ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അല്ല, ഈ മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുത്തതുകൊണ്ടോ എം ബി എ പാസായതുകൊണ്ടോ ഒന്നും ഒരു ബിസിനസ് വിജയകരമായി കൊണ്ടുപോകാൻ സാധിക്കുകയില്ല. അതിന് ജന്മസിദ്ധമായ ഒരു വാസന വേണം. വെറും പാഷൻ കൊണ്ടൊന്നും അത് നടക്കുകയില്ല. വെറുതെ സ്വപ്നം കണ്ടിട്ടും ഒരു കാര്യവുമില്ല. എന്തൊക്കെ ചെയ്താലും എല്ലാവരും വിജയിക്കുകയുമില്ല.
അവർക്ക് പറ്റിയത് സുരക്ഷിതത്വമുള്ള സർക്കാർ ജോലി ആണ്.
നമ്മുടെ രാജ്യം അതിവിശാലമാണ്. 135 കോടി ജനങ്ങൾ ഉണ്ട്. ഏത് ഉൽപ്പന്നവും ഏതു സേവനവും വാങ്ങാൻ ഇവിടെ ആളുണ്ട്.
ആരും കൈവയ്ക്കാത്ത പുതിയ ബിസിനസ് മേഖലകളും നമുക്ക് കണ്ടെത്തി വിജയിപ്പിക്കാം. ഉദാഹരണം ഞാൻ ചെയ്ത പാചകവാതകം, ഓൺലൈൻ ലോട്ടറി .
എൻറെ കാര്യം പറഞ്ഞാൽ, ബികോം കഴിഞ്ഞപ്പോൾ അക്കാലത്ത് കേരളത്തിൽ MBA കോഴ്സ് ഉള്ള ഒരേയൊരു സ്ഥാപനമായ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കിട്ടിയ അഡ്മിഷൻ വേണ്ടെന്നുവച്ച് സാദാ എം കോമിന് ചേർന്ന് , 23 വയസ്സിൽ പഠനം കഴിഞ്ഞ്, ഉടൻതന്നെ ഞാൻ ജോലിക്ക് വേണ്ടി എഴുതിയ മത്സരപ്പരീക്ഷകളെല്ലാം പാസായി. ഹ്രസ്വമായ ഇടവേളയിൽ പ്രതിമാസം നൂറു രൂപ ശമ്പളത്തിന് രണ്ടു പാരലൽ കോളേജുകളിൽ അധ്യാപകനായി ജോലി ചെയ്തു.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ആദ്യത്തെ ചാൻസിൽ ത്തന്നെ പാസായി. മെയിൻ പരീക്ഷയും മറ്റും ഒന്നോരണ്ടോ ചാൻസുകൂടി നോക്കിയിരുന്നെങ്കിൽ ചിലപ്പോൾ കിട്ടിപ്പോയേനെ.
ഫെഡറൽ ബാങ്കിൽ ഓഫീസർ ആയിട്ട് നിയമനം കിട്ടി പക്ഷേ ഞാൻ ജോയിൻ ചെയ്തില്ല. ജനറൽ ഇൻഷുറൻസ് കോർപറേഷൻ AA0 ജോലി കിട്ടി. അവിടെയും പോയില്ല. സൗത്ത് ഇന്ത്യൻ ബാങ്കിലും ജോലി കിട്ടി. അതിനും പോയില്ല.
കോളേജ് ലെക്ചറർ ആയിപ്പോയേനേ. പക്ഷേ അത് കമ്പിത്തപാൽ വകുപ്പിന്റെ ഉദാസീന മൂലം നഷ്ടപ്പെട്ടു. ഡോക്ടർ ആയിപ്പോയേനേ. കർണാടകയിലും അമേരിക്കയിലും അഡ്മിഷൻ കിട്ടുമായിരുന്നു. പക്ഷേ വേണ്ടെന്നുവച്ചു.
കാരണം, ചെറുപ്പം മുതൽ ഒരു വ്യാപാരി ആവണം എന്നതായിരുന്നു എൻറെ ആഗ്രഹം. വലിയ കച്ചവടം ഒന്നുമല്ല മൂവാറ്റുപുഴ ടൗണിലെ വെട്ടുകാട്ടിൽ പൗലോസ് ചേട്ടൻറെ സ്റ്റേഷനറിക്കട പോലെ ഒരു കട എങ്കിലും നടത്തണം. അതായിരുന്നു എൻറെ സ്കൂൾകാലം മുതലുള്ള ആഗ്രഹം.. ഓട്ടോറിക്ഷ ഓടിക്കാനും ഞാൻ തയ്യാറായിരുന്നു. എംപ്ലോയി ആകാനല്ല എംപ്ലോയർ ആകാൻ ആയിരുന്നു ഇഷ്ടം.
