നാം അന്ന് പ്രണയിച്ചിരുന്നെങ്കിൽ
ആ ഓർമ്മകൾ
ഇന്നെൻ്റെ ഏകാന്തതയ്ക്ക്
കൂട്ടായേനേ!!
അന്ന് പെയ്യുമായിരുന്ന
മഴകളുടെ കുളിര്
ഇന്നെൻ്റെ ആത്മാവിനെ
തണുപ്പിച്ചേനേ !!
മനവും, മാനവും ചുവപ്പിച്ച
വാകച്ചുവട്ടിൽ
നിറഞ്ഞു ചുവന്ന മനവുമായി
നാമന്ന് നിൽക്കുമ്പോൾ
നീ തരുമായിരുന്ന പേടിയുമ്മ
ഇന്നെൻ്റെ നെഞ്ചിലെ തണുപ്പിന്
ചൂടു പകർന്നേനേ!!
നാമന്ന് പങ്കുവയ്ക്കുമായിരുന്ന
നാരങ്ങാമുട്ടായിയുടെ
പുളിപ്പേറും മധുരവും,
ആൾക്കൂട്ടത്തിൽ ആരുമറിയാതെ
കോർത്തു പിടിച്ച
വിരലുകളുടെ പൂർണ്ണതയും
നരച്ച ഓർമ്മകളിൽ
മഴവിൽ ചന്തം നിറച്ചേനേ !!
നാമന്ന്
പറഞ്ഞും പറയാതെയും
കേട്ടും കേൾക്കാതെയും
എഴുതിയും എഴുതാതെയും
മിണ്ടിയ പ്രണയഭാഷ
വിരസമായെൻ്റെ സായന്തനത്തിന്
അരുണിമ ചാലിച്ചേനേ !!
കാലംതെറ്റി പൂക്കും വാകപോലെ
ഇന്നെങ്കിലും
പ്രണയത്തിലലിഞ്ഞിരുന്നെങ്കിൽ…..
ഉള്ളിൽ മുത്ത് പിറക്കുമ്പോൾ
ചിപ്പിയറിയുന്ന മധുരനൊമ്പരം പോലെ
പ്രണയാനന്ദത്തിൽ നാം നിറഞ്ഞേനേ !!
🥀🥀🥀🥀🥀🥀

പുഷ്പ ബേബി തോമസ്

By ivayana