മുറ്റത്തു നിന്നിത്ര നാൾ
പൂക്കൾ വിതറിയ
നന്ത്യാർവട്ടമെ
നീയിന്നു വീണുവൊ !
എന്നും പുലരിയിൽ
നിറഞ്ഞ ചിരിയുമായ്
മംഗളം ചൊല്ലിയ
നീയിന്നു വീണുവൊ !
പൊന്നോണമെത്തുമ്പോൾ
പൂക്കളമൊരുക്കുവാൻ
ഇത്രനാളെത്രമേൽ
പൂക്കൾ പകർന്നു നീ
മഴയിലും മഞ്ഞിലും
വെയിലിലുമെന്നല്ല
എന്നെന്നും പൂത്തു നിറഞ്ഞു
വിളങ്ങി നീ
ഉള്ളിൽ നിറഞ്ഞ നിൻ
നന്മകളല്ലയൊ
വെൺതാരക-
പ്പൂക്കളായ് വിടരുന്നു !
ലോഭമില്ലാതവ
പരത്തുന്നു ചുറ്റും
ലാവണ്യമേറിയ
സന്ദേശസൂനങ്ങൾ
ഇത്രനാളൊന്നി
ച്ചിവിടെ കഴിഞ്ഞു നാ-
മിന്നു മുതൽ
‘ക്കവിടം ശൂന്യമായ്.
പിന്നിട്ട നാൾവഴി
തന്നിലെൻ മുന്നിലായ്
പൂക്കൾ വിതറിയ
പുണ്യ സൗഹൃദമെ |
ജൻമം സഫലമായ്
വേദിയൊഴിയവെ
വേദനയോടെ യെ-
ന്നാർദ്ര പ്രണാമങ്ങൾ

എം പി ശ്രീകുമാർ

By ivayana