രചന : കൃഷ്ണമോഹൻ കെ പി ✍
വനമാലി മുരളികയൂതിടുമ്പോൾ
വനികകൾ കോൾമയിർക്കൊണ്ടിടുന്നൂ
വനപുഷ്പ ജാലം ചിരിച്ചു നില്ക്കേ
വനപക്ഷിവൃന്ദം ചിലച്ചിടുന്നൂ
വനറാണി പൂമാല ചൂടിടുമ്പോൾ
വനമാകെപ്പൂമണം വീശിടുന്നൂ
വനിതകളാമോദ ചിത്തരായി
വരണമാല്യത്തിനായ് കാത്തുനില്പൂ
നവനവ സ്വപ്നങ്ങളവരെയെല്ലാം
നവനീതചിത്തരായ് മാറ്റിടുന്നൂ
നിരുപമ സംഗീത ലയമുണർന്നൂ
നിരവധി ഗീതങ്ങൾ പൂവണിഞ്ഞൂ
പ്രണയമാംവേണുവിൽ ധ്വനിയുണർന്നൂ
പ്രമദ പുഷ്പങ്ങളിൽ തേൻ കിനിഞ്ഞൂ
പ്രകൃതി തന്നുത്സവ വേളയായീ
പ്രണയോത്സവത്തിനു നേരമായീ
മകരന്ദമൊഴുകുന്ന പൂനിലാവിൽ
മനുജൻ്റെ തരളിത മോഹമെല്ലാം
മലയാനിലൻ വന്നുണർത്തിടുന്നൂ
മനമൊന്നായലയുന്നു പുളിനങ്ങളിൽ
യദുകുലകാംബോജീ രാഗധാര
യദുവംശനായകൻ മൂളിടുമ്പോൾ
യവനസംഗീതവും തോറ്റു പോയീ
യുവതികൾ ഗോപികമാരുമായീ