എബ്രഹാം,
മടങ്ങിപ്പോകുമ്പോൾ നീ
നിന്റെ പരുന്തുകളെയും
കൂടെക്കൂട്ടണം.
നോക്കൂ, ഇന്നലെ
അവയിലൊരെണ്ണമെൻ്റെ
കണ്ണുകളിലൊന്ന്
കൊത്തിയെടുക്കയുണ്ടായി!
അതിനുമുമ്പൊരിക്കൽ
കാതുകളിലൊന്ന്!
അതിനും മുമ്പ്
അധരങ്ങളിലൊന്ന്!
വിരലുകളിലൊന്ന്!
ഇനിയൊരുപക്ഷേ
ഓർമ്മകളിലൊന്ന്…!?
അതൊരിക്കലും
അകത്തളത്തിലെ
മരയലമാരയിൽ
മരുന്നുചെപ്പ്
സൂക്ഷിച്ചിരിക്കുന്ന
അറയേതെന്ന
ഓർമ്മയെ
മാത്രമാവരുതേയെന്ന
പ്രാർത്ഥനയാണിപ്പോൾ.
എൻ്റെ മനോവിഭ്രാന്തികളുടെ
ഗുളികകളെല്ലാം
അതിലാണല്ലോ
സൂക്ഷിച്ചിരിക്കുന്നത്.
ആയതിനാൽ എബ്രഹാം,
മടങ്ങിപ്പോകുമ്പോൾ
ദയവായി നീ
നിന്റെ പരുന്തുകളെയും
കൂടെക്കൂട്ടണം…
🟫

സെഹ്റാൻ

By ivayana