രചന : ഗായത്രി രവീന്ദ്രബാബു ✍
കാക്കത്തമ്പുരാട്ടി ഒറ്റപ്പെട്ടിരിക്കുന്ന തുരുമ്പിച്ച മുള്ളുവേലിയിൽ പിടിച്ച് ഇന്ദു നിന്നു. കുടുങ്ങിക്കളിക്കുന്ന ഹൃദയം ഒന്നു തഞ്ചപ്പെടട്ടെ. ഈ കടുംതുടി ഒന്ന് അടങ്ങിക്കോട്ടെ.
ഇനി നടക്കാം. നടന്നേതീരൂ. മുന്നോട്ടോ പിന്നോട്ടോ എന്നേ തീരു മാനിക്കേണ്ടതുള്ളു. ഇപ്പോൾ തീരുമാനിക്കണം. ഈ നിമിഷം. ഇല്ലെങ്കിൽ തോരാനിട്ട ശീലപോലെ താനീ കമ്പിവേലിയിലേയ്ക്ക് പാറിവീഴാനാണിട. തീക്കനൽ പൊതിഞ്ഞു വച്ചിരിക്കും പോലെ ഈ മനസ്സ് എത്രകാലം ശരീ രത്തിനുള്ളിൽ കാത്തു വയ്ക്കാനാകും!
കാലുകൾ സ്വന്തം ജഡം പേറുന്ന ഭാരമാണ് ഇപ്പോൾ സഹിക്കുന്നത്. അവ ധൃതി കൂട്ടുന്നു. വേഗം. മുന്നോട്ട് അല്ലെങ്കിൽ വന്ന വഴികൾ താണ്ടി പിന്നോട്ട്.
ഇന്ദു ശകുനങ്ങൾ ഓർക്കാൻ ശ്രമിച്ചു. “മദ്യം, പച്ചഇറച്ചി, മണ്ണ്…” നില്ക്കട്ടെ. മദ്യം ആവോളം ഉള്ളിൽ ചെലുത്തിയ ഒരു പച്ച മനുഷ്യനാണ് നിമിത്തം വന്നത്. അപ്പോൾ ശുഭമോ? അശുഭമോ? നിമിത്തത്തെക്കുറിച്ച് ഓർത്തുവയ്ക്കാൻ കാരണമുണ്ട്. അയാളുടെ നില്പുറയ്ക്കായ്ക കണ്ടപ്പോൾ, നില്ക്കപ്പൊറുതിയില്ലാത്ത സ്വന്തം മനസ്സിൻ്റെ വെളിച്ചപ്പെടലാണെന്നു തോന്നി. ഇപ്പോഴെന്നപോലെ അപ്പോഴും സന്ദേഹിച്ചു കൊണ്ട് നിന്നുപോയി.
പോകണോ?
മടങ്ങണോ?
ഇടറുന്ന മനസ്സ്. ലഹരിപിടിച്ച മനസ്സ്. വലിച്ചിഴയ്ക്കപ്പെടുന്ന മനസ്സ്. ഇപ്പോഴും എപ്പോഴും തോന്നുന്നത് വിസ്‌മയമാണ്. ചിപ്പിയിൽ കടന്നു കയറുന്ന മൺതരിപോലെ എങ്ങനെ ഹൃദയത്തിൽ ഒരു തരി വന്നു പെട്ടു? മനസ്സ് ചേർത്തടച്ചിരിക്കുന്നു; എന്നിട്ടും.
അറിയില്ല ഒന്നുമറിയില്ലെനിക്ക് . ഇന്ദു തേങ്ങിപ്പോയി. ആ മൺതരിയെ അവഗണിക്കുകയായിരുന്നു നല്ലത്. പകരം കുടഞ്ഞു, കശക്കി, ഞെക്കിപ്പതുക്കി. അപ്പോൾ ഹൃദയം സ്വയം ദ്രവിച്ച് അതിനെ പൊതിയുകയായിരുന്നു. ഒളിപ്പിക്കാൻ അതേ വഴിയുണ്ടായിരുന്നുള്ളു. പക്ഷേ ഇപ്പോൾ മൺതരി മുത്തായപ്പോൾ ഇനി എവിടെ ഒളിപ്പിക്കും !
ചിലമ്പ് മോഷ്ടിച്ച കള്ളൻ്റെ അവസ്‌ഥ അനങ്ങിയാൽ കിലുക്കം. നില്ക്കാമോ? ഓടാമോ? രണ്ടായാലും പെട്ടതുതന്നെ!
അമ്മ പലവട്ടം ചോദിച്ചു.
