രചന : റെജി.എം.ജോസഫ്✍
നല്ല ചൂട് ചോറിലേക്ക് പരിപ്പ് കറിയൊഴിച്ച്, അതിന് മുകളിലേക്ക് തലേദിവസത്തെ മീൻ ചാറും കൂടി ഒഴിച്ച് കഴിച്ചു കൊണ്ടിരിക്കേ ഒരു ഉരുള ഞാൻ ഭാര്യക്ക് നേരെ നീട്ടി.
ശ്ശെ! എനിക്കെങ്ങും വേണ്ട. ഒരിക്കലും ചേരാത്ത ചില രുചികൾ!
ഭാര്യക്ക് എന്റെ രുചികൾ അത്ര ഇഷ്ടമല്ല. രുചികൾ മാത്രമല്ല; അഭിരുചികളും!
പലപ്പോഴും ഞാൻ ആലോചിക്കും, ഒരേ അഭിരുചികൾ ഉള്ളവർ തമ്മിൽ എന്തുകൊണ്ടായിരിക്കാം ഒന്നിച്ച് ചേരാത്തതെന്ന്! യാത്രകളെ പ്രണയിക്കാത്തവരോ, നല്ല രുചികൾ ഇഷ്ടപ്പെടാത്തവരോ, നല്ല സിനിമകൾ കാണാനിഷ്ടപ്പെടാത്തവരോ, നല്ലൊരു പാട്ട് കേൾക്കാനിഷ്ടപ്പെടാത്തവരോ ഇന്നത്തെ തലമുറയിൽ ഉണ്ടാകാൻ സാധ്യതയുണ്ടോ? എന്നാൽ ഇതിനെല്ലാമുള്ള ഉത്തരമായിരുന്നു, ഭാര്യ!
എന്റെ ഇഷ്ടങ്ങൾ പലതും അവരുടെ അനിഷ്ടങ്ങളായിരുന്നു!
പക്ഷേ എന്റെ പ്രതീക്ഷകൾക്കും മുകളിൽ അവരിൽ ചില നല്ല ശീലങ്ങളുമുണ്ട്; അതിലൊന്നാണ്; നന്നായിട്ട് പാചകം ചെയ്യാനുള്ള കഴിവ്! എന്റെ രുചികൾ അവർക്കിഷ്ടപ്പെട്ട രുചികളല്ലെങ്കിലും, എനിക്കായി രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരാൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് ആൾക്കുള്ളത്! അതും വളരെ പെട്ടെന്ന് തന്നെ! വളരെ നന്നായി വസ്ത്രധാരണം ചെയ്യാനുളള കഴിവാണ് അടുത്തത്! ഞാനൊരു സൗന്ദര്യാരാധകനാണെന്നുള്ളത് ആൾക്ക് നന്നായി അറിയാം. അതുമൊരു കാരണമാകാം! മൂന്നാമത് അൽപ്പം അശ്ലീലമാണ്; കിടക്കയിൽ എന്റെ പ്രതീക്ഷകൾക്കുമുയരെ വളരാനുള്ള കഴിവാണത്!
ഇത്രയുമായാൽ എൺപത് ശതമാനത്തിന് മുകളിൽ യോഗ്യതകളായില്ലേയെന്നത് സ്വാഭാവികമായുണ്ടാകുന്ന സംശയമാണ്. ഒരു പരിധി വരെ ആ സംശയം ശരിയുമാണ്! എന്നാൽ ബാക്കിയുള്ള ആ ഇരുപത് ശതമാനത്തിലാണ് ഞാൻ പൊരുത്തക്കേടുകൾ കണ്ടെത്തുന്നത് എന്നതിനാൽത്തന്നെ, എന്നോടൊപ്പം പൊരുത്തപ്പെട്ട് പോകാൻ ആർക്കും ഒരു പക്ഷേ സാധിച്ചേക്കില്ല എന്നതിന്റെ വിദൂരതെളിവായി ഇതെല്ലാം അവശേഷിക്കുന്നു!
കുട്ടികൾ വണ്ടിയിൽക്കയറി ഇരിക്കാൻ തുടങ്ങിയിട്ടെത്ര നേരമായെന്നറിയാമോ?
എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി, ധൃതിപ്പെട്ട് വണ്ടിയിലേക്ക് എന്തൊക്കെയോ എടുത്തു വക്കുകയാണ് ഭാര്യ! യാത്ര പോകുന്നത് താൽപ്പര്യമല്ലയെങ്കിലും; എന്റെ നിർബ്ബന്ധത്തിന് വഴങ്ങി യാത്രക്ക് മുതിർന്നാൽ, ഇരിക്കാൻ പോലും ഇടയില്ലാത്ത വിധം സാധനങ്ങൾ കുത്തി നിറക്കും. ഒരു ദിവസത്തെ യാത്രക്ക്, അഞ്ച് ദിവസത്തേക്കുള്ളവ വണ്ടിയിലും ബാഗിലുമായി നിറച്ചു വക്കും; പക്ഷേ അപ്പോഴും പ്രധാനപെട്ട എന്തെങ്കിലുമൊന്ന് കൊണ്ടു പോകാൻ മറന്നിട്ടുമുണ്ടാകും!
എന്റെ ബാല്യകാലം ചെലവഴിച്ച സ്ഥലത്തേക്കാണ് യാത്ര! മുപ്പത് വർഷങ്ങൾക്ക് പുറകിലേക്ക്! എന്റെ നഴ്സറി സ്ക്കൂളും, ഒന്നു മുതൽ നാല് വരെ പഠിച്ച സ്ക്കൂളും മാത്രമല്ല; എന്റെ കളിയിടങ്ങളുളള, ബാല്യത്തിലെ പേരറിയാത്ത സുഹൃത്തുക്കളുള്ള നാട്ടിലേക്ക്! പണ്ടെന്നോ ഉണ്ടായിരുന്ന അമ്പലത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടന്നിരുന്ന ഇടങ്ങളായിരുന്നതിനാൽ അമ്പലത്തറയെന്ന പേരുള്ള എന്റെ പഴയ നാട്ടിലേക്ക്!
ചാമ്പക്കമരവും, പുളിമരവും, പെരുമരവും, വെട്ടിമരവും, കൊന്ന മരവും, പയ്യാനിയും, പൂവരശും ഉണ്ടായിരുന്നു അവിടെ! തൊടലിക്കയും, കൊരണ്ടിപ്പഴവും, മുട്ടപ്പഴവും, ഞാവൽ പഴവും, ചാമ്പക്കയും, അകമേ ചുവപ്പ് നിറമുള്ള പേരക്കയും, കൈതച്ചക്കയും ഉണ്ടായിരുന്നു അവിടെ. പഴുത്ത ആഞ്ഞിലിച്ചക്ക വീണു കിടന്നിരുന്നു എന്നും അവിടമാകെ!
സ്നേഹിക്കാൻ മാത്രമറിയാവുന്ന എന്റെ രണ്ട് വളർത്തമ്മമാരും രണ്ട് വളർത്തച്ഛന്മാരും, പിന്നെ അമ്മയേക്കാളുമേറെ സ്നേഹിക്കുന്ന, എന്റെ പാൽപ്പല്ലുകളെല്ലാം പറിച്ച്, എനിക്ക് നിരയൊത്ത പല്ലുകൾ തന്ന പെണ്ണിയമ്മയുള്ളയിടം!
തേൻവരിക്കച്ചക്കയുടെ ഓറഞ്ച് നിറമുള്ള ചുളകൾ ആരും കാണാതെ മടിക്കുത്തിലൊളിപ്പിച്ച് തന്നതും, പഞ്ഞി കണക്കുള്ള പച്ചറൊട്ടിയിൽ തേൻ മുക്കി തന്നതും ഓർക്കുമ്പോൾ, തിരികെയൊരു യാത്രക്ക് മുപ്പത് വർഷം വേണ്ടി വന്നുവെന്നതിൽ എന്നോട് തന്നെ എനിക്ക് അവജ്ഞ തോന്നി!
