ശീതികരിച്ചൊരാ മുറിയിലെ മേശയിൽ
മരവിച്ച ഒരു മഞ്ഞുകൊള്ളിപോലെ

കിടക്കുന്നഎന്നെ
ആരൊക്കെയോ ചേർന്ന്
പാകമല്ലാത്തൊരു കവറിലാക്കി

അവസാന യാത്രയ്ക്കൊരുക്കമായുള്ള
ഉറ്റവർ നൽകുന്ന കുളിയുമില്ല

കോടി വസ്ത്രങ്ങൾ ധരിക്കുവാൻ ഇല്ല
അത്തറും പൂക്കളും വിതറുകില്ല

പ്രൗഢി വിളിച്ചോതും പെട്ടിയില്ല
പല വർണ്ണ ഹാരവും റീത്തുമില്ല

ആളുകളാരവം അരികിലില്ല
അനുശോചനകുറിപ്പൊന്നുമില്ല

കാതടപ്പിക്കുന്ന കോളാമ്പിയില്ല വാഹനവ്യൂഹത്തിൻ നിരകളില്ല

പെറ്റ വയറിന്റെ നൊമ്പരമോ
കൂടപ്പിറപ്പിന്റെ ഗദ്ഗദമോ

പ്രാണപ്രിയയുടെ കണ്ണുനീരോ
പോറ്റിവളർത്തിയ പൊൻമക്കളോ

ഒന്നിച്ചുജീവൻവെടിയുവാനായി-
ട്ടൊരുമ്പെട്ട ചങ്ങാതിമാരും ഇല്ല

അവസാന ചുംബനം തന്നയച്ചീടുവാൻ ആരോരുമരികത്ത് പോലുമില്ല

തലക്കിലും കാല്ക്കലും പിടിച്ചുയർത്തീടുവാൻ രക്ത ബന്ധുക്കളുമെത്തുകില്ല

കത്തിജ്വലിക്കും നിലവിളക്കില്ല
സുഗന്ധം പരത്തുന്ന തിരികളില്ല

വായ്ക്കരി ഊട്ടലും കർമ്മങ്ങളും
ഒക്കെ കടങ്കഥ ആയിടുന്നു

ജീവൻ വെടിഞ്ഞൊരു ദേഹം പുതയ്ക്കുവാൻ മണ്ണുപോലും ഇവിടില്ല പോലും

ഒടുവിലായ് ഏറിയ തർക്കത്തിനൊടുവിൽ ആരോ ഒരൗദാര്യം കാട്ടിയതാൽ

ആറടി അല്ല അതിലുമാഴത്തിലായ്
കുഴി തോണ്ടി അതിനകത്താക്കിടുന്നു

കൂട്ടത്തിലാരോ നന്മവറ്റാത്തവർ കൂടെയുണ്ടെങ്കിൽതൻ അശ്രുക്കളും

ഇല്ലെങ്കിൽ അതുമില്ല
പുഴു വിന്റെ ജീവനും
മനുജന്റെ ജീവനും ഒന്നുപോലെ

എങ്ങോ കിടന്നു മരിച്ചിടുന്നു ആരോരുമറിയാതെ പോയിടുന്നു

ദുർഗ്ഗന്ധ മുണ്ടായ കാരണത്താൽ ഈച്ച യാണാദ്യമായ് വന്ന ബന്ധു

കത്രീനവിജിമോൾ

By ivayana