സഹോദരി ഒരു പ്രണയ ബന്ധത്തിൽ അകപ്പെട്ടതായി പലരും പറഞ്ഞ് ഞാനും അറിഞ്ഞ സമയം! ചർച്ചകൾ, വാഗ്വാദങ്ങൾ, പരിഹാസങ്ങൾ, ചോദ്യങ്ങൾ എല്ലാം നേരിടേണ്ടി വന്ന നിമിഷങ്ങൾ! പിന്മാറാതെ വാശിയോടെ എതിര് ചൊല്ലുന്ന രക്ത ബന്ധം! പെട്ടെന്ന് തന്നെ, വളരെപ്പെട്ടെന്ന് തന്നെ ജീവിതം ദിശമാറി, പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത് ഞാനറിഞ്ഞു! ബന്ധുക്കളായി ചമഞ്ഞവർ മാറി നിന്ന് പരിഹസിച്ച കാലം! കരച്ചിലും പഴികളും നിത്യമായി! പരസ്പരം മിണ്ടാത്തവരുടെ കൂടാരമായി വീട് മാറി!
ഒരുമിച്ച് കൂടെ നിന്നവർ പോലും, മറയത്ത് നിന്ന് പരിഹസിച്ച കാലം! ആറു മാസക്കാലം സഹോദരി മിണ്ടാതിരുന്ന കാലം! ഉയർന്ന നിലവാരത്തിൽ പഠിച്ചവളുടെ പഠനം മുടങ്ങിയ കാലം! എന്റെ പ്രൊബേഷൻ കാലയളവിൽ ശരിയായ ശമ്പളം കിട്ടാതിരുന്ന കാലം!
അനാവശ്യമായ പ്രതിബദ്ധതകൾ ആയിരിക്കാം എന്നെ പിടിച്ചുലച്ചത്. ജീവിതമെന്നത് എന്റെ മാത്രമാണെന്നത് അന്ന് തിരിച്ചറിയാതെ പോയി. രണ്ട് മക്കളും ഒരേ പോലെ പോകുമ്പോൾ തകരുന്ന, മാതാപിതാക്കളോടുള്ള പ്രതിബദ്ധത! ഒപ്പം തീരുമാനങ്ങളെടുക്കാനറിയാത്ത പക്വതയെത്താത്ത പ്രായവും!
അസ്തമയ സൂര്യന്റെ ചുവപ്പ് നിറം വിട പറയലിന്റെയാണ്. പേരെടുത്ത് പറയാനാകാത്ത നഷ്ടങ്ങളുടെ വേദന മനസിൽ നിറക്കുന്നുണ്ടത്! കടന്നുപോയ പകലിന്റെ നഷ്ടം! കഴിഞ്ഞു പോയ ദിവസങ്ങളുടെയും, ബാല്യകൗമാരങ്ങളുടെയും നഷ്ടം!
മറുതലക്കൽ അവൾ, പറയാതെയെല്ലാം മനസിലാക്കി!
ഞാൻ പോകുകയാണ്, അടുത്തയാഴ്ച്ച എന്റെ നിശ്ചയമാണ്! മറുപടി എന്തെങ്കിലുമുണ്ടോയെന്ന് അറിയാനാണ് വിളിച്ചത്! ഓർമ്മകളെല്ലാം ഇന്നത്തെ അസ്തമയത്തോടെ മാഞ്ഞു പോകട്ടെ! ചിലമ്പിച്ച ശബ്ദം നിലച്ചു! ശ്വാസമെടുക്കുന്ന ശബ്ദം മാത്രം! ഒടുവിൽ ഫോൺ നിശബ്ദമായി!
സൂര്യൻ അസ്തമിച്ചു! ഇരുട്ട് മാത്രം! നേരിയ വെളിച്ചം പോലും കടന്നു വരാതെ ഇരുട്ട് കട്ട പിടിച്ചു കിടന്നു!
പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആഗ്രഹങ്ങളും നിർബന്ധങ്ങളും ഇഷ്ടങ്ങളും മാറ്റി നിർത്തി, ആർക്കുവേണ്ടിയുമല്ലാതെ ചരിച്ച വർഷങ്ങൾ! അനാവശ്യ പ്രതിബദ്ധതകൾ കാലാളെ ചതിച്ച് വീഴ്ത്തുന്ന ചതുരംഗ കളങ്ങളാണെന്ന തിരിച്ചറിവുകളുണ്ടായ വർഷങ്ങൾ!
വളരെപ്പെട്ടെന്നേ പ്രായം വച്ചു! മുടിയിഴകളിൽ നര വീണു. ദൃശ്യങ്ങളിൽ മങ്ങൽ നിറഞ്ഞു! ഓർമ്മകളെ പ്രായം തളർത്തുന്നതിനും മുമ്പ് ഒരു വേളയെങ്കിലും വീണ്ടും അവളെ കാണണമെന്ന് ആഗ്രഹം തോന്നി! തീർച്ചയായും തെറ്റാണത്; പക്ഷേ ഈ ജീവിതം ആത്യന്തികമായി എന്റെ മാത്രമാണെന്നതാണെന്റെ തിരിച്ചറിവ്! എന്റെ ശരികൾ എനിക്ക് മാത്രം; തെറ്റുകളും! ജീവിതം പഠിപ്പിച്ച തിരിച്ചറിവ്!
ഇപ്പോൾ ഉപ്പുരസമുള്ള കായൽക്കാറ്റ് എന്നെ തഴുകുന്നുണ്ട്. വലിയ മണിയുടെ രൂപമുള്ള ശിൽപ്പത്തിന് ചുവട്ടിൽ കായലിലേക്ക് അഭിമുഖമായിട്ട പച്ചനിറമുള്ള ചാരുബഞ്ചിൽ, അകലെ നിന്നും ഓളങ്ങളെത്തഴുകി ബോട്ട് വരുന്നതും കണ്ട് ഞാനിരുന്നു. ആ ബോട്ടിൽ അവളുണ്ട്!
അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങൾ പരക്കാൻ ഇനിയുമേറെയുണ്ട് സമയം! ബോട്ട് എത്തുന്നതും കാത്ത് ഞാനിരുന്നു…!

By ivayana