രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
കുറേയായി ആരുമില്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ആ വീട് ആരോ വാങ്ങി എന്നു പറയുന്നതു കേട്ടിരുന്നു.ഇന്നലെ രാത്രിയാണ് അവിടെ വെളിച്ചം ശ്രദ്ധയിൽ പെട്ടത്. ആരൊക്കെയാണാവോ ഉള്ളത്…മെല്ലെ കർട്ടൻ വകഞ്ഞു മാറ്റി ഒന്നെത്തി നോക്കാൻ മനസ്സു മന്ത്രിച്ചു.
മൂന്നുനാലു പേർ മിനിലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കി വെക്കുന്നു. ഉള്ളിൽ ആരൊക്കെയോ ഉണ്ടെന്നു തോന്നുന്നു. ഓ…..എന്തായാലും നാളെ അറിയാം.
പതിവുപോലെ പൃജാമുറിയിൽ കുമ്പിട്ടു നമസ്ക്കരിച്ച ശേഷം വാതിലും ജനാലയുമൊക്കെ ഭദ്രമായി അടച്ചു എന്നുറപ്പു വരുത്തി.
ഭഗവാനെ കാക്കണേ….മന്ത്രിച്ചു കൊണ്ട് അവൾ കിടപ്പറയിലേക്കു നടന്നു.
ലൈറ്റു കെടുത്തി കിടന്ന് ഏറെ നേരം കഴിഞ്ഞീട്ടും, എന്തുകൊണ്ടോ ഉറക്കം വന്നില്ല.
ഭർത്താവിനു സ്ഥലം മാറ്റം വരുമ്പോൾ മകനുമായി പല വീടുകൾ മാറിയതും, പുതിയ പുതിയ ആൾക്കാരെ പരിചയപ്പെടുന്നതും മനസ്സിലൂടെ മിന്നിമറയുകയായിരുന്നു. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഈശ്വരാ…..എന്തിനാ എന്റെ ജീവനാഥനെ നീ കൊണ്ടുപോയത്..? ഇനി എന്നേയും വേഗം വിളിക്കണേ….
എപ്പോഴോ ഉറങ്ങിപ്പോയി.
പുറത്ത് ടൈഗർ ബഹളം വെക്കാൻ തുടങ്ങിയപ്പോഴാണ് ഉണരുന്നത്. പെട്ടന്നാണ് ഓർത്തത്. അപ്പുറത്തെ വീട്ടിൽ ആളു വന്നല്ലോ. ..
ജനാലയിൽ കൂടി നോക്കിയപ്പോൾ അവിടെ വെളിച്ചവും
അനക്കവുമില്ലായിരുന്നു.
വേലക്കാരി വന്നപ്പോഴാണ് അപ്പുറത്തെ വിവരങ്ങൾ അറിയുന്നത്. അവിടെ ഒരാളു മാത്രമാണ് ഉള്ളത്. ഭാര്യ മരിച്ചു പോയ അദ്ദേഹം ഒറ്റക്കാണത്രേ. ..
വേലക്കാരി കിട്ടിയ വിവരങ്ങൾ വിസ്തരിച്ചു.
ഇടക്ക് അയാൾ ഓട്ടോയിൽ പോകുന്നതും വരുന്നതും കാണാം.അയാൾ ഒന്നു നോക്കുക പോലും ചെയ്തിരുന്നില്ല.
ദിവസങ്ങൾ കടന്നു പോയി. അന്ന് പതിവില്ലാതെ കാളിംഗ് ബെൽ മുഴങ്ങിയപ്പോൾ ജനാലയിലൂടെ പുറത്തേക്കു നോക്കി.
ഒരാൾ പുറത്തു നിൽക്കുന്നു. ഒരു മദ്ധ്യവയസ്കൻ.
അവൾ വാതിൽ തുറന്നു. ടൈഗർ നല്ല ഉറക്കത്തിലാണ്.
ഇത് അടുത്ത വീട്ടിലെ പുതിയ താമസക്കാരനല്ലേ. ..
അവൾ സ്വയം ചോദിച്ചു.
മുഖത്തു ചിരി വരുത്തി അദ്ദേഹത്തെ സ്വാഗതം ചെയ്തു.
വരൂ….അകത്തോട്ടിരിക്കാം. ..
മുഖാമുഖം കണ്ടപ്പോൾ അയാളൊന്നു പരിഭ്രമിച്ചു. എവിടെയോ കണ്ടതു പോലെ തോന്നുന്നു.
അയാൾ അകത്തു കയറിയിരുന്നു. ചുറ്റുപാടും ഒന്നു നോക്കി. ചുവരിൽ ഒരു കല്യാണ ഫോട്ടോ അയാളുടെ ശ്രദ്ധയിൽ പെട്ടു. അയാൾ ഒന്നു ഞെട്ടിപ്പോയീ.
അയ്യോ. …ഇതു ശാലിനിയല്ലേ. ..തന്റെ കോളേജിൽ പഠിച്ചിരുന്ന അതേ ശാലിനി….
അയാളുടെ ഹൃദയമിടിപ്പു കൂടുമ്പോൾ, അവളും ആ മുഖം ഓർമ്മയിൽ തിരയുകയായിരുന്നു.
