രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍
പച്ചപ്പുവിട്ടുപറന്നോരവർ
പറുദീസതേടിയലഞ്ഞോരവർ
പാരിൻനടുവിൽ പതിരായവർ
പാകമാവാതെകൊഴിഞ്ഞോരവർ
കണ്ടൊരുകനവുകളെല്ലാം
കരിമ്പുകച്ചുരുളിൽ മറഞ്ഞു
കനിവൊന്നുകാട്ടിടാതെ,യീശ്വരൻ
കനൽത്തീയിലുരുക്കിരസിച്ചു
നോക്കിയിരുപ്പുണ്ടങ്ങുദൂരെ
നോക്കിലുംവാക്കിലുംസ്നേഹംതുളുമ്പുവോർ
നോമ്പുനോറ്റിരിക്കുംബന്ധങ്ങൾ
നോവും മനസ്സിന്നുടമകളിന്നവർ
ചിരിയായിരുന്നെന്നുംഗേഹങ്ങളിൽ
ചിന്തകൾ നീറിനീറിയിന്നു
ചിരകാലസ്വപ്നംപൊലിഞ്ഞവരിൻ
ചിതയാണവിടെയെരിഞ്ഞീടുവത്
തളരാത്തദേഹം തളർന്നുപോകുന്നു
താങ്ങിനിർത്തുവാനിനിയേതുകരം
താരകക്കൂട്ടങ്ങളിൽ തെളിയുകയല്ലോ
തർപ്പണമേകുക വർഷമിനി
ചോരുന്ന കൂരയ്ക്കു കീഴിൽ
ചോരും കണ്ണീരുമായ്ക്കാൻ
ചോരനീരാക്കിദിനമെണ്ണിയോർ
ചോദ്യങ്ങളൊന്നുമില്ലാതെമറഞ്ഞു
നെഞ്ചുപൊടിഞ്ഞാർത്തലയ്ക്കുന്നു
നെഞ്ചിലേറ്റിയോരിൻ ഹൃത്തടംതകർന്നു
നെടുംത്തൂണായെന്നും നിന്നവർ
നെടുനീളൻപെട്ടിയിൽ നിദ്രയിലല്ലോ
പോകാൻ മടിച്ചും പോയവരും
പോയേറെനാളുകളായവരും
പോകില്ലിനിസ്വന്തമണ്ണിലഭയമെന്നുചൊല്ലി
പോരുവാനേറെകൊതിച്ചവരും
ഒരുവാക്കുമിണ്ടാതെനിശ്ചലമിന്നീ
ഒടുവിലെയാത്രയിലൊന്നായി
ഒടുങ്ങാത്തവേദനതന്നവരിന്നു
ഒരുപിടിചാരമായൊടുങ്ങുകയല്ലോ
മറവിക്കുമറവിയുണ്ടെന്നാകിലും
മാർഗ്ഗമടഞ്ഞവരിൻനൊമ്പരം
മാറില്ലമായില്ല മായ്ക്കുവാനാകില്ല
മരണമെത്തിതഴുകിടുംനാൾവരെ