ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

തപ്തമാനസരാകു-
മഭയാർത്ഥികളിന്നീ
ക്ഷുബ്ധസാഗരത്തിലെ
നൗകയിലലയവേ,
അഭയം തരാനൊരു
തീരമുണ്ടാകാമെന്ന
ശുഭചിന്തയിലനി-
ശ്ചിതത്വം മറക്കുന്നു.
പതിനായിരമോരോ
തീരത്തുമടുക്കുമ്പോൾ
പ്രതിരോധത്തിൻ മുള്ളു-
വേലിക്കു തോക്കിൻ കാവൽ!
ദുർഭഗർക്കിടം നഷ്ട-
മാകുമീ ധരിത്രിയിൽ
നിർഭയം ഖഗങ്ങൾ ദേ-
ശാടനം നടത്തുന്നു.
കരുതിയിരുന്നതീ
പാവങ്ങൾ, ജന്മംകൊണ്ട
കരയിൽ ജീവിക്കുവാ-
നുണ്ടു നേരവകാശം.
ഒരിക്കൽ നിഷ്കാസിത-
രായവരറിയുന്നു,
തിരിച്ചു പോകാൻ വീണ്ടും
പൊരുതി ജയിക്കേണം.
വന്മതിലുകൾ വന്നു
വഴികളടഞ്ഞു പോയ്
ജന്മനാട്ടിലേക്കുടൻ
കേറുവാനാവില്ലത്രേ.
അകലെയോരു കര
തെളിഞ്ഞു കാണാറായി
അലയാഴിയിലല-
യുന്നവർക്കാകാംക്ഷയായ്.
അലറും കടലിന്റെ-
യുന്മാദം വളരുന്നു
പലരും മറിയുന്ന
തോണിയിൽ പിടയുന്നു.
ദൃശ്യമാദ്ധ്യമങ്ങളീ
കാഴ്ചകൾ പകർത്തുന്നു
വിശ്വപൗരന്മാർക്കതു
വാർത്തയായ് ഭവിക്കുന്നു.
കടലാഴത്തിൽ മുങ്ങി –
മരിച്ച മനുഷ്യർതൻ
ഉടലെണ്ണവും സ്ഥിതി-
വിവരക്കണക്കായി.
അറിയാമിടക്കിടെ-
യായുധക്കരാറുകൾ
മുറതെറ്റാതെ രാഷ്ട്ര-
ശക്തികൾ പുതുക്കുന്നു!

മംഗളാനന്ദൻ

By ivayana