മനുഷ്യാ, നീയൊരിയ്ക്കലും
മറന്നു പോകരുതേ,
നീയൊരു കുളിർ കാറ്റിൻ
ഔദാര്യമാണെന്ന്.
ഒരു മഴത്തുള്ളിയുടെ
നനവോലും കനിവിലാണ്
നി വാടിക്കരിയാത്തതെന്ന്.’
ഒരു പുൽക്കൊടിത്തുമ്പിൻ
സ്നേഹ വാത്സല്യമാണിവിടെ നിന്നെ
ജീവത്താക്കുന്നതെന്ന്.
ഒരു കുളിർത്തെന്നലുയർന്നു
മേഘമായ്, മഴവില്ലായ്
പനിനീർ മഴയായി
മണ്ണിൽ പൊഴിയുന്നു.
ആ ജലബിന്ദു ഭൂദേവിയെ
പുൽകിയുണർത്തുമ്പോൾ
പുളകം പോലൊരു പുൽ
നാമ്പുയിർ കൊള്ളുന്നു.
ആ മരതകത്തളിരിൻ
നിർവൃതി നിശ്വാസമാകുo
പ്രാണമാരുതൻ നമ്മിൽ
ജീവന്റെ ജീവനായ്
ഇഴുകിയലിയുന്നു.
നിതാന്ത ജീവ ചൈതന്യായനം
ഒരാവൃത്തിയായ് പൂർത്തിയാവുന്നു.
പൂഴിമണ്ണും പുൽക്കൊടിയും
പിന്നെ പൂങ്കാറ്റും കുളിർ മഴയും
മനുജനുമൊറ്റ പൊക്കിൾക്കൊടി
കൊണ്ടിവിടെയൊന്നാവുന്നു.
മനുഷ്യാ, നീയൊരിക്കലും നിന്റെ
പ്രാണ ഞരമ്പ് മുറിയ്ക്കാതിരിക്കുക!
നീലാകാശം നിറഞ്ഞു കവിയുന്ന വിശാല ജലാശയമല്ല നാം.
നമ്മുടെ അമ്മ കുഞ്ഞായിരുന്നപ്പോൾ
മെനെഞ്ഞെടുത്തു സന്തോഷിച്ച മൺ പ്രതിമകളല്ലേ നാം?
മണ്ണ് മണ്ണിനെ മറക്കരുത്, മനുഷ്യാ!🙏🌹

പിറവം തോംസൺ

By ivayana