ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഭീതിദമാകും കാരാ-
ഗൃഹത്തിന്നറയ്ക്കുള്ളിൽ
നീതിമാൻ വിചാരണ
കൂടാതെ കിടക്കുന്നു.
നിയമക്കുരുക്കിന്റെ
ചങ്ങലപ്പൂട്ടിൻ താക്കോൽ
നിയതിയൊളിപ്പിച്ചു
വെക്കുന്നു നിരന്തരം.
കണ്ടതു പറഞ്ഞതാ-
ണവന്റെ പേരിൽ കുറ്റം,
മിണ്ടാതെയിരിക്കുവാൻ
ചൊന്നതും കേട്ടില്ലത്രേ!
കഥയായവൻ ചൊന്ന
കാര്യങ്ങൾ ജനതതൻ
വ്യഥയായിരുന്നെന്നു
സർക്കാരുമറിഞ്ഞത്രേ.
രാജത്വം വിറപൂണ്ടു,
രാജാവും കോപിഷ്ടനായ്:-
” ഈ ജന്മമെന്നെ തോൽ –
പ്പിച്ചീടുവാനാരും വേണ്ട.”
അറിയില്ലല്ലോ നമു-
ക്കിത്തരം കഥയുടെ
പരിണാമഗുപ്തിതൻ
സഞ്ചാരപഥങ്ങളെ.
ജനശക്തിതൻ നെടും
തൂണുകൾ നാലുംചേർന്നു
ധനശക്തിയെത്താങ്ങി-
നിർത്തുവാൻതുടങ്ങവേ,
അവനെ തുണയ്ക്കുവാ-
നാൾബലമുണ്ടായില്ല,
കവികളന്യാപദ-
ശങ്ങളെച്ചമച്ചിട്ടും.
ഒടുവിൽ മൃതമായ
നീതിതൻ ശവം പുറ-
ത്തെടുക്കാൻ കാരാ-
ഗാരവാതിലു തുറന്നതും,
സ്വച്ഛന്ദമായിട്ടെങ്ങും
ചരിക്കാൻ കഴിയാതെ
പ്രച്ഛന്നവേഷംപൂണ്ടു
സത്യങ്ങളലഞ്ഞതും,
കണ്ടു നില്ക്കുന്നു നാടിൻ
ബുദ്ധിജീവികൾ, മൗനം-
കൊണ്ടു കൂടാരം തീർത്തു
തപസ്സിൽ മുഴുകുന്നു.
പാരിതിൽ ജനാധിപ –
ത്യത്തിനു വളരുവാൻ
ചോരയും നീരുമിന്നും
വളമായ് വേണം പോലും!
അല്ലായ്കിൽ മനുഷ്യന്റെ
സ്വാർത്ഥലാഭേച്ഛക്കുള്ളിൽ
വല്ലാതെ ശ്വാസം മുട്ടി
മൂല്യങ്ങൾ മരിച്ചേക്കാം.

മംഗളാനന്ദൻ

By ivayana