അങ്ങനെയാണ് പൊതുമേഖലാ എണ്ണക്കമ്പനിയുടെ ഗ്യാസ് ഏജൻസി ലൈസൻസിന് അപേക്ഷ അയച്ചത്. ഡിഗ്രിയുടെ മാർക്കിൻ്റേയും ഇൻറർവ്യൂവിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ മറ്റ് 56 അപേക്ഷകരെ പിന്തള്ളി ഏജൻസിക്കുള്ള ലെറ്റർ ഓഫ് ഇൻ്റെൻ്റ് എനിക്ക് കിട്ടി.
വലിയ “നവരത്ന ” കമ്പനി ആണെന്നൊക്കെ വീമ്പ് പറയുന്ന ഒരു യൂസ്‌ലെസ് കമ്പനിയാണ് നമ്മുടെ മേലധികാരി. യാതൊരുവിധ ട്രെയിനിംഗും കൂടാതെയാണ് അവർ ഗ്യാസ് ഏജൻസി തുടങ്ങിക്കോളാൻ പറഞ്ഞത്. അന്ന് കേരളത്തിൽ നാലോ അഞ്ചോ സ്ഥലത്ത് മാത്രമേ ഗ്യാസ് വിതരണം ഉള്ളൂ. ഞാനാണെങ്കിൽ ഗ്യാസ് സിലിണ്ടർ കണ്ടിട്ടു പോലുമില്ല. മാത്രമോ തുടങ്ങിയതിന്റെ പിറ്റേന്ന് മുതൽ പീഡനങ്ങളും ആരംഭിച്ചു. തുടങ്ങിയ ആഴ്ച്ച തന്നെ ഈ പണി വേണ്ടെന്ന് വെക്കാൻ ഞാൻ ആലോചിച്ചതാണ്. ഭീകരമായിരുന്നു എണ്ണ ക്കമ്പനിയുദ്യോഗസ്ഥരുടേയും വിൽപ്പനനികുതി തുടങ്ങിയ വകുപ്പുദ്യോഗസ്ഥന്മാരുടെയും പീഡനങ്ങൾ . . ഏജൻസിക്കുവേണ്ടി ശ്രമിച്ചിട്ടു കിട്ടാതെപോയ മൂവാറ്റുപുഴയിലെ ഒരു വ്യാപാരികുടുംബം അതിഹീനമായ രീതിയിൽ ഗൂഢാലോചന നടത്തി എന്നെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു എംപ്ലോയി ആയാൽ മതിയായിരുന്നു എന്ന് വിചാരിച്ചു പോയിട്ടുണ്ട്.
അതുകൊണ്ട് പിടിച്ചുനിൽക്കാൻ വേണ്ടി ഞാൻ എല്ലാപ്പണികളും തനിയെ ചെയ്തു പഠിച്ചു . ഓഫീസ് മാനേജ്മെൻറ്, ലേബർ , ഫിനാൻസ്, പർച്ചേയ്സ്, സെയിൽസ്, അക്കൗണ്ടിംഗ്, പബ്ലിക് റിലേഷൻസ് , ടാക്സേഷൻ എന്നുവേണ്ട സകലതും ഞാൻ തനിയെ പരീക്ഷിച്ചു പരീക്ഷിച്ച് വികസിപ്പിച്ചെടുത്ത സിസ്റ്റങ്ങളാണ്. കാലാകാലങ്ങളിൽ സർക്കാർ നിയമങ്ങളും ചട്ടങ്ങളും മാറുന്നതനുസരിച്ച് (ഉദാഹരണം വില്പന നികുതി, വാറ്റ്, ജി എസ് ടി , ആധാർ സീഡിങ്, സബ്സിഡി) അക്കൗണ്ടിംഗ് രീതിയിലും മറ്റുമുള്ള എല്ലാ മാറ്റങ്ങളും ഞാൻ തന്നെ പ്ലാൻ ചെയ്തു നടപ്പാക്കി.
ബിസിനസ് സ്ട്രാറ്റജികൾ എല്ലാം ഞാൻ സ്വയം ആലോചിച്ച് കണ്ടെത്തി നടപ്പാക്കി. പരസ്യങ്ങളും ഞാൻ തന്നെ ഡിസൈൻ ചെയ്തു., വാചകങ്ങൾ എഴുതി ഉണ്ടാക്കി. അതെല്ലാം ഫലം കണ്ടു.