രുചികളോടുള്ള എന്റെ ഇഷ്ടം അവിടെ നിന്നുമാണ് തുടങ്ങുന്നത്. ചക്കപ്പുഴുക്കിന് പന്നിക്കറിയോളം പോന്ന യോജിപ്പില്ലയെന്നത് എന്റെ ബാല്യത്തിന്റെ ഓർമ്മ പെരുപ്പിക്കുന്നു.
വറുത്തരച്ച മസാല ചേർത്തുണ്ടാക്കുന്ന വെണ്ടക്കക്കറി ചോറിലൊഴിച്ച്, അതിലേക്ക് അൽപ്പം മോര് കാച്ചിയതും കൂടി ചേർത്ത് കഴിച്ചാലേ എനിക്ക് ആ രൂചി പൂർണ്ണമാകൂ. പച്ച മല്ലിയരച്ച് ചേർത്ത് തേങ്ങാപ്പാല് പിഴിഞ്ഞൊഴിച്ച് അധികം ചാറ് നീട്ടാതെ കുറുക്കിയെടുക്കുന്ന മപ്പാസിനും അൽപ്പം കാച്ചിയ മോര് ഇണക്കംതന്നെ! രാത്രിയിലെ കഞ്ഞിക്ക്, വൻപയർ വറ്റൽ മുളക് ഇടിച്ചിട്ട് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഏറെച്ചേർത്തെടുത്ത് വഴറ്റിയെടുത്തുണ്ടാക്കുന്ന മെഴുക്ക് വരട്ടി, പിറ്റേദിവസം രാവിലെ കഴിക്കുമ്പോഴാണ് രുചിയേറുക!
പതിഞ്ഞ വേഗതയിൽ വാഹനമോടിക്കവേ, ഞാൻ ബാല്യകാല ഓർമ്മകൾ പറഞ്ഞു കൊണ്ടിരുന്നു. എന്റെ പഴങ്കഥകൾ അവർക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ലയെന്ന് എനിക്കറിയാം; പക്ഷേ ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു.
സ്ക്കൂൾ വിട്ട് വരുന്ന വഴിക്ക് കൂടെയുണ്ടായിരുന്ന എന്നേക്കാൾ പ്രായത്തിന് ഇളപ്പമുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു. ബുദ്ധിയിലും സംസാരത്തിലും അൽപ്പം കുറവുണ്ടായിരുന്നു അവന്. അന്നേ കണ്ണട വച്ചിരുന്നു അവൻ! മറ്റ് കൂട്ടുകാരോടൊപ്പം ചേർന്ന് അവനെ പതിവായി കളിയാക്കുന്നത് എന്റെയും ശീലമായി മാറി. അന്നത്തെ പ്രായത്തിലെ ചില തമാശകളായിരുന്നുവെങ്കിലും, അവന്റെ മനസിൽ അത് വേദനയുണ്ടാക്കുന്നുണ്ടായിരുന്നു. നടന്നു പോരുമ്പോൾ അവനറിയാതെ, അവന്റെ തോളിൽത്തൂങ്ങുന്ന ബാഗിൽ കല്ലെടുത്ത് ഇടുന്നത് മറ്റൊരു വിനോദമായിരുന്നു.
ഇപ്പോൾ മാത്രം, ഭാര്യയും മക്കളും എന്നെ ശ്രദ്ധിച്ച് തുടങ്ങി.
കുറച്ച് ദൂരം നടന്നു കഴിയുമ്പോൾ അവന്റെ ബാഗിന് കനം കൂടും. അപ്പോൾ അവൻ ബാഗ് തുറന്ന് കല്ലെടുത്ത് കളയും. കൂടെയുള്ള എല്ലാവരേയും നോക്കി ദേഷ്യപ്പെടും. എന്നോട് മാത്രം അവൻ ദേഷ്യപ്പെടുകയുണ്ടായിട്ടില്ല. പക്ഷേ കല്ല് എടുത്തിടുന്നത് ഞാനാണ് എന്നത് അവന് മനസിലായി എന്ന് ബോധ്യമായത്; അവന്റെ പിതാവ് വീട്ടിൽ വന്ന് എന്റെ മാതാപിതാക്കളോട് പരാതി പറഞ്ഞപ്പോൾ മാത്രമാണ്.
