രചന : സബിത രാജ് ✍
പുണെ സിറ്റിയുടെ തിരക്കുകളിൽ നിന്നും വേഗം ഓടി ഫ്ലാറ്റിലേക്ക് എത്താൻ കല്യാണിയുടെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു.
റൂമിലെത്തിയാലുടനെ സാരിയൊക്കെ അഴിച്ചുകളഞ്ഞ് തണുത്ത വെള്ളത്തിലൊന്ന് കുളിക്കണം.
എന്നിട്ടാ പുതിയ സ്ലീവ്‌ലെസ് സാറ്റണ്‍ നെറ്റിയെടുത്ത് ഇടണം.ഈ ചൂടുകാലത്ത് നൈറ്റി ഇടുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.തനിച്ച് താമസിക്കുന്നത് കൊണ്ട് മറ്റാരെയും പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല.
നാട്ടിലാണെങ്കിൽ ഒരു പാവാടയും ഷര്‍ട്ടും ഇടുന്നതിനു വരെ അമ്മയുടെ അനുവാദം വേണം.അതിന്റെ നിറം മുതൽ ഇറക്കം വരെ അളവെടുത്തിട്ടേ അമ്മ അതിനു സമ്മതിക്കൂ.
കഴിഞ്ഞതവണ നാട്ടിൽ പോയപ്പോ ഓഫീസിലെ ഒരു ഫങ്ഷന്റെ ഫോട്ടോ കാണിക്കുന്നതിനിടയിൽ അമ്മ ചോദിക്കുകയുണ്ടായി ഇങ്ങനെ വയറും മുലയും ഒക്കെ കാട്ടി വേണോ പെണ്ണുങ്ങള് സാരിയുടുക്കാൻ എന്ന്.
അന്നത് അവിടെ ചിരിച്ച് അവസാനിപ്പിച്ചെങ്കിലും അമ്മയുടെ ആ കാഴ്ചപ്പാടൊന്നും തിരുത്താൻ പോയില്ല. പറ്റുമെങ്കില്‍ ഇന്നലെ പകുതിയിലധികം വായിച്ച് വെച്ച ആ നോവലിന്റെ ബാക്കി വായിക്കണം.
അവളുടെ ചിന്തകളുടെ വേഗത കൂടി ഒപ്പം നടത്തത്തിന്റെയും. ഫ്ലാറ്റിനു താഴെ പതിവു പോലെ വയസ്സന്‍ ആള്‍ക്കൂട്ടം നില്‍പ്പുണ്ട്.
അവരില്‍ നിന്നും കിട്ടാറുള്ള പതിവ് വഷള് നോട്ടവും വാങ്ങി ലിഫ്റ്റിനടുത്തേക്ക് നടന്നു.
തനിച്ചൊരു പെണ്ണ് താമസിക്കുക എന്നുപറഞ്ഞാല്‍ വലിയ അപരാധമാണ് പലര്‍ക്കും. ഇടയ്ക്ക് ഫ്ലാറ്റിലേക്ക് ജോലി സ്ഥലത്തെ കൂട്ടുകാരൊക്കെ വരാറുണ്ട്.ആണുങ്ങളും പെണ്ണങ്ങളും ഒക്കെ ഉണ്ടാവും.ചിലപ്പോള്‍ അവര്‍ രാത്രി ഇവിടെ തന്നെ കൂടും എന്നിട്ട് കാലത്ത് തിരിച്ച് പോകും.ഇവിടെ താമസിക്കുന്ന പലർക്കും അതൊന്നും അംഗീകരിക്കാൻ തക്കവണ്ണം മനസ്സ്
പാകപ്പെട്ടിട്ടില്ല. ഒരു പെണ്ണ് ഒറ്റയ്ക്ക് താമസിക്കുന്നത് കാണുമ്പോൾ മനുഷ്യരിങ്ങനെ അസ്വസ്ഥരാകുന്നത് എന്തുകൊണ്ടാണ്?
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളൊക്കെ മോശം സ്ത്രീകളാണെന്ന് പറഞ്ഞുവെയ്ക്കാൻ ആളുകൾക്ക് വല്ലാത്തോരു ഉത്സാഹമാണ്.
ഫ്ലാറ്റിന്റെ താക്കോൽ ലിഫ്റ്റിൽ കയറിയ ഉടനെ തന്നെ ബാഗിൽ നിന്നുമെടുത്ത് കൈയ്യിൽ പിടിച്ചു. ലിഫ്റ്റിനോട് ചേർന്നാണ് ഫ്ലാറ്റ്.
