രചന : ബിന്ദു അരുവിപ്പുറം✍
കൊള്ളിവാക്കേറ്റമെറിഞ്ഞു കൊണ്ട്
കള്ളിൻ ലഹരിയിലാണ്ടു കൊണ്ട്
മാടത്തിന്നുള്ളിലൊളിച്ചു കൊണ്ട്
മാരനിരിപ്പുണ്ട് കണ്ടതില്ലേ?
കാർകൂന്തലാകെയഴിച്ച പെണ്ണ്
കാളുന്ന നോട്ടം തൊടുത്ത പെണ്ണ്
കാതടപ്പിക്കും ശകാരശേഷം
കണ്ണീരൊഴുക്കീട്ടു നിൽപ്പതെന്തേ?
പൈതങ്ങൾ കൂരയിൽ തന്നെയാണ്
പൈദാഹം കൊണ്ടങ്ങുറക്കമാണ്
കാണുമ്പോളുള്ളം നടുങ്ങുന്നുണ്ട്
കണ്ണീരിലെല്ലാം കലങ്ങുന്നുണ്ട്.
ഓർക്കുമ്പോളാകെ വിയർക്കുന്നുണ്ട്
നെഞ്ചത്തിടിവാള് വീഴുന്നുണ്ട്.
ദേഷ്യത്താലാകെ വിറയ്ക്കുന്നുണ്ട്
ദോഷം വരുത്തല്ലേ തമ്പുരാനേ!