തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ അയ്യൻ മാല ദമ്പതികളുടെ മകനായി 1863 ഓഗസ്റ്റ് 28നാണ് അയ്യങ്കാളി ജനിച്ചത്.
പണിയെടുക്കുന്നക്കുന്ന അവർണനു മണ്ണിൽ കുഴികുത്തി അതിൽ ഇല വെച്ച് ഭക്ഷണം നൽകിയും പൊതുസ്ഥലങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടും . കൂടാതെ ജാതിയുടെ അടയാളമായ “കല്ലുമാല”കൾ കഴുത്തിലണിഞ്ഞും .അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും കഴിയാത്ത ജന്മി കുടിയാൻ കാലത്തു പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്നിട്ടും കേരള നവോഥാനത്തിലെ “ആളിക്കത്തിയ തീപ്പൊരി “യായി മാറി .ആദ്യകാലങ്ങളിൽ സുഹൃത്തുക്കളെ കൂട്ടി ജന്മിത്വത്തിന്റെ മർദ്ദനങ്ങൾ ചെറുത്തു തോൽപ്പിക്കാനായി നാടൻ കളരികളിൽ നിന്നും കായികാഭ്യാസം പഠിച്ചു .


1893ൽ അദ്ദേഹം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ “വില്ലുവണ്ടി സമരം” നടത്തി. പിനീട് 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അദ്ദേഹത്തിന്റെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി . .
1904-ൽ വെങ്ങാനൂരിൽ തന്റെ സുഹൃത്തുക്കളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ കുടി പള്ളിക്കൂടം അദ്ദേഹം നിർമ്മിച്ചു.പക്ഷെ സവർണർ അന്നു രാത്രി തന്നെ തീയിട്ടു.1905-ൽ തിരുവിതാംകൂറിൽ മേഖലകളിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിക്കുകയും ജന്മികൾ ആദ്യം സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഇച്ഛാ ശക്തിയിൽ സമരം ഒത്തുതീർപ്പായി.ഇത് “തൊണ്ണൂറാമാണ്ട് ലഹള”.എന്നറിയപ്പെടുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് കേരളത്തിലെ കർഷകത്തൊഴിലാളി മുന്നേറ്റത്തിന്റെ ആണിക്കല്ല് .
1907 ൽ “സാധുജന പരിപാലന സംഘം” സ്ഥാപിച്ചു. കൂടാതെ “സാധു ജനപരിപാലിനി “എന്ന പേരിൽ “കാളിച്ചോതി കറുപ്പൻ “പത്രാധിപർ ആയി മുഖ പത്രം പ്രസിദ്ധീകരണവും തുടങ്ങി .


ദളിത് വിദ്യാർഥിക്സ്‍ൾക്കു പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഈ കാലത്തു ഉണ്ടായി. ദീർഘനാളത്തെ ഭൂമി തരിശിടൽ സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഉത്തരവ്. 1910 മാര്ച്ച് ഒന്നിന് പൂജാരി അയ്യന്റെ മകൾ പഞ്ചമി, യെയും കൂട്ടി ഊരൂട്ടമ്പലം സ്കൂളില് എത്തി. അവര്ണ്ണര് സ്കൂളില് പ്രവേശിക്കുന്നത് തടയുന്നതിനായി സവര്ണ്ണര് സർവ്വ സന്നാഹവും ഉപയോഗിച്ചു . ഇതിന്റെ ബാക്കിയായി അധ:സ്ഥിതരുടെ കുടിലുകള് തീയിടുകയും ആടുമാടുകളെ കൊല്ലുകയും ചെയ്തു. തങ്ങള്ക്ക് നേരെ ഉള്ള അതിക്രമങ്ങള്ക്ക് എതിരെ അദ്ദേഹത്തിന്റെ സംഘം വളരെ തീവ്രമായി പ്രതികരിച്ചു. സവര്ണ്ണരും അവര്ണ്ണരും തമ്മിലുള്ള ഈ സംഘര്ഷത്തെ, ‘പുലയ ലഹള’ എന്ന് ആക്ഷേപിച്ചെങ്കിലും .”ഞങ്ങളുടെ കുട്ടികളെ പഠിക്കാന് അനുവദിച്ചില്ലെങ്കില് നിങ്ങളുടെ പാടങ്ങളില് ഇനി തരിശ് വളരും’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഉറച്ച നിലപാടും 1914-ൽ വെങ്ങാനൂർ പുതുവൽവിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ കാരണമായി .


