രചന : ശിവൻ✍
അജണ്ട തയ്യാറാക്കി കൊടുത്തത് ആദ്യം അവിടെ എത്തിയ കുഞ്ഞെൽദോ
വയസ്സ് – 118.
മരണ കാരണം , കടം മൂടിയ വീടും കുടുംബവും മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയാതെ വന്നപ്പോൾ നാണക്കേട് ഓർത്തുള്ള ആത്മഹത്യ.
അവശേഷിച്ച രണ്ടു വിരലുകൾ കൊണ്ടാണ് അദ്ദേഹം അത് എഴുതി തയ്യാറാക്കിയത്.
കണ്ണും കാതും അങ്ങനെയെല്ലാം അഴുകി തീർന്ന രൂപം ആരും തന്നെ കാണാതെയിരിക്കുവാൻ പിന്നണിയിൽ നിന്നും അരങ്ങിലേക്കുള്ള വരവ് അദ്ദേഹം ഒഴിവാക്കി.
ഈശ്വര പ്രാർത്ഥന
ആലീസ്
വയസ്സ് – 22
മരണ കാരണം , ആരോ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.
മേരി
വയസ്സ് – 21
മരണ കാരണം , വെള്ളത്തിൽ മുങ്ങി മരിച്ചു.
സൂസൻ
വയസ്സ് – 18
മരണ കാരണം , ക്യാൻസർ.
കീറി മുറിക്കപ്പെട്ട ശരീരവും ചുണ്ടുകളും കൊണ്ട് ആലീസ് പാടുവാൻ ഏറെ പ്രയാസപ്പെട്ടു.
പാടി അവസാന ഭാഗമെത്തിയപ്പോൾ മേരിയുടെ ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി.
മരണം കവർന്നെടുത്ത അവളുടെ ശ്വാസം ഇനിയാരും മോഷ്ടിക്കാൻ തുനിയില്ലയെന്ന് പിന്നീട് അവൾക്ക് മനസ്സിലായി.
ആളുകളെ അഭിമുഖീകരിക്കാൻ നന്നേ പാടുപെട്ടിട്ടും അവസാനം ഒരു ഷാൾ കൊണ്ട് മുഖം മറച്ച് സൂസനും അവളുടെ കർമ്മം നന്നായി നിർവഹിച്ചു.
മുടിയും പല്ലുകളും അവൾക്ക് നഷ്ട്ടമായപ്പോഴും തകരാതെ നിന്ന് പൊരുതിയവളെ മരണം നിഷ്പ്രയാസം കീഴ്പ്പെടുത്തി.
സ്വാഗത പ്രസംഗം
മോളമ്മ
വയസ്സ് – 99
മരണ കാരണം , വാർദ്ധക്യ സഹജമായ അസുഖം.
ചുളിഞ്ഞ ചർമ്മവും നര വീണ മുടിയും മുടന്തിയ നടത്തവുമായി അവർ അരങ്ങിലേക്ക് വന്നു.
ഇതുവരെ അടുക്കളയുടെ അകവും പുറവും അല്ലാതെ മറ്റൊന്നും കാണാതെ ജീവിച്ച് മരിച്ച അവർക്ക് അതൊരു പുതിയ അനുഭവമായി.
ആരെയാണ് ആദ്യം സ്വാഗതം ചെയ്യേണ്ടത് ,
എന്താണ് പറയേണ്ടത് ,
അവരൊന്നു വിറച്ചു.
പിന്നെ പതിയെ പതിയെ അവരെ കുറിച്ചും അവരുടെ ജീവിത കാലത്തെ കുറിച്ചും പറഞ്ഞു തുടങ്ങി
അവരുടെ കർത്തവ്യവും ഭംഗിയായി നിർവഹിച്ചു.
പുതിയതായി അവിടേക്ക് വന്നവരാണ് വാർഷിക പരിപാടിയിലെ അതിഥികൾ.
കാരണം അവരുടെ കുപ്പായങ്ങൾക്ക് പുതുമയുണ്ട്.
പള പള മിനുങ്ങുന്ന കുപ്പായങ്ങളണിഞ്ഞു കൊണ്ട് കുറച്ച് പേര് അവിടെയിരുന്നു കൈയ്യടിച്ച് സ്വാഗത പ്രാസംഗികയെ തിരികെയയച്ചു.
അധ്യക്ഷ പ്രസംഗം
ഫാദർ തോമസ് എബ്രഹാം
വയസ്സ് – 47
മരണ കാരണം , വെളിപ്പെടുത്തിയിട്ടില്ല.
മൂന്ന് വർഷം മുമ്പാണ് ഫാദർ മരിച്ചത്.
പള്ളി മേടയിൽ വയലിൻ വായിക്കാൻ വരുന്ന പെൺകുട്ടികളെ വശത്താക്കി ശാരീരികമായി ചൂഷണം ചെയ്യുക എന്നതായിരുന്നു ഫാദറിൻ്റെ
മുഖ്യ പരിപാടി.
ഇതറിഞ്ഞ ഏതോ കുട്ടിയുടെ പിതാവ് ഉറങ്ങിക്കിടന്ന ഫാദറിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സെമിത്തേരിയുടെ വാർഷിക പരിപാടിയിലാണ്
ഈ ഞെട്ടിക്കുന്ന സത്യം ഏവരും അറിയുന്നത്.
മരണവും കാരണവും അധികമാരും
അറിയാതെയിരിക്കുവാൻ പള്ളി അധികാരികൾ പ്രത്യേക കരുതലുകൾ കൈക്കൊണ്ടു.