“എന്താ നിനക്ക്? ആരാ നിൻ്റെ ദേഹത്ത് കൂടിയിരിക്കുന്നത്?”
“അമ്മ” എന്നാണ് ഉത്തരം പറയേണ്ടത്.
സ്നേഹിച്ച പുരുഷനു പിന്നാലെ മന്ത്രമുഗ്ദ്‌ധയെപ്പോലെ ഇറങ്ങി നടന്ന അമ്മയിലെ കാമുകി എന്ന്! (ദുർമ്മരണമായിരുന്നല്ലോ ആ പ്രണയിനിക്ക് ) അവളാണ് ഇന്നെൻ്റെ ദേഹത്ത് കൂടിയിരിക്കുന്നത്…
ഇങ്ങനെ പറയാമായിരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല. പറയാതെ എല്ലാം അറിയുന്ന അമ്മയോട്,
ഇന്ദു പിന്നെയും നടന്നു മുന്നോട്ടു തന്നെ. പഞ്ചസാരത്തരി പതിച്ച പോലുള്ള ചെറിയ പഴ്‌സിൻറെ കള്ളറയിൽനിന്ന് ഒരു കുറിപ്പെടുത്തു. മനസ്സിലെ കുറിപ്പുമായി ഒത്തുനോക്കി. ഇല്ല. തെറ്റിയിട്ടില്ല.
“ഇന്ദു ഇവിടെ?”
മുന്നിൽ ആർദ്രത വഴിയുന്ന നയനങ്ങളോടെ അയാൾ. പക്ഷേ ഒരു പ്രേതത്തെ മുന്നിൽ കണ്ടാലെന്നോണം ഇന്ദു വിളറിപ്പോയി. ഒരു നിമിഷം തറച്ച നോട്ടത്തോടെ നിന്നിട്ട് അവൾ മെല്ലെ പറഞ്ഞു:
“ഒന്നു കാണാൻ വന്നു”
നനഞ്ഞ വെയിൽപോലെ ഒരു ചിരി ആ ഇരുണ്ട മുഖത്ത് പ്രഭ പരത്തി. ചെന്നിയിൽ ഊർജ്ജം തുടിക്കുന്ന ഒരു നേർത്ത ഞരമ്പിൽ കണ്ണുകൾ ഉടക്കി. ഇന്ദു ഓർത്തു. ഈ മുഖം കണ്ണിൽപ്പെടുമ്പോഴൊക്കെ ഈ
കൗതുകവും ശ്രദ്ധിക്കാതെ പോയിട്ടില്ല. “ഞാൻ പുറത്തേക്ക് വെറുതെ ഇറങ്ങിയതാണ്. ഇന്ദു വരൂ. വീട്
അടുത്താണ്.”
അയാൾ തിരിഞ്ഞു നടന്നു. ഒപ്പമെത്താൻ ഇന്ദു തെരുതെരെ നടന്നു ഇരുവരും ഒന്നും സംസാരിച്ചില്ല. വരമ്പിലേക്ക് ചാഞ്ഞുകിടന്ന കൈതോലകൾ വകഞ്ഞുവിട്ട് അയാൾ നടന്നപ്പോൾ അവ ഇന്ദുവിന്റെ കവിളത്തുരസി. അരംകൊണ്ടുള്ള തലോടൽ! കവിൾ ചുട്ടുനീറി. പുറത്തു ചാടിയ നേർത്ത ഞരക്കം കേട്ട് അയാൾ കുറ്റബോധത്തോടെ തിരിഞ്ഞു നിന്നു.
“ അയ്യോ!വല്ലാതെ നൊന്തോ?”
അവൾ മിണ്ടിയില്ല. കവിൾ തലോടിക്കൊണ്ട് നടന്നു.
അയാൾ തുടർന്നു:
“ഒറ്റയ്ക്ക് നടന്നേ ശീലമുള്ളു. ഓർത്തില്ല. പിന്നിൽ ഒരു ‘ഡെലിക്കേറ്റ് ഡാളിംഗ്’ ഉള്ള വിവരം” അയാൾ ചിരിച്ചു.
“ഇനി പിന്നിലേക്കും ഒരു കരുതൽ വേണ്ടതല്ലെ?”
“വേണോ?”
ഇന്ദു മിണ്ടിയില്ല.
“വേണോ? പറയ്. പിന്നിൽ കൂടെക്കാൻ ഇന്ദു ഉണ്ടാകുമോ?”
“വേണം” ഒരുശാഠ്യം പോലെയായിരുന്നു ഇന്ദുവിൻ്റെ മറുപടി.