ഡോർ തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷൂ റാക്കിലൊരു കത്ത് ഇരിക്കുന്നത് ശ്രദ്ധിക്കുന്നത്.
ഇവിടെയിപ്പോ ആരാ തനിക്ക് കത്തെഴുതാൻ?
കത്ത് കൈയിലെടുത്ത് അഡ്ഡ്രസ്സ് നോക്കി.
നീലു, ഈശ്വര വിലാസം ,
തോന്നയ്ക്കൽ
പി ഓ…
അവൾക്ക് ഇവിടുത്തെ അഡ്ഡ്രസ്സ് കിട്ടിയ വഴി അപ്പോഴാണ് മനസ്സിലായത്.
കഴിഞ്ഞ ആഴ്ച്ച നാട്ടില്‍ അമ്മയ്ക്ക് കുറച്ച് സാധനം വാങ്ങി അയച്ചിരുന്നു. അന്നത് പോസ്റ്റ് ഓഫീസിൽ നിന്നും വാങ്ങി വീട്ടിൽ കൊണ്ടുകൊടുത്തത് നീലു ആണെന്ന് അമ്മ പറഞ്ഞിരുന്നു. നീലുവുമായുള്ള സൗഹൃദം അവസാനിപ്പിച്ചിട്ട് കൊല്ലം ഏഴെട്ടായി.
തന്നോട് മിണ്ടില്ലെങ്കിലും വീട്ടിൽ എല്ലാവരോടും അവളിപ്പോഴും പഴയതുപോലെ തന്നെയാണ്.
താൻ നാട്ടിലുണ്ടെങ്കിൽ വീടിന്റെ ഏഴയലത്തേക്ക് അവൾ വരില്ല.
കത്ത് മേശപ്പുറത്ത് വെച്ച് അവൾ കണ്ണാടിയ്ക്കു മുന്നിൽ ചെന്നുനിന്ന് കൈയ്യിലെ വാച്ചും വളയും മോതിരങ്ങളും കമ്മലുമൊക്കെ അഴിച്ച് മേശയ്ക്കുള്ളിൽ ഭദ്രമായി വെച്ചു.
എന്നിട്ട് വളരെ ശ്രദ്ധയുടെ
സാരിയിലെ ഓരോ പിന്നും അഴിച്ചെടുത്തു.
സാരി ഉരിഞ്ഞെടുത്ത് കട്ടിലിൽ വിരിച്ചിട്ട് നൈറ്റിയും കൈയ്യിലെടുത്ത് അവള്‍ ബാത്ത് റൂമിലേക്ക് പോയി.പുതിയ ബോഡി വാഷിന്റെ മണം അവിടമാകെ പരന്നു.
എത്ര നനഞ്ഞിട്ടും മതിവരാതെ അവൾ ഷവറിനു ചോട്ടിൽ നിന്നു.
തലയിൽ ടവ്വലും ചുറ്റി നേരെ കണ്ണാടിയ്ക്ക് മുന്നിൽ വന്നു നിന്ന് മുഖത്തും കഴുത്തിലും കൈയ്യിലും കാലിലുമൊക്കെ മോയിച്ചുറൈസര്‍ പുരട്ടി ലിപ്ബാമുമിട്ട് നേരെ അടുക്കളയിലേക്ക് നടന്നു.
ഏലയ്ക്കയും ഇഞ്ചിയും ഇട്ടു തിളപ്പിച്ച ചായ ഗ്ലാസ്സിലേക്കൊഴിച്ച് മേശപുറത്തു കിടന്ന
കത്തും കൈയ്യിലെടുത്ത് അവൾ ബാൽക്കണിയിലേക്ക് നടന്നു.കസേരയിൽ ചാരിയിരുന്ന് ചായ ഊതി കുടിച്ചുകൊണ്ട് അവൾ ചിന്തകളിൽ മുഴുകി.
കൃത്യം എട്ടു കൊല്ലമായിരിക്കുന്നു നീലുവിനെ കണ്ടിട്ട്.
നേരിൽ കണ്ടാൽ അവൾ മുഖം തരാറില്ല.
ഒന്നാം ക്ലാസ്സുമുതൽ ഒരുമിച്ച് കളിച്ചും പഠിച്ചും വളര്‍ന്ന രണ്ട് പെൺകുട്ടികൾ.