കുട്ടികൾക്ക് എന്നോട് ദേഷ്യം തോന്നിത്തുടങ്ങി എന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിത്തുടങ്ങി!
പരാതി പറഞ്ഞതിന് ശേഷം, ഒരിക്കലും ഞാനാ തെറ്റ് ചെയ്തിട്ടില്ലയെന്നും, ഇന്നത്തെ യാത്രയിൽ അവനെക്കണ്ട് കുറച്ചേറെ സംസാരിക്കണമെന്നും, പറ്റുമെങ്കിൽ ക്ഷമ പറയണമെന്നുണ്ടെന്നും പറഞ്ഞ് മക്കളുടെ ശ്രദ്ധ ഞാൻ തിരിച്ചു വിട്ടു.
അരി വെള്ളത്തിലിട്ട് കുതിർത്തതിൽ, ചുവന്നുള്ളിയും, വെളുത്തുള്ളിയും ചേർത്ത് അരച്ച്, തേങ്ങ ചിരകിയതും വെളിച്ചെണ്ണയും ചേർത്ത് കല്ലിൽ ചുട്ടെടുത്ത് അമ്മയുണ്ടാക്കി വക്കുന്ന ഒരു നാലുമണിപ്പലഹാരത്തിന്റെ മണമാണ്, വൈകുന്നേരം സ്ക്കൂൾ ബെൽ മുഴങ്ങുമ്പോൾ ഓർമ്മ വരിക!
ഇറച്ചി അൽപ്പം വലിപ്പത്തിൽ നുറുക്കി, ഉപ്പും മഞ്ഞളും ചേർത്ത് പുരട്ടി, ഈറ്റ കീറിയെടുത്ത വള്ളിയിൽ കോർത്ത്, അടുപ്പിന് മുകളിലെ ചേരിൽ ദിവസങ്ങളോളം തൂക്കിയിട്ട് ഉണക്കിയെടുത്ത് ചില്ലുഭരണിയിൽ സൂക്ഷിച്ചു വക്കും. തുടർന്ന് ആവശ്യാനുസരണമെടുത്ത് വെള്ളത്തിലിട്ട് കുതിർത്ത് അരകല്ലിൽ ചെറുതായി ചതച്ച്, വെളിച്ചണ്ണയിൽ വറ്റൽ മുളക് ചേർത്ത് വറുത്തെടുത്ത് ഉച്ചക്ക് ചൂടു ചോറിന്റെ കൂടെ അമ്മ നൽകുന്നത് ഇന്നലെയെന്നത് പോലെ ഓർക്കുന്നു. ഇന്ന് കയ്യിലെത്ര പണം വന്ന് നിറഞ്ഞാലും അന്യമായിപ്പോയ രുചികൾ!
നാല് വരെ പഠിച്ച എന്റെ സ്കൂളിന് മുമ്പിൽ വണ്ടി നിർത്തിയിറങ്ങുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത കനം എന്റെ ഹൃദയത്തിൽ തൂങ്ങി! കുഞ്ഞു കാലടികൾ വച്ച് ഞാൻ ഓടി നടന്നയിടങ്ങൾ. ഉച്ചക്കഞ്ഞി വിളമ്പവേ, ചെറുപയർ തോരനായി സ്റ്റീൽ പാത്രം
കൊണ്ട് അടിയുണ്ടാക്കിയ ഇടങ്ങൾ.
കടുക് താളിച്ചതിൽ വെളുത്തുള്ളിയും ചുവന്നുള്ളിയും കറിവേപ്പിലയും ചെറുപയർ വേവിച്ചതുമിട്ട്, അടുപ്പിൽ നിന്ന് വാങ്ങി വക്കവേ, പച്ചവെളിച്ചെണ്ണ ചേർത്ത് ചൂടോടെ വിളമ്പുന്ന ചെറുപയർ തോരന്, കുറുക്കി വറ്റിച്ചെടുക്കുന്ന ചൂട് കഞ്ഞിയോളം ചേർന്നൊരു പൂരകമില്ലത്രേ!