അയാൾ പരിഭ്രമം ഒളിപ്പിച്ചു മുഖത്തു ചിരി വരുത്തി. സംസാരത്തിനിടയിൽ രണ്ടു പേരും തിരിച്ചറിഞ്ഞീട്ടും ഒന്നും പറഞ്ഞില്ല.
തന്റെ പ്രേമാഭ്യർത്ഥന നിരസിച്ച ശാലിനിയെ അയാൾ കൗതുകത്തോടെ നോക്കി. പ്രായം വലിയ മാറ്റമൊന്നും ആ മുഖത്തു വരുത്തിയിട്ടില്ല….
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ സ്ഥലവും പഠിച്ച കോളേജും സൂചിപ്പിച്ചു. ശാലിനി തന്റെ സംശയം സ്ഥിരീകരിക്കുകയായിരുന്നു.
അവർ പരസ്പരം ഹൃസ്വ സംഭാഷണവും,നടത്തി. ജീവിതത്തിന്റെ അസ്തമയ ചക്രവാളത്തിൽ അവർക്കിടയിൽ ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതെ
നിശ്വാസങ്ങൾ ഇടവേളകൾ തീർത്തു.
എഴുപതിനോടടുക്കുന്ന രാജീവ്,ശാലിനിയെ കണ്ടതിനു ശേഷം തന്റെ രോഗവും,വിഷമങ്ങളും മറന്നു ഊർജ്ജ്വസ്വലനാകുകയായിരുന്നു . തന്റെ മനസ്സിലെ ആ പഴയ സങ്കല്പങ്ങൾ പുനർജനിക്കുമ്പോൾ. അയാൾ ഒരു തീരുമാത്തിൽ എത്തുകയായിരുന്നു. ഇനിയുള്ള കാലം ശാലിനീയോടൊപ്പം ജീവിക്കണം.
അടുത്ത ദിവസം വൈകുന്നേരം ശാലിനിയെക്കാണാൻ ഗൃഹപാഠം നടത്തി ഉറപ്പിച്ചു അയാൾ അവിടെ എത്തി. തന്റെ ഇംഗിതം കേട്ടു ശാലിനി വീണ്ടും പഴയതു പോലെ നിരസിക്കുകയും, ദേഷ്യപ്പെടുകയും ചെയ്യുമെന്ന് അയാൾ ഒട്ടും കരുതിയില്ല.
ഹൃദയം പിളരുന്ന വ്യഥ അയാൾ ഒതുക്കുവാൻ ശ്രമിച്ചു.
തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ഒരേയൊരു ചിന്ത അയാളെ വേട്ടയാടുകയായിരുന്നു.
‘ഇനിയീ ജീവിതം വ്യർത്ഥമാണ്’.
അടുത്ത രണ്ടു ദിവസം അയാളെ പുറത്തു കണ്ടതായില്ല.
ശാലിനിക്ക് കുറ്റബോധം തോന്നി. അങ്ങനെ വെട്ടിത്തുറന്നു ദേഷ്യപ്പെട്ടത് ശരിയായില്ല എന്ന തോന്നൽ അവളുടെ ഉറക്കം കെടുത്തി. അവൾ ഉറങ്ങാതെ നേരം വെളുപ്പിച്ചു.
രാവിലെ എഴുന്നേറ്റ് അവൾ അടുത്ത വീട്ടിലേക്ക് നോക്കി.
പുറത്ത് അയാളുടെ നായ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും വാതിലിൽ മാന്തുകയും ചെയ്യുന്നുണ്ടായിരുന്നു.
ഒന്നു പോയി നോക്കാം. അയാളോട് അങ്ങനെ തുറന്നടിച്ചു പറഞ്ഞത് തെറ്റായിപ്പോയി. പ്രായമായാലും കുട്ടികളുടെ മനസ്സാണെന്ന് പണ്ടും തോന്നിയിട്ടുണ്ട്.
കുളിച്ചൊരുങ്ങി നല്ല വസ്ത്രം ധരിച്ചു ശാലിനി സ്വയം ഒന്നു നോക്കി. അവൾ തീരുമാനം മാറ്റാൻ സജ്ജമായി.
ശാലിനി വേഗം നടന്നു.ഗേറ്റു തുറന്നു അകത്തു കടന്നപ്പോൾ നായ ദയനീയമായി അവളെ നോക്കി. അതിന്റെ കണ്ണിൽ നിന്നു വെള്ളം ഒഴുകുന്നുണ്ടായിരുന്നു.
ശാലിനി കൂറേ നേരം ബെല്ലമർത്തി. ..കതകിൽ മുട്ടി. ..
ആ കതക് തുറന്നതേയില്ല. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ. ……
അവൾ ഉറക്കെ ആർത്തു വിളിച്ചു…..വിനോദ്…പ്ളീസ്.
അവൾ അവിടം വിട്ടിറങ്ങി. ഒരു തിരികെ വിളിക്കായി കാതോർത്തു.പക്ഷേ അതുണ്ടായില്ല.
അവിടെ കിടന്ന നായും അതൂ ശരിവെക്കുന്ന രീതിയിൽ ഓളിയിടുന്നുണ്ടായിരുന്നു.
ഒരടി മുന്നോട്ടു വെക്കാനാവാതെ ശാലിനി അവിടെ കുഴഞ്ഞുവീണു.
നായയുടെ കരച്ചിൽ കുറച്ചുകൂടെ ശക്തമായി തുടർന്നു. ..