പ്ലസ്ടു കഴിഞ്ഞ് താൻ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചച്ചറിന് ടൗണിലെ വുമൺസ് കോളേജിൽ ചേരാന്‍ പോകുന്നു എന്നറിഞ്ഞതിൽ പിന്നെ ഇംഗ്ലീഷ് ഇഷ്ടമല്ലാഞ്ഞിട്ട് കൂടി തനിക്കൊപ്പം അതെ കോഴ്സിൽ അവളും ജോയിൻ ചെയ്തു. തന്റെ എല്ലാ കാര്യങ്ങളിലും തന്നെക്കാൾ കൂടുതൽ അവൾ ശ്രദ്ധിച്ചിരുന്നു.
ധരിക്കുന്ന വസ്ത്രങ്ങളിൽ തുടങ്ങി ആഭരണങ്ങളില്‍ വരെ അവൾ അഭിപ്രായം പറയും.ഒരുങ്ങി നടക്കാൻ തന്നെ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് അവളായിരുന്നു.
അന്ന് കോളേജിൽ ക്ലാസ് തീരുന്ന അവസാന ദിവസം ആയിരുന്നു.
സെന്റോഫ് പാർട്ടിയ്ക്കായി ആദ്യമായി അവളും താനും സാരിയുടുത്ത ദിവസം.
ആ ദിവസം എങ്ങനെ മറക്കാനാണ്?
മിക്ക പെൺകുട്ടികളും ആദ്യമായി സാരീയുടുക്കുക കോളേജിൽ എന്തെങ്കിലും ആഘോഷങ്ങൾക്കു വേണ്ടി തന്നെയാവും.
അന്ന് ആഘോഷങ്ങളൊക്കെ കഴിഞ്ഞ്
പോരാൻ ഇറങ്ങുമ്പോൾ ഒരുപാടു വൈകിയിരുന്നു.
ക്ലാസ്സിൽ നിന്നും അവസാനമിറങ്ങിയത് നീലുവും താനുമായിരുന്നു. പതുക്കെ പടികളിറങ്ങി താഴേക്ക് വന്ന് കോളേജ് വരാന്തയുടെ ഇടനാഴിയിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നുമൊരു കൈ
തന്റെ ഇടുപ്പിൽ വരിഞ്ഞുമുറുക്കി…
അത് നീലുവായിരുന്നു.
ബലമായി തന്റെ ശരീരത്തെ അവളിലേക്ക് ചേർത്ത് അവളെന്റെ കണ്ണിലേക്ക് നോക്കി.
അവളുടെ കണ്ണുകൾ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധം എന്തൊക്കെയോ പറയുന്നപോലെ…
അവളുടെ കൈകള്‍ ശരീരത്തെ വരിഞ്ഞ് മുറുക്കിക്കൊണ്ട് ശ്വാസം മുട്ടിച്ചു. അവളുടെയും തന്റെയും മുലകള്‍ തമ്മില്‍ അകലമില്ലാതെ ഞെരിഞ്ഞു. തന്റെ ശരീര വേദനയില്‍ താനുറക്കെ കരഞ്ഞു.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ടുനിന്ന തന്റെ ചുണ്ടുകളിലേക്ക്
അവൾ അവളുടെ ചുണ്ടുകൾ അടുപ്പിച്ചതും
സർവ്വ ശക്തിയുമെടുത്ത് അവളെ തള്ളിമാറ്റി
മുഖം നോക്കിയൊരു അടിവെച്ച് കൊടുത്തു.
അങ്ങനെ ഒരു അടി അവൾ പ്രതീക്ഷിച്ചിരുന്നോ അറിയില്ല.
പക്ഷെ താന്‍ ശരീരവും മനസ്സും ഒക്കെ തളർന്ന് അവിടെ വീണു പോയിരുന്നു.
തന്നെക്കാളും കൂടുതൽ ആ സംഭവം അവളെ ആണ് ബാധിച്ചത്.
ഈ സംഭവം താന്‍ ആരോടെങ്കിലും പറയുവോ എന്ന ഭയം അവളെ വല്ലാതെ അലട്ടിയിട്ടുണ്ടായിരിക്കണം.
തന്നെ അവളിത്രയും നാളും അങ്ങനെയൊരു കണ്ണിലാണ് കണ്ടത് എന്ന തിരിച്ചറിവ് കൊണ്ട് തന്റെ ഹൃദയം അപമാനഭാരത്തൽ നിറഞ്ഞു.