“എന്തും ഏതിനോടും എക്സ്ചേഞ്ച് ” എന്ന ബിസിനസ് തന്ത്രം കണ്ടുപിടിച്ചത് ഞാനാണ് എന്നാണ് എന്റെ വിശ്വാസം !
നിയമവിധേയമായ രീതിയിൽ ലാഭമുണ്ടാക്കാവുന്ന എല്ലാ മാർഗങ്ങളും ഉപയോഗിച്ചു..
നിയമങ്ങൾ കൃത്യമായി മനസ്സിലാക്കാതെ മറ്റു ഗ്യാസ് ഏജൻസികൾ അബദ്ധത്തിൽ നികുതിയിനത്തിൽ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയപ്പോൾ എനിക്ക് അത്തരം യാതൊരു നഷ്ടവും ഒരുകാലത്തും ഉണ്ടായിട്ടില്ല.
പതിനായിരക്കണക്കിന് ഉപയോക്താക്കളെ ഞാൻ തന്നെ നേരിട്ട് സംസാരിച്ച് എൻറോൾ ചെയ്തു. ഫലപ്രദമായ സെയിൽസ് ടോക്കിലൂടെ അവരേക്കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിച്ചു.
V.J. കുര്യൻ, ടി കെ ജോസ് , കെ എം അബ്രഹാം തുടങ്ങിയ ഐഎഎസ് കാരും ഐപിഎസ്സുകാരും പത്രപ്രവർത്തകരും മത, രാഷ്ട്രീയ,സാമുദായിക നേതാക്കളും ഡോക്ടർമാരും എൻജിനീയർമാരും പ്രൊഫസർമാരും മുതൽ അതിദരിദ്രരായ ആളുകൾ വരെ പത്തു നാൽപ്പതിനായിരം ആളുകൾ എൻറെ മുമ്പിൽ വന്നു രജിസ്റ്ററിൽ ഒപ്പിട്ടിട്ടുണ്ട്.
ഈ 40 വർഷത്തിനിടെ ഒരേയൊരു കൺസ്യൂമർ കേസുമാത്രമാണ് എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളൂ. അതും എണ്ണക്കമ്പനിയുടെ കുഴപ്പം കൊണ്ടു മാത്രം.
അത്രമാത്രം ജാഗ്രതയാണ് ഞാൻ കാണിച്ചിട്ടുള്ളത്.
അഞ്ചുപൈസ പോലും ഞാൻ ആർക്കും കൈക്കൂലി കൊടുത്തിട്ടില്ല. പകരം ക്ഷമയോടെ കാത്തിരിക്കുക, അല്ലെങ്കിൽ പ്രതികരിക്കുക ഇതാണ് എൻറെ രീതി. രാഷ്ട്രീയക്കാർക്ക് നിസ്സാരമായ തുകകൾ മാത്രമേ സംഭാവന കൊടുത്തിട്ടുള്ളു.
ഏറ്റവും പ്രധാനം ഈ അധ്വാനം എല്ലാം ഞാൻ ആസ്വദിച്ചു എന്നതാണ്.
മൂവാറ്റുപുഴയിൽ ബിസിനസിന് വേണ്ടി കമ്പ്യൂട്ടറൈസ് ചെയ്ത ആദ്യത്തെ സ്ഥാപനം എന്റേതാണ്. (അതിനുമുൻപ് ഒന്നോ രണ്ടോ സ്ഥാപനങ്ങൾ അക്കൗണ്ടിങ്ങിനു വേണ്ടി മാത്രം കമ്പ്യൂട്ടർ വാങ്ങിയിരുന്നു)
കേരളത്തിലെ രണ്ടാമത്തെ കമ്പ്യൂട്ടറൈസ്ഡ് ഗ്യാസ് ഏജൻസിയും എന്റേതാണ്.
എന്റെ അക്കൗണ്ടൻ്റും ടാക്സ് കൺസൾട്ടന്റും മാനേജരും പിആർഒയും ടൈപ്പിസ്റ്റും ഡിടിപി ക്കാരനും എല്ലാം ഞാൻ തന്നെയായിരുന്നു.
അത്യാവശ്യസന്ദർഭങ്ങളിൽ ഡെലിവറി ബോയിയും മെക്കാനിക്കും പ്യൂണും തൂപ്പുകാരനുമായി ഞാൻതന്നെ പ്രവർത്തിക്കുമായിരുന്നു..