അമ്പലത്തറയിലെത്തിയപ്പോൾ, മുപ്പത് വർഷങ്ങൾക്ക് ശേഷവും വലിയ മാറ്റങ്ങളൊന്നുമില്ലായിരുന്നു. അമ്പലത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടന്നത് പുനരുദ്ധരിച്ച് പുതിയ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നു!
പെണ്ണിയമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. മരിക്കുന്നതിന് മുമ്പ് എന്റെ കൊച്ചിനെയൊന്ന് കാണാൻ പറ്റിയല്ലോയെന്ന് പറഞ്ഞു. ആ തോളോട് ചേർന്ന് നിൽക്കവേ ഞാൻ പത്തുവയസ്സുകാരനായി മാറി. വളർത്തച്ഛന്മാരെയും വളർത്തമ്മമാരെയും കണ്ടു. അവരെല്ലാവരും കെട്ടിപ്പിടിച്ച് എനിക്ക് ഉമ്മ നൽകുമ്പോൾ അത്ഭുതത്തോടെയും അപരിചിതത്വത്തോടെയും ഭാര്യയും മക്കളും നോക്കി നിന്നു!
എന്നെ വളർത്തിയവരാണെല്ലാവരും. ആ പേരുകളോരോന്നും ഉച്ചരിക്കുമ്പോൾ പോലും ഞാൻ കുഞ്ഞായി മാറുന്നു. അവിടത്തെ കാറ്റിന് പോലും ബാല്യത്തിന്റെ മണം! കാപ്പിച്ചെടികൾക്കും, കൊക്കോമരങ്ങൾക്കും ഇടയിലൂടെ എന്തോ തെരഞ്ഞു നടക്കുന്നതു പോലെ ഞാൻ നടന്നു. അവിടത്തെ തൊടികളിലും, മരങ്ങൾക്കുമിടയിലാണ് എന്റെ ബാല്യം കിടക്കുന്നത്! ഞാനത് തേടിത്തേടി നടന്നു!
വീണ്ടും വരാമെന്ന വാക്കും, കൈനീട്ടവും നൽകി തിരികെപ്പോരുമ്പോൾ, മകൾ ഓർമ്മിപ്പിച്ചു; ബാഗിൽ കല്ല് പെറുക്കിയിട്ട കൂട്ടുകാരന്റെയടുത്ത് പോകണ്ടേയെന്ന്!
മറുപടി പറയാതെ ഞാൻ വണ്ടിയോടിച്ചു കൊണ്ടിരുന്നു. എന്നെക്കടന്ന് വഴികളും മരങ്ങളും പുറകിലേക്കോടിക്കൊണ്ടിരുന്നു.
ഇനിയവനെ ഒരിക്കലും കാണാനാകില്ലെന്ന് കുറച്ച് മുൻപേ ഞാനറിഞ്ഞിരുന്നു; മാതാപിതാക്കളിലാരോ നൽകിയ കനത്ത ശാസനയിൽ മനം നൊന്തോ മറ്റോ, ഇരുപതോളം വർഷങ്ങൾക്ക് മുമ്പേ അവൻ സ്വയം മരണം വരിച്ച് യാത്രയായെന്ന്!
ഞങ്ങൾ രണ്ടാളും വൈകുന്നേരങ്ങളിൽ നടന്നു പോന്നിരുന്ന വഴികളിലൂടെയാണ് ഇപ്പോൾ വണ്ടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഒരോ വളവുകളിലും ബാഗിൽ നിന്ന് കല്ലെടുത്ത് പുറത്ത് കളയുകയും, ദൈന്യതയോടെ എന്നെ നോക്കുകയും ചെയ്യുന്ന അവനെ ഞാൻ കണ്ടു!
നിറയുന്ന കണ്ണുകൾ മക്കൾ കാണാതിരിക്കാൻ ഞാൻ പുറം കാഴ്ച്ചകൾ ശ്രദ്ധിക്കുന്നതായി ഭാവിക്കുകയും, അവന്റെ ഓർമ്മകൾ നിറഞ്ഞ വഴിയിൽ നിന്ന് രക്ഷപ്പെടാൻ വണ്ടിയുടെ വേഗത വർദ്ദിപ്പിക്കുകയും ചെയ്തു …!