1911 ഡിസംബർ അഞ്ചിന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിൽ അംഗമായി നാമനിർദ്ദേശം ചെയ്തു. പ്രജാസഭയിൽ ചെയ്ത കന്നി പ്രസംഗത്തിൽ( ശ്രീമൂലം പ്രജാ സഭയിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ കല്ലട ശശി പുസ്തകമാക്കിയിട്ടുണ്ട്) തന്റെ ആളുകൾക്ക് സ്വന്തമായി മണ്ണില്ലാത്തതിനാൽ വീടുവെയ്ക്കാൻ മണ്ണു വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഇതിനേത്തുടർന്ന് വിളപ്പിൽ പകുതിയിൽ 500 ഏക്കർ സ്ഥലം സാധുജനങ്ങൾക്ക് പതിച്ചുനൽകാൻ സർക്കാർ ഉത്തരവിട്ടു. 25 വർഷം അദ്ദേഹം പ്രജാസഭാംഗമായിരുന്നു. പിന്നീട് 1915-ൽ കൊല്ലം ജില്ലയിലെ പെരിനാട് കേന്ദ്രമായി അദ്ദേഹം താഴ്ന്ന ജാതിക്കാരെ വിളിച്ചു കൂട്ടി ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് കേട്ട സ്ത്രീകൾ അത് വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. “കല്ലുമാല സമരം “എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത് .


നിരന്തരം പോരാട്ടങ്ങളും സമരങ്ങളും തുടർന്ന് കൊണ്ടേയിരുന്നു .1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത്. വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും എത്തിയിരുന്നു . “സ്വസമുദായത്തില്‍ നിന്നും പത്ത് ബി എ ക്കാരുണ്ടാകാന്‍” സഹായിക്കണമെന്ന് അദ്ദേഹം ഗാന്ധിജിയോട് അഭ്യര്‍ത്ഥിച്ചു . തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം നല്കികൊണ്ട് ഗാന്ധിജി പത്തല്ല നൂറു ബിഎ ക്കാര്‍ ഉണ്ടാകുമെന്നു മറുപടി പറഞ്ഞു .” പുലയ രാജാവ്” എന്നാണു ഗാന്ധിജി അദ്ദേഹത്തെ വിളിച്ചത്. ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അദ്ദേഹം ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ പറയുന്നു .
11941 ജൂൺ 18-ാം തിയതി അദ്ദേഹം വിടപറഞ്ഞു .


ചരിത്രത്തിലാദ്യമായി അയ്യങ്കാളിയെ കുറിച്ചുള്ള ഒരു ലേഖനം പ്രത്യക്ഷപ്പെടുന്നത് 1953- ലെ എസ്.എൻ.ഡി.പി പ്രസിദ്ധീകരിച്ച സുവനീറിലാണ് .അതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ കൊച്ചുമകനായിട്ടുള്ള വെങ്ങാനൂർ സുരേന്ദ്രൻ, “അയ്യങ്കാളി സ്മരണിക” പ്രസിദ്ധീകരിക്കുകയും ചെയ്‌തു .1979-ൽ ടി.എച്ച്.പി. ചെന്താരശ്ശേരി എഴുതിയ ജീവചരിത്രം അയ്യങ്കാളിയെ കുറിച്ച് ഉണ്ടായിട്ടുണ്ടെങ്കിലും . എം.ആര്‍ രേണുകുമാറിന്റെ ‘അയ്യങ്കാളി: ജീവിതവും ഇടപെടലുകളും “എന്ന
പുസ്തകമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത് .ദളിത് ബന്ധു എൻ .കെ .ജോസ് അദ്ദേഹത്തെകുറിച്ചു ആറു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .കൂടാതെ സർക്കാർ തലത്തിൽ ഒട്ടനവധി ഗ്രന്ഥങ്ങളും ,പാഠ പുസ്തകങ്ങളിലും അദ്ദേഹത്തെ കുറിച്ചുള്ള നിരവധി ലേഖനങ്ങളുണ്ട് . അദ്ദേഹത്തിന്റെപ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ രാഷ്ട്രീയമോ ജാതി പരമായോ ഇന്നും അദ്ദേഹത്തെ മാറ്റി നിർത്തപ്പെടുന്നു എന്ന ആക്ഷേപങ്ങൾക്കിടയിലും തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെടുകയും .അദ്ദേഹത്തിന്റെ പേരിൽ സ്കൂളും മറ്റു സ്ഥാപനങ്ങളും ഒക്കെ നിലനിൽക്കുന്നു എന്നത് ആശ്വാസമാണ് .അതിനുമപ്പുറം ഇന്ത്യ മഹാ രാജ്യത്തിന്റെ നേരവകാശികളായ ജനതയുടെ സാമൂഹിക സാംസ്കാരിക ഉന്നമനങ്ങളുടെയും കേരള നവോഥാനത്തിന്റെയും പ്രഥമ സ്ഥാനീതനായ അദ്ദേഹം എക്കാലവും ജന ഹൃദയങ്ങളിലുണ്ടാകും …….

അഫ്‌സൽ ബഷീർ

By ivayana