“ആഹ്ഹാ! എന്തു സുഖം ഈ മറുപടിക്ക്. എപ്പോഴുമെന്നപോലെ ഉരുണ്ടു കളിക്കാതെ ഒറ്റവാക്കിലൊരു മറുപടി.”
അയാളുടെ അഭിനന്ദനം ഇന്ദുവിനെ അധീരയാക്കി. ശരിയായോ ഈ മറുപടി? ശരിക്കും ആലോചിച്ചിട്ടു തന്നെയാണോ..ഓ! അയാളുടെ ആഹ്ലാദം പിന്നെയും വാക്കുകളായി.
“ഇന്ദു വന്നതാണ് ;എനിക്കുള്ള വ്യക്തമായ മറുപടി പോലെ. എൻെറ നിരന്തരമായ അർത്ഥന നിരസിക്കാൻ മനസ്സുവരാത്ത വിരുന്നുകാരിയെ പോലെ.”
അയാൾ പുതിയൊരുന്മേഷത്തോടെ നടന്നു. ആ ഉന്മേഷം പേറിയെത്തിയ കാറ്റിൽ ഹൃദ്യസുഗന്ധം.
ഇന്ദു ഓർത്തു. ഒരിക്കൽമാത്രം കിട്ടിയ ഒരു ചുംബനത്തിൻ്റെ അതേ ഗന്ധം. അന്ന് പിടഞ്ഞ് മാറിനിന്നിട്ട് നാണമൊതുക്കിപ്പറഞ്ഞു:
“അയ്യേ: മണൽ പേപ്പറിട്ട് കവിളത്ത് ഉരസിയ പോലുണ്ട്.” ഷേവ് ചെയ്‌താലും മായാതെ കിടക്കുന്ന കവിളത്തെ കരിനിഴലിലൂടെ വിരൽ നടത്തി അയാൾ പറഞ്ഞു:
“കറുത്ത മണൽ പേപ്പർ അല്ലേ?” പിന്നെ പൊട്ടിച്ചിരിച്ചു.
മധുരപ്പൊതിച്ചിലുള്ള കയ്‌പ് ഗുളിക പോലെ ഓർമ്മയിലെ ഇത്തിരി മധുരം നുണഞ്ഞു തീർത്തപ്പോൾ ഇന്ദു കയ്‌പറിഞ്ഞു. ഇപ്പോൾ കൈതയോല യാണ് ചുംബിച്ചത്. അയാൾ തിരിഞ്ഞു നിന്നു.
“ഇന്ദുവിൻറെ മുഖപ്രസാദം കണ്ട് ചോദിക്കയാണ്…” അവൾ ഞെട്ടി. തൊട്ടാവാടിപോലെ തവിഞ്ഞുപോകുന്ന മുഖം ഒരു ചിരിയിൽ വികസിച്ചിരുന്നെങ്കിൽ എന്നവളാശിച്ചു. ചിരിക്കാൻ ശ്രമിച്ചാൽ കരഞ്ഞുപോകും എന്ന് ഇന്ദുവിന് ഉറപ്പായിരുന്നു. ചുണ്ട് കടിച്ചൊതുക്കി അയാളെ നോക്കി.
“ഇന്ദു എല്ലാം തീരുമാനിച്ച് വന്നതാണ്. എന്നാലും നിന്നെ എനിക്കറിയാമല്ലോ. അതുകൊണ്ട് ചോദിക്കയാണ്. ഇതൊക്കെ സന്തോഷത്തോടെ തന്നെയാണോ?”
“ഒരു നേർച്ചക്കോഴിയെപ്പിടിച്ച് അതിന്റെ കാതിൽ ചോദിക്ക് ഈ ചോദ്യം.”
പറഞ്ഞു തീർന്നപ്പോൾ വിസ്‌മയിച്ചു. എന്തിനാണിങ്ങനെ പൊട്ടിത്തെറിച്ചത്!
“പിന്നെന്തിനു വന്നു. ആളെ കളിയാക്കാൻ. അല്ലേ? മതിയായി എനിക്ക്. നിന്റെ ഈ വിചിത്രസ്നേഹം മതിയായി “
ഇന്ദു നോട്ടം തന്റെ കാൽവിരലുകളിലൂന്നി, പിന്നെ മന്ത്രിച്ചു. ഇനി ഇല്ല കുമാരേട്ടാ. വന്നു പോയതാണ് വരാതിരിക്കാനാവാഞ്ഞിട്ട് .