ഇത്തരം കാര്യങ്ങൾക്കൊന്നും യാതൊരുവിധ സപ്പോർട്ടും എണ്ണ കമ്പനിയിൽനിന്നും ലഭിച്ചിട്ടില്ല. ഞാൻ പഠിച്ച എംകോം കൊണ്ടും എനിക്ക് യാതൊരു പ്രയോജനവും ബിസിനസ്സിൽ ഉണ്ടായിട്ടില്ല. എൻറെ സഹോദരന്മാർ മൂലധനവും കുറച്ചു വർഷത്തേക്കുള്ള സ്ഥലസൗകര്യവും തന്നു സഹായിച്ചു. ഒരിക്കലും ബാങ്ക് വായ്പ ഞാൻ എടുത്തിട്ടില്ല.
(പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു അവയ്ക്കു പരിഹാരം ഉണ്ടാക്കുക.
24 മണിക്കൂറും ജാഗ്രത പാലിക്കുക.
ഇന്ന് ചെയ്യേണ്ട കാര്യം ഇന്ന് തന്നെ ചെയ്യുക. യാതൊന്നും നാളേക്ക് മാറ്റിവയ്ക്കാതിരിക്കുക.
വരുന്നിടത്ത് വച്ച് കാണാം എന്ന ചിന്താഗതി ഒരിക്കലും പാടില്ല.
കടം വാങ്ങാതിരിക്കുക.
ചെറുതിൽ നിന്ന് തുടങ്ങുക.
ഇരുന്നിട്ട് കാലു നീട്ടുക.
ഷോറൂമിനും ഫർണിഷിങ്ങിനും ജാഡക്കും വേണ്ടി പണം ചെലവാക്കാതിരിക്കുക.
ദിവസേന പത്രം വായിക്കുക. നിയമങ്ങളും സർക്കാരിന്റെ നയം മാറ്റങ്ങളും എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക.
പണവും പ്രമാണിത്തവും ഉണ്ടാകുമ്പോൾ കക്ഷത്തിൽ ഇഷ്ടിക വച്ചതുപോലെ മസിൽ പിടിച്ചു നടക്കുന്ന മനുഷ്യരെ കണ്ടിട്ടില്ലേ?
എത്ര പണമുണ്ടായാലും പഴയ ജീവിതശൈലി തന്നെ പിന്തുടരുക. മതിമറക്കാതിരിക്കുക.
തുടങ്ങേണ്ടപ്പോൾ തുടങ്ങുക . നിർത്തിക്കളയേണ്ടപ്പോൾ നിർത്തിക്കളയുക.
മദ്യപാനം, അധികം കൂട്ടുകെട്ട് ഇവയൊന്നും ബിസിനസുകാരെന്നല്ല, ആർക്കും നല്ലതല്ല.
ബിസിനസ്സിലെ സകല കാര്യങ്ങളും ഭാര്യയോടും മക്കളോടും പങ്കുവെക്കുക. നമ്മുടെ പ്രശ്നങ്ങൾ അവർ അറിയട്ടെ. പുറമേയുള്ള സുഹൃത്തുക്കൾ പലരും നമ്മുടെ വീഴ്ചകൾ കണ്ട് രഹസ്യമായി സന്തോഷിക്കുന്നവരാകാം.
സ്തുതിപാഠകരേയും നമ്മുടെ മനസ്സാക്ഷി സൂക്ഷിപ്പുകാർ എന്ന വ്യാജേന ചുറ്റിപ്പറ്റി നടക്കുന്നവരെയും പറിച്ചെറിയുക.
നമ്മുടെ തൊഴിലിലെ ഏതു മേഖലയിലും ഉള്ള ജോലികൾ വേണ്ടിവന്നാൽ നമുക്ക് തന്നെ ചെയ്യാൻ സാധിക്കണം.
തൊഴിലാളികളുടെ, പ്രത്യേകിച്ച് ഫീൽഡിൽ പോകുന്ന തൊഴിലാളികളുടെ പ്രവർത്തനങ്ങൾ മിന്നൽ പരിശോധനകൾ നടത്തി മനസ്സിലാക്കണം. ഇല്ലെങ്കിൽ നമ്മൾ അറിയാത്ത ചതിക്കുഴികളിൽ വീണുപോയേക്കാം. ഇത് നിരവധി അനുഭവങ്ങളിൽനിന്ന് പറയുന്നതാണ്.
സുഹൃത്തുക്കൾ, നാട്ടുകാർ, ബന്ധുക്കൾ ഇവരെയൊന്നും യാതൊരു കാരണവശാലും ബിസിനസിൽ കൂടെ കൂട്ടരുത്.
വെറുതെ വാചകം അടിച്ച് സമയം കളയുന്ന സുഹൃത്തുക്കളെ അടുപ്പിക്കാതിരിക്കുക.
