ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഉള്ളെരിച്ചെന്തിനായ് നീ വരും, കിനാക്കളില്‍
ഉള്ളം വിതുമ്പിയീയോര്‍മ്മയില്‍ നിഴലായ്..?
ഉള്ളുയിര്‍ പൊള്ളുമീ മണല്‍ക്കാടിലൊറ്റയ്ക്കെന്നു-
ള്ളുരുക്കത്തി,ലുരുകിപ്പിടയവേ.
കാലദ്വീപമായി, കഴിഞ്ഞ കാലങ്ങള്‍..!
കാലണിമുത്തുകള്‍ മിണ്ടാതെ മറയുന്നു..!
കാലം പോകെയീ പൊടിക്കാറ്റിലീറനായ്
കലങ്ങിയൊഴുകും മിഴിനീരിന്നുടമയായ്.
തലവിധിചുമന്നു തനിയേ നടക്കും
തലയാണിക്കൊത്തൊരാ,
പ്പലകയില്‍ മുത്തും
തരളാക്ഷി,നിന്നെയുമോര്‍ക്കും
തരികം കണക്കെ നീങ്ങുമെന്നെ ശപിക്കും..
കുടുംബത്തെയോര്‍ക്കും
കുടക്കൂലി നല്കുവാനോര്‍ക്കും
കുടീരമിനിയെന്നൊന്നു ചിന്തിക്കും
കുടുംബസ്ഥനാകാതിങ്ങു മെല്ലിച്ചുണങ്ങും.
ഒടുവിലെന്‍ നാട്ടിലേയ്ക്കെത്തുമ്പൊഴേക്കും
ഒടുങ്ങലില്‍ അത്തറു മണക്കും നിശ്ചയം
ഓമനിയ്ക്കയെന്‍ ശവമഞ്ചം,കാണവേയോര്‍ക്കുക
ഓന്തൊത്ത നിറമില്ലാ പ്രവാസിയെത്രേ ..!
ഉള്ളെരിച്ചെന്തിനായ് നീ വരും, കിനാക്കളില്‍
ഉള്ളം വിതുമ്പിയീ,ഓര്‍മ്മയില്‍ നിഴലായ്..?
ഉള്ളുയിര്‍ പൊള്ളുമീ മണല്‍ക്കാടിലൊറ്റയ്ക്കെ-
ന്നു ള്ളുരുക്കത്തില്‍, ഞാന്‍ ഉരുകിപ്പിടഞ്ഞിടട്ടെ…!
■■■■■■■■

റോയ് കെ ഗോപാൽ

By ivayana