ഈ സ്നേഹം തടുക്കാൻ കെല്പില്ലാഞ്ഞിട്ട്….”
വയൽകാറ്റിൽ അവളുടെ തേങ്ങലുകൾ ഓരോന്നായി അലിഞ്ഞു തീർന്നു. അപ്പോൾ
അനുതാപത്തോടെ അയാൾ പറഞ്ഞു എനിക്ക് മനസ്സിലാകുന്നുണ്ട് നിന്നെ. ചൂടുവെള്ളത്തിൽ വീണ പാവം എൻ്റെ പൂച്ചക്കുഞ്ഞ്.”
ഇന്ദു തല വിലങ്ങനെ ആട്ടി
“ഞാനല്ല, അമ്മ. എൻ്റെ പാവം അമ്മ. അമ്മ ഇനിയും ഒറ്റയ്ക്ക്. അച്‌ഛനെപ്പോലെതന്നെ മകളും ….. പിന്നെയും അവരെ ഒറ്റയ്ക്കാക്കി. ‘ അയാൾ ചിരിച്ചുകൊണ്ടുതന്നെ സമ്മതിച്ചു.
“അതെ. ചൂടുവെള്ളത്തിൽ വീണതു തള്ളപ്പൂച്ചതന്നെ. പക്ഷേ പച്ച വെള്ളം കണ്ട് ഇപ്പോൾ അറയ്ക്കുന്നത് ഈ കുഞ്ഞിപ്പൂച്ചയും!”
അയാൾ ഇന്ദുവിന്റെ ഇരു ചുമലുകളും വാത്സല്യത്തോടെ കൂട്ടിപ്പിടിച്ചു. “കുമാരേട്ടൻ നടന്നാട്ടെ”
വീർപ്പുമുട്ടലോടെ ഇന്ദു പറഞ്ഞു. സ്നേഹിച്ച പുരുഷനു പിന്നാലെ കുടുംബവും കുലവും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ച അമ്മയുടെ കണ്ണുകളിൽ അന്ന് പ്രകാശം നിറഞ്ഞുകത്തിയിരുന്നിരിക്കാം. പക്ഷേ പിന്നെ മകൾ കാണുമ്പോൾ ആ നാളങ്ങൾ പൊലിഞ്ഞിരുന്നു. ശാഠ്യം പിടിക്കുന്ന മകൾക്ക് തൻറെ അച്‌ഛനെ കാണിച്ചു കൊടുക്കാനാവാതെനിന്ന അമ്മയുടെ കണ്ണുകളിൽ ദൈന്യതയുടെ കറുത്ത പുക ചുറ്റുകൾ മാത്രമാണ് കണ്ടിട്ടുള്ളത്. അവർ ഒരിക്കലും ഉപദേശിച്ചില്ല; വഞ്ചനകളിൽ കുരുങ്ങരുതെന്ന്. പക്ഷേ അവർ സ്വയം ഒരുപദേശമല്ലേ? അവരുടെ വരണ്ട ജീവിതംതന്നെ മകൾക്ക് എന്നുമൊരു താക്കീതായിരുന്നില്ലേ? അതെ, നിശ്ചയമായും. എന്നിട്ടും… ആ താക്കീതിന് തന്റെ മുന്നിൽ നടക്കുന്ന ഈ സ്നേഹത്തെ നിഷേധിക്കാൻ കരുത്തില്ല. അരിയോടുകൾ പാകിയ പഴയവീടിൻെറ കോലായയിലേയ്ക്ക് അയാൾ കയറി അവൾക്കായി തുറന്ന് കൈനീട്ടി ; കാത്തുനിന്നു.
“സ്വാഗതം”
അയാൾ നനുത്ത ചിരിയോടെ പറഞ്ഞു. സ്വയം എടുത്തെറിഞ്ഞ പോലെ ആ മാറത്തേക്ക് ചാഞ്ഞ് ഇന്ദു തേങ്ങി. “എന്നെ എടുത്തോളൂ. ചരിത്രം ആവർത്തിക്കാതിരിക്കാൻ എനിക്ക് ഒരു മകനെ തരൂ. മകനെ മാത്രം.”
അവളെ അണച്ചു പിടിച്ച് വാത്സല്യത്തോടെ, അമ്പരപ്പോടെ, അയാൾ വിളിച്ചു
“ഇന്ദൂ!”
അവൾ അപ്പോൾ അമ്മയുടെ മടിയിൽ തലവച്ച് കിടന്ന് കണ്ണീർ ധാരയിൽ മുങ്ങി നിവരുകയായിരുന്നു.