ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

🌻മയിൽ എങ്ങനെ സുന്ദരനായി കഥ കേൾക്കു
ഹിന്ദു പുരാണത്തിൽ വിഷ്ണുവിൻ്റെ വാഹനമായ ഗരുഡൻ്റെ ഒരു തൂവലിൽ നിന്നാണ് മയിലിനെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പണ്ടുകാലത്ത് മയിലുകൾക്ക് മങ്ങിയ തൂവലുകളായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കൽ രാവണനും ഇന്ദ്രനും തമ്മിൽ ശക്തമായ യുദ്ധം നടക്കുകയുണ്ടായി. അന്ന് രാവണൻ്റെ ആക്രമണത്തിൽ നിന്നും ഇന്ദ്രനെ രക്ഷിക്കാൻ മയിലുകൾ സഹായം ചെയ്തു നൽകി. തൻ്റെ വലിയ പീലികൾ വിരിച്ചു നിന്ന് ഇന്ദ്രനെ അതിനുള്ളിൽ ഒളിപ്പിച്ചു വെച്ചു രാവണനിൽ നിന്നും രക്ഷപ്പെടുത്തി. സന്തുഷ്ടനായ ഇന്ദ്രൻ അതിനു പകരമായി മയിലിൻ്റെ തൂവലുകൾ വർണ്ണാഭമാക്കി നൽകി എന്നാണ് വിശ്വാസം.
🌻എന്തുകൊണ്ട് മയിലുകളുടെ കാടിറക്കം?
ഉഷ്ണപ്പക്ഷിയാണ് മയില്‍. അവയുടെ ആവാസ വ്യവസ്ഥ ഉള്‍വനങ്ങളല്ല. കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലുമാണ് അവയുടെ താമസം. കുറ്റിക്കാടുകള്‍ ഇല്ലാതായതും പാറക്കെട്ടുകള്‍ ഖനനത്തിനായി ഇല്ലാതാവുന്നതും കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളും ഒക്കെയാണ് മയിലുകളുടെ കാടിറക്കത്തിന് കാരണമായി പറയുന്നത്. മഴക്കാലമാണ് മയിലുകളുടെ പ്രജനന കാലം. ഇണകളെ ആകര്‍ഷിക്കാനാണ് മയിലുകള്‍ പീലിവിടര്‍ത്തിയാടുന്നത്. പ്രജനനകാലം മഴക്കാലമായതിനാലാണ് മഴയെത്തുംമുമ്പേയുള്ള മയൂരനടനങ്ങള്‍ പതിവാകുന്നത്. മഴ കുറഞ്ഞതും ഭക്ഷണവും വെള്ളവും ഇല്ലാതായതും ഒക്കെ മയിലുകളുടെ കാട്ടുജീവിതത്തെ സാരമായി ബാധിക്കുന്നു. സ്വാഭാവിക വനത്തിന്റെ നാശമാണ് മയിലുകള്‍ പെരുകാന്‍ കാരണമാകുന്നത്. വനം ഇല്ലാതാവുന്നത് ഉഷ്ണക്കാറ്റ് വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. മണ്ണെടുപ്പ് മൂലം മണ്ണിന്റെ ആര്‍ദ്രത കുറയുന്നു. ഇത് മയിലുകള്‍ക്ക് ജീവിക്കാന്‍ പറ്റിയ സാഹചര്യം നാട്ടില്‍ സൃഷ്ടിക്കുന്നു. മറ്റൊന്ന്, നാട്ടിന്‍പുറങ്ങളില്‍ പൊന്തക്കാടുകള്‍ വ്യാപകമാകുന്നതാണ്. ഇത്തരം കുറ്റിക്കാടുകളാണ് മയിലുകളുടെ ആവാസകേന്ദ്രങ്ങള്‍. ഇങ്ങനെയൊക്കെ മയിലുകള്‍ കാടിറങ്ങി നാട്ടിലെത്തുന്നു.
വയനാട്, ഇടുക്കി ജില്ലകളിലാണ് തൊണ്ണൂറുകള്‍ക്കു മുമ്പ് മയിലുകളെ വ്യാപകമായി കണ്ടിരുന്നത്. ഇപ്പോള്‍ കേരളത്തിന്റെ പലഭാഗങ്ങളിലും മയിലുകളെ വ്യാപകമായി കാണാം. കാട്ടില്‍ കുറ്റിക്കാടുകള്‍ കുറയുകയും നാട്ടില്‍ കുറ്റിക്കാടുകള്‍ കൂടുകയും ചെയ്തത് കുറ്റിക്കാടുകളില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന മയിലുകളെ നാട്ടിലെത്തിച്ചതില്‍ പ്രധാന ഘടകമായാണ് വിദഗ്ദര്‍ കാണുന്നത്. കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് മയിലുകളുടെ കാടിറക്കം. അതോടൊപ്പം, നാട്ടില്‍ തങ്ങള്‍ക്ക് അനുയോജ്യമായ ഇടങ്ങളില്‍ ഇവ പ്രജനനവും നടത്തുന്നു. പുതിയ മയിലുകള്‍ ഉണ്ടാവുന്നു. കാടല്ല, നാടാണ് ഈ മയിലുകളുടെ ഇടം. നാടാകെ നിറയുന്ന മയിലുകള്‍ വാഹനങ്ങളിടിച്ചും അപകടങ്ങളില്‍ പെട്ടും ഇല്ലാതാവുന്നതും മയിലുകൾ മൂലം വാഹനാപകടങ്ങൾ ഉണ്ടാവുന്നത് സാധാരണ സംഭവമായി കഴിഞ്ഞിട്ടുണ്ട്
✍️

By ivayana