അധ്യക്ഷ പ്രസംഗം ഫാദർ ചോദിച്ചു വാങ്ങിയത് ഒരുപക്ഷേ ഈ സത്യം വിളിച്ചു പറയാൻ വേണ്ടിയാവും.
മരിച്ചവരുടെ ലോകം അയാളുടെ തെറ്റ് ക്ഷമിച്ചു അയാൾക്ക് മാപ്പ് നൽകി തിരികെ അയച്ചു.
ഉദ്ഘാടനം
അലക്സാണ്ടർ
വയസ്സ് – 55
മരണ കാരണം , കൊലപാതകം
ഒരായുസ്സ് മുഴുവൻ പണത്തിന് പിന്നാലെ ഓടി ആവശ്യത്തിൽ കൂടുതൽ സമ്പാദിച്ചു ഒടുവിൽ ഒന്നും അനുഭവിക്കാൻ സ്വന്തം ചോര പോലുമില്ലാതെ എല്ലാം ഉപേക്ഷിക്കേണ്ടി വന്നവൻ അലക്സാണ്ടർ.
ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം തൻ്റെ ജീവിതം വരച്ചു കാട്ടി.
പറ്റിയ പിഴവും വിശ്വസിച്ച ആളുകളുടെ ചെയ്തികളും അദ്ദേഹം തുറന്നടിച്ചു.
വില കൂടിയ കുപ്പായങ്ങൾ ധരിച്ച അദ്ദേഹത്തിൻ്റെ ശരീരം ഇപ്പൊ പുഴുക്കളുടെ വാസ സ്ഥലമാണ്.
പല പല അറകളിലായി അവർ അവിടെ സ്വസ്ഥം.
ആദരിക്കൽ
- ഒരു തുണ്ട് ഭൂമിയില്ലാത്തതിൻ്റെ പേരിൽ തെമ്മാടി കുഴിയിലേക്ക് വലിച്ചെറിയപ്പെട്ട #മുരുകൻ
വയസ്സ് – 59
മരണ കാരണം , ഭ്രാന്ത് കൂടിയെന്ന് ആരോപിച്ചു ചുറ്റുമുള്ളവർ തല്ലി കൊന്നു. - ഒരു ബ്രെഡ് കഷ്ണം മോഷ്ടിച്ചു തിന്നതിന് കണ്ട് നിന്നവർ പേപ്പട്ടിയെ പോലെ ചവിട്ടി കൊന്ന
മധു
വയസ്സ് – 34 - പീടിക തിണ്ണയിൽ കിടന്നു തെണ്ടി അവസാനം തളർന്നു അവിടെ കിടപ്പായ #നാണി
വയസ്സ് – 95
മരണ കാരണം , പീടിക മുതലാളി ഭക്ഷണത്തിൽ വിഷം കലർത്തി നൽകി. - ഹേമന്ത്
വയസ്സ് – 28
മരണ കാരണം , കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടി.
ബംഗാളിൽ നിന്നും കേരളത്തിലേക്ക് തൊഴിൽ തേടി വന്നതാണ് ഹേമന്ത്.
കോൺട്രാക്ടർ ചെയ്ത കള്ളത്തരം കണ്ട് പിടിച്ചതിന് ഹേമന്തിനെ മുകളിൽ നിന്നും തള്ളി ഇട്ടതാണെന്ന് പിന്നീട് തെളിഞ്ഞു. - സോഫി
വയസ്സ് – 13
മരണ കാരണം , ഗവൺമെൻ്റ് ഹോസ്പിറ്റലിലെ സർജൻ്റെ അശ്രദ്ധ മൂലമുള്ള മരണം.
ചെറിയ പനിയുമായി ഹോസ്പിറ്റലിൽ അഡ്മിറ്റായ സോഫിയെ വിവിധ ടെസ്റ്റുകൾക്ക് വിധേയമാക്കി
അവസാനം ഓപ്പറേഷൻ വരെയെത്തിച്ച ശേഷം മരണത്തിലേക്ക് തള്ളിയിട്ടു.
കലാപരിപാടികൾ
പേരുകൾ വെളിപ്പെടുത്താത്ത
മുഖങ്ങളില്ലാത്ത
മതവും ജാതിയും മറന്ന് പോയ ചിലരുടെ
നൃത്ത സംഗീതോത്സവം.
ചട്ടക്കുള്ളിലും പുരോഹിത കുപ്പായത്തിലും അകപ്പെട്ടു പോയവരുടെ മാർഗ്ഗം കളികൾ.
ശരീരത്തിൽ നിന്നും ഊരിയൂരി പോകുന്ന അസ്ഥികൾ പിന്നെയും വലിച്ചെടുത്ത് ആരൊക്കെയോ എന്തൊക്കെയോ കാട്ടി കൂട്ടുന്നു.
ഒരുപക്ഷേ ജീവിതത്തിൽ അവർ ചെയ്യുവാൻ ആഗ്രഹിച്ചതോ അല്ലെങ്കിൽ ചെയ്തു തെളിഞ്ഞതോ ആവാം.
പക്ഷേ അതിപ്പോൾ അവർക്ക് ചെയ്യുവാൻ കഴിയുന്നില്ല.
സെമിത്തേരിയിലെ ഓരോ കുഴിമാടത്തിലേയും ശവങ്ങൾ വാർഷിക പരിപാടിയിൽ ഭാഗമായി.
ഒടുവിൽ സമാപനത്തിനുള്ള നിർദ്ദേശം ലഭിച്ചു.
നന്ദി പ്രകാശനം.
ശിവൻ
വയസ്സ് – 30
മരണ കാരണം , ആർക്കുമറിയില്ല.
Farewell to his soul…❗