രചന : സഫി അലി താഹ✍
ചില മനുഷ്യരുണ്ട്, അവരിലേക്ക് പോലും ചിന്തയെത്തിക്കാൻ അവർക്ക് കഴിയില്ല. ജീവിതത്തിനും മരണത്തിനും ഇടയിൽ അവരുടെ ചിന്തകൾ പെൻഡുലം പോലെ നിൽക്കും.
ഞാൻ സംസാരിച്ചിട്ടുള്ള ചില മനുഷ്യർ എന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്. നീ മാത്രമാണ് എനിക്കുള്ളത് എന്ന് പറഞ്ഞ ശേഷം അതുപോലെ കുറെയേറെ മനുഷ്യർ അവർക്കുണ്ടെന്ന് തിരിച്ചറിഞ്ഞവർ.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെയാകുമ്പോൾ പടവെട്ടി തോറ്റുപോകുന്ന ചില മനുഷ്യർ,
അസുഖങ്ങളിൽ ഉഴറി മറ്റു പ്രിയപ്പെട്ടവർ അനുഭവിക്കാനുള്ളതും തീരും എന്നാ പേടിയിൽ ആത്മഹത്യ തിരഞ്ഞെടുക്കാം എന്ന് കരുതുന്നവർ,
ജീവിതത്തിൽ ഒരിക്കലും സമാധാനവും സ്നേഹവും ലഭിക്കാതെ ഒറ്റപ്പെട്ടു ജീവിച്ചവരിലേക്ക് സ്നേഹത്തിന്റെ തെളിനീരുമായി വന്ന് അതിൽ സ്വാർത്ഥതയുടെ വിഷം കലക്കുന്നവർ,
പ്രിയപ്പെട്ടവരെ കുറിച്ചുള്ള ചില കാര്യങ്ങൾ സംശയത്തിന്റെ മറവിൽ നിർത്തിയിരുന്നത് കണ്ടെത്തിയവർ,
എല്ലാവർക്കും വേണ്ടി കഷ്ടപ്പെട്ട് അവസാനം നല്ലൊരു വാക്ക് പോലും അവരാരും നൽകാതെ ഒറ്റപ്പെടുത്തിയവർ,
തന്നിലേക്ക് സ്നേഹത്തിന്റെ പ്രകാശം നീട്ടിയവരെ എത്രയേറെ സ്നേഹിച്ചിട്ടും, കരളും ഹൃദയവും പകർന്നു കൊടുത്തിട്ടും,അത്രയേറെ ഉള്ളിൽ നിറച്ചിട്ടും,തമ്മിലൊരു നേർത്ത വരയുടെ മതിൽ പോലുമില്ലാതായിട്ടും, അവരുടെ മറച്ചുവെയ്പ്പും കള്ളങ്ങളും തങ്ങളുടെ മുന്നിൽ വെളിപ്പെടുമ്പോൾ, പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടിരിക്കുമ്പോൾ തനിക്ക് നഷ്ടപ്പെടാൻ ഇനിയൊന്നും ബാക്കിയില്ലെന്ന് ഓർക്കുമ്പോൾ പടിക്ക് പുറത്ത് നിർത്തിയിരുന്ന, ഒരിക്കലും സ്വീകരിക്കരുതെന്നു കരുതിയിരുന്ന ആത്മഹത്യയെ കൈകാട്ടി വിളിക്കുന്നവർ,
അതേ, ചിന്തയിൽ പ്രകാശം കെട്ടാൽ അന്ധതയാണല്ലോ ചുറ്റും !!
അവർക്ക് ചുറ്റും മുൻപുണ്ടായിരുന്ന ശൂന്യതയിലേക്ക് പോകുവാൻ അവർക്ക് ഇഷ്ടമല്ലായിരുന്നു. നിത്യമായ ഇരുട്ടിലേക്ക് ആഴ്ന്നുപോകാൻ അവർക്കത് മതി.
പുറമെകാണുന്ന പാകതയും പക്വതയും വർണ്ണങ്ങളും ഒക്കെ മുഖംമൂടിയാണ്. തന്റെ നോവുകൾ മറ്റാരിലും കുടഞ്ഞിടാൻ കഴിയാത്ത നിസ്സഹായരാണ് അവർ.
കുടഞ്ഞിട്ടവർ സ്‌നേഹം നൽകിയവർ ഒക്കെയും അവഗണന നൽകുമ്പോൾ…..!!
നിന്റെ മുറിവുകൾ ആളുകൾക്ക് മുമ്പാകെ ആഖ്യാനം ചെയ്യാതിരിക്കുക
നീയും നിന്റെ നൊമ്പരവും മറ്റുള്ളവരുടെ നേരമ്പോക്ക് കഥയും സംസാര വിഷയവും ആകാതിരിക്കട്ട- മഹമൂദ് ദർവീഷ്
ഒരു വട്ടം കൂടി പറഞ്ഞോട്ടെ,പിന്നിൽ അടച്ച വഴികളിലേക്കല്ല മുന്നിൽ തുറന്ന വഴികളിലേക്കാണ് നിങ്ങൾ ദൃഷ്ടിയും ചിന്തയും കാലുകളും ഉറപ്പിക്കാനുള്ളത്…..
തീർച്ചയായും,ലോകം മാറിക്കൊണ്ടിരിക്കുന്നു, അവസ്ഥകളും.ചിന്തിക്കുക,ഒരു മനുഷ്യന് എന്നും ഒരവസ്ഥയല്ല എന്ന ചിന്ത തന്നെ പ്രതീക്ഷയല്ലേ!