നിങ്ങളെക്കാൾ മിടുക്കന്മാരെ ഒരിക്കലും ജോലിക്കെടുക്കരുത്.
ആളും തരവും അറിഞ്ഞു വേണം ഉപഭോക്താവിനോടു സംസാരിക്കുവാൻ .
ഒരു നല്ല വ്യാപാരി നല്ലൊരു മനശാസ്ത്ര വിദഗ്ധൻ ആയിരിക്കണം.
പണ്ഡിതനോട് പാണ്ഡിത്യത്തോടെയും സാധാരണക്കാരനോട് സാധാരണഭാഷയിലും സംസാരിക്കണം . അല്ലാതെ കോട്ടും കൈയും കെട്ടി ജാട കാണിച്ചു നടന്നാൽ ഒന്നും എല്ലാവരെയും സ്വാധീനിക്കാൻ സാധിക്കില്ല. അതാതു തരത്തിന് പറ്റിയ സെയിൽസുമാന്മാരെ നിയമിക്കണം.
ഏറ്റവും പ്രധാനമായ കാര്യം: ക്യാഷ് എന്ന ഒരു സാധനം സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ ആരേയും വിശ്വസിക്കരുത്.
“പൂട്ടാത്ത പെട്ടി പുണ്യവാളനും കക്കും “
നല്ല യൗവനകാലത്ത് സാധിക്കുന്നത്ര ജോലി ചെയ്യുക. സമ്പാദിക്കുക. സാമ്പത്തിക സുരക്ഷിതത്വം നേടുക. പത്തറുപതു വയസ്സൊക്കെ ആകുമ്പോൾ പതിയെ പിന്മാറുക.
ഒരു സ്വർണ്ണക്കട നടത്തുന്നതിനേക്കാൾ 100 ഇരട്ടി എളുപ്പമാണ് നൂറു സ്വർണ്ണക്കട ഒരേസമയം നടത്താൻ . കാരണം അവിടെ പ്രഫഷണലിസം കൊണ്ടുവരാൻ സാധിക്കും. റീറ്റെയ്ൽ കച്ചവടമാണ് ഏറ്റവും ബുദ്ധിമുട്ട്.)
ഞാൻ പിന്നീട് ബാങ്ക്, ഗൃഹോപകരണങ്ങൾ, ടെലിവിഷൻ, കമ്പ്യൂട്ടർ വിദ്യാഭ്യാസം, ഓൺലൈൻ ലോട്ടറി, റിയൽ എസ്റ്റേറ്റ് തുടങ്ങി ആറ് വ്യത്യസ്തതരം ബിസിനസുകൾ ഒരേസമയത്ത് ചെയ്തു. എല്ലാ വിജയിച്ചു. എന്നാൽ പലതിൻ്റെയും സുവർണ്ണകാലം കഴിഞ്ഞപ്പോൾ നിർത്തിക്കളയുകയും ചെയ്തു.
ഇതിനെല്ലാം ഇടയിലും ഞാൻ പാട്ട്, അഭിനയം, യാത്രകൾ, വായന,ഫോട്ടോഗ്രഫി, സിനിമ തുടങ്ങിയ എല്ലാ ഹോബികളും തുടർന്നുകൊണ്ടേയിരുന്നു.
32 വയസ്സിൽ ലിംകാ ലോകറിക്കാർഡും 50 വയസ്സിൽ ഗിന്നസ് ലോക റെക്കോർഡും ഞാൻ കരസ്ഥമാക്കി.
ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ച് നേടി എന്നു പറയുന്ന ആളുകളെ കണ്ടിട്ടുണ്ട്’ പക്ഷേ എനിക്ക് പറയാനുള്ളത് അധ്വാനിക്കാൻ ആദ്യം ഭൂമിയിൽ ജനിക്കണം. പിന്നെ ആയുസ്സ് ,ആരോഗ്യം, ബുദ്ധി ഇവയെല്ലാം ഉണ്ടായിരിക്കണം. ഇതൊക്കെ തരുന്നത് ഈശ്വരനാണ്. അതുകൊണ്ട് ഈശ്വരാശ്രയം എപ്പോഴും വേണം.
ഈ MBA ക്കാരേയും മോട്ടിവേഷൻ ട്രെയിനർമാരേയും വിളിച്ച് ഒരു പെട്ടിക്കട നടത്താൻ പറഞ്ഞു നോക്കൂ. അവർ വാലും ചുരുട്ടി ഓടുന്നത് കാണാം. ഏട്ടിലെ പശു പുല്ലു തിന്നില്ല.

ജോബ് ഗിന്നസ്

By ivayana