അവളെ തല്ലണമായിരുന്നൊ ?
വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി.
ആ അടികൊണ്ടത് അവളുടെ കവിളിലാണെങ്കിലും ആ ഹൃദയം തകര്‍ന്നു പോയിട്ടുണ്ടാകുമെന്ന് ഉറപ്പായിരുന്നു.
ആ രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല.
അവളും ഉറങ്ങിയിട്ടുണ്ടാവില്ല.
അവൾ ചിന്തിക്കുന്നുണ്ടാവും അവളെ ഞാൻ വെറുത്തു പോയന്ന്…
ഇല്ല ഒരിക്കലുമില്ല.
സഹതാപമായിരുന്നു അവളോട്…
അവളെ ഒരിക്കലും കുറ്റപെടുത്താന്‍ കഴിയില്ല.
പക്ഷെ അവളോട് അതിനെ പറ്റിയൊക്കെ എങ്ങനെ സംസാരിക്കണം അവളെ എന്ത് പറഞ്ഞ് മനസ്സിലാക്കണം എന്ന് ആ പ്രായത്തിൽ അറിയുകയും ഇല്ലായിരുന്നു.
അവളുടെ സ്പര്‍ശമേറ്റ തന്റെ ശരീരം എത്രയാവര്‍ത്തി കഴികിയിട്ടും അവളുടെ വിയര്‍പ്പും ഗന്ധവും ശരീരത്തില്‍ ദിവസങ്ങളോളം തങ്ങി നില്‍ക്കുന്നപോലെ. കണ്ണടച്ചാല്‍ ശരീരം മുഴുവനും ഒരു ഭാരം തോന്നും. എത്രയാവര്‍ത്തി ശ്രമിച്ചിട്ടും അതില്‍ നിന്നും മോചനം കിട്ടിയില്ല.
പിന്നീട് പരീക്ഷയ്ക്ക് കണ്ടപ്പോ അവൾ മുഖം തന്നില്ല.
ഇടയ്ക്ക് താനില്ലാത്തപ്പൊ വീട്ടിൽ വരും. അമ്മയെയും പപ്പയെയും കാണും.
ഇപ്പോഴും അവള്‍ അത് തുടരുന്നു.
മിണ്ടാനൊട്ട് താൻ ഇതുവരെയും കൂട്ടാക്കിയിട്ടും ഇല്ല. ആ അവളാണ് ഇപ്പോൾ തനിക്ക് ഒരു കത്തെഴുതിയിരിക്കുന്നത്.
കല്യാണി ഗ്ലാസിലെ ചായ മുഴുവനും കുടിച്ചെന്നു ഉറപ്പ് വരുത്തി.
കത്തെടുത്ത് പൊട്ടിച്ചു വായിച്ച് തുടങ്ങി.
കറുത്ത പേനയിൽ അവളുടെ വടിവൊത്ത അക്ഷരങ്ങൾ തെളിഞ്ഞു.
എന്റെ പ്രിയപ്പെട്ട കല്ലൂട്ടിയ്ക്ക്,
ആ വിളിയില്‍ ഒരായുസ്സ് മുഴുവന്‍ കടം കൊണ്ട സ്നേഹം അവള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കല്യാണിയ്ക്ക് തോന്നി.
ആ വിളിയൊക്കെ അന്നാ കോളേജ് വരാന്തയിൽ അവസാനിച്ചതാണ്.
വെറുപ്പാണെന്ന് അറിയാം…
ഈ കത്ത് കൈയ്യിൽ കിട്ടുമ്പോൾ നീയിത് വായിക്കുമെന്ന് പോലും ഉറപ്പില്ല.നിന്നെയൊന്ന് നേരിട്ട് കണ്ട് സംസാരിക്കാനോ ഫോൺ ചെയ്യാനോ ഉള്ള ധൈര്യം ഇപ്പോഴുമെനിക്കില്ല.
