കുരുന്നുകൾ
നൊട്ടിനുണഞ്ഞ് നക്കിത്തുടച്ച്
കാട്ടുപൊന്തയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ
ഓർത്തിരിക്കില്ല ഉയിർത്തെഴുന്നേൽക്കുമെന്ന്.
ഒരു നാൾ
മണ്ണിൻ്റെ ഗർഭപാത്രപുറ്റു പൊട്ടിച്ച്
വിണ്ണിൻ്റെ വിരിമാറിലേക്ക്
ഞാൻ തല ഉയർത്തി.
ധരിത്രിയുടെ കണ്ണുനീർ
ദാഹജലമായി
കൂമനും കുറുനരിയും
ഉറക്കം കെടുത്തിയപ്പോൾ
രാപ്പക്ഷികൾ താരാട്ടു പാടി.
ഇളംതെന്നൽ തൊട്ടിലാട്ടി
മിന്നാമിന്നികളും താരാഗണങ്ങളും
കൺചിമ്മാതെ കാവൽ നിന്നു.
ഓരില, ഈരില, മൂവില
ഞാൻ വളരുകയായിരുന്നു.
മാനം മുട്ടെ…!
പക്ഷികൾക്കു ചേക്കേറാൻ
ഞാൻ ചില്ലയൊരുക്കി.
വെയിലത്തു തണലായി
മഴയത്തു കുടയായി.
കുസൃതികൾ എൻ്റെ മടിത്തട്ടിൽ
മണ്ണപ്പം ചുട്ടു.
കഞ്ഞിയും കറിയും വെച്ചു.
അഛനുമമ്മയും കളിച്ചു.
ഊഞ്ഞാലാടി .
എൻ്റെ മേലേക്കവരി രിച്ചു കയറി.
എന്നെ വല്ലാതെ ഇക്കിളിപ്പെടുത്തി.
ഈർഷ്യയോടെ
അവരെന്നെ കല്ലെറിഞ്ഞപ്പോഴൊക്കെയും
ഞാനവർക്ക്
കൈ നിറയെ
മധുരഫലങ്ങൾ പകരം നൽകി.
കൗമാരവും യൗവ്വനവും പിന്നിട്ട്,
വാർദ്ധക്യത്തിൻ്റെ ജരാനരകൾ
പുറംതോടുകളെ ചുട്ടുപൊള്ളിച്ച
ഒരുച്ച വെയിലിലാണവർ
സംഘമായി വന്നത്.
കൈ നിറയെ ആയുധങ്ങളുമായ്.
എൻ്റെ തണലിലിരുന്നവർ
അടക്കം പറഞ്ഞു.
മുറുക്കിത്തുപ്പി.
ബീഡിത്തുണ്ടാഞ്ഞു വലിച്ചു.
എൻ്റെ ആയുസ്സിൻ്റെ ബലം
അവർ അളന്നു തിട്ടപ്പെടുത്തി.
കണക്കുക കൂട്ടിക്കിഴിച്ചു വിലപേശി.
ആയുധങ്ങൾക്കവർ മൂർച്ച വരുത്തി.
എൻ്റെ ശിഖരങ്ങൾ
ഒന്നൊന്നായവർ വെട്ടി വീഴ്ത്തി.
അടിവേരുകളിലേക്കായുധം
ആഞ്ഞു പതിച്ചപ്പോഴാണ്
സത്യമായും
പതനം ബോദ്ധ്യമായത്.
സാരമില്ല.
എന്നിൽ നിന്നുമൊരായിരം പേർ
ഉയിർക്കൊണ്ടിട്ടുണ്ടാകുമെന്നത്
ആശ്വാസമാകുന്നു.
ഇനി പോകാം
എൻ്റെയും നിൻ്റെയും
അന്ത്യകർമ്മങ്ങളിൽ
എരിഞ്ഞടങ്ങാൻ…..!

ജയൻതനിമ

By ivayana