രചന :മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍
അച്ഛനുമുണ്ടൊരു ഹൃദയം
അച്ചുതണ്ടാമൊരു ഹൃദയം
ഇരുചെവി മറുചെവിയറിയാതെ
ഉള്ളിലൊതുക്കുന്നു വിവശതകൾ
അച്ഛനുമുണ്ടൊരു ജീവിതം
അച്നോർമ്മിക്കാത്ത ജീവിതം
അച്ഛന്റെ ഉള്ളം തുറക്കാതെ
കൊണ്ടുനടക്കുന്ന ജീവിതം
സ്വന്തം കാര്യങ്ങൾ പിന്നെ മതി
സ്വന്തക്കാർക്കെല്ലാം ആദ്യ പടി
മക്കളെയുള്ളിൽ ലാളിക്കുമ്പോൾ
മുഖത്തുള്ള ഗൗരവം ആരറിയാൻ
ചിരിക്കാത്ത മുഖത്തുള്ള നീർച്ചാലുകൾ
ചിരിച്ചാലും കരയുന്ന ഉൾക്കാമ്പുകൾ
നിമിഷങ്ങൾ വർഷങ്ങൾ കടന്നുപോകും
അച്ഛനെന്നും വെറും അച്ഛൻ മാത്രം
അത്താണിയാണെന്നതോർത്തിടാതെ
അച്ഛനെയികൾത്തുന്ന മക്കളോർക്കൂ
അച്ഛന്റെ അറിവിൽ വളർന്നു വന്നാൽ
അടിതെറ്റി വീഴില്ല ജീവിതത്തിൽ
അച്ഛനാവുമ്പോൾ നാം തിരിച്ചറിയും
അച്ഛന്റെ സ്ഥാനം സ്വയം തിരയും
ചോദിക്കാൻ പഠിക്കാത്ത ജീവിതങ്ങൾ
ചോദ്യം ചെയ്യാൻ കഴിയാത്ത കുലപതികൾ….