എന്നും നിന്നെ ഓർക്കുമ്പോൾ ഓർമ്മകൾ വന്നവസാനിക്കുക നിന്റെ കൈകൾ പതിഞ്ഞ എന്റെ ഇടത്തെ കവിളിലാണ്. ആ വേദന എന്നേ ഹൃദയത്തിലിരുന്ന് വൃണമായി മാറി കഴിഞ്ഞിരിക്കുന്നു. ആദ്യ പ്രണയത്തെ പറ്റി ഓർക്കുമ്പോഴൊക്കെ അവിടം വേദനിക്കാറുണ്ട്.പണ്ട് നീ വായിച്ച് തന്ന ആ വരികൾ ഓർമ്മവരുന്നു ബഷീർ പറഞ്ഞ പോലെ വിഷാദ മധുര മോഹനകാവ്യമേ …
നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു.
തിരിച്ചറിവുണ്ടായ നാളുതൊട്ടേ ഉള്ളിൽ കുരുത്തോരു പ്രണയമായിരുന്നു നീ.
അറിയാം നിനക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു എന്റെ ഇഷ്ടം എന്ന്.
പക്ഷെ എനിക്ക് …
വേണ്ട അതൊന്നും ഇനി പറയണ്ട.
പ്രധാനപ്പെട്ടൊരു കാര്യം അറിയിക്കാനാണ് ഈ കത്ത്.
എന്റെ വിവാഹമാണ്.
പിജിയ്ക്ക് ഒപ്പം പഠിച്ചിരുന്ന നീരജയാണ് വധു. എന്നെ ഞാനായി അംഗീകിച്ച ഒരേ ഒരാൾ അവളായിരുന്നു.
അവളിലൂടെയാണ് ഞാൻ കൂടുതൽ ലോകം കാണാൻ പഠിച്ചത്.
നിന്നെ സോഷ്യൽ മീഡിയയിൽ ഞാൻ കുറെ തിരഞ്ഞു.
പിന്നെ അമ്മ പറഞ്ഞു നീയതൊന്നും ഉപയോഗിക്കില്ലെന്ന്. കഴിഞ്ഞ ആഴച നീ അമ്മയ്ക്കയച്ച ഫോട്ടോ കണ്ടു പഴയതിലും സുന്ദരിയായിരിക്കുന്നു.വിവാഹം ഒരു രജിസ്റ്റർ മാര്യേജ് മാത്രമാണ്.
അതിന്റെ പിറ്റേ ദിവസം യു എസ് ലേക്ക് പോകും. ഇവിടെ ഒന്നും മാറുമെന്ന് തോന്നുന്നില്ല.
സോഷ്യൽ മീഡിയയിലൊക്കെ ഞങ്ങൾ ഒരുപാടു സൈബർ ബുള്ളിങ്ങ് നേരിടുന്നുണ്ട്.
ഇപ്പോ അതൊന്നും കാര്യമാക്കുന്നില്ല.
ഭൂമിയുടെ ഏതെങ്കിലും ഒരറ്റത്ത് ജീവിച്ചിരിക്കുന്ന കാലത്തോളം സന്തോഷത്തോടെയും സ്നേഹത്തോടെയുമിരിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും ആലോചിക്കണ്ടല്ലോ.
ഇവിടെ മനുഷ്യരായിരിക്കാൻ വലിയ പ്രയാസമാണ് ഡി…
നീ എന്നും സ്നേഹത്തോടെയും സന്തോഷത്തോടെയുമിരിക്കാൻ പ്രാർത്ഥിക്കാം.ചെയ്തു പോയ തെറ്റിനു ഹൃദയത്തിൽ തൊട്ട് ഒരിക്കൽ കൂടി
മാപ്പ്…
സ്നേഹപൂർവ്വം
നിന്റെ നീലുട്ടി
കത്ത് വായിച്ചവസാനിപ്പിക്കുമ്പോൾ കല്യാണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.അന്നത്തെ പരിഭവങ്ങളെല്ലാം അവളുടെ കണ്ണുനീരിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി പോയിരുന്നു.ഫോണെടുത്ത് അഡ്രസ്സിൽ കണ്ട നീലുവിന്റെ നമ്പറിൽ ഡയൽ ചെയ്യുമ്പോൾ ഫോണിലെ കോളര്‍ ടോൺ മുഴങ്ങി.
” നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളെ…
കാതിലോല കമ്മലിട്ട്…”
നീലു കാള്‍ എടുത്തു.
നീണ്ടു നിന്ന മൗനങ്ങള്‍ക്കൊടുവില്‍ രണ്ട് മനുഷ്യര്‍ക്കിടയിലെ പരിഭവങ്ങള്‍ സ്നേഹമായി പെയ്ത് തോര്‍ന്നു.
❤️