ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ബന്ധങ്ങൾ ആരോഗ്യത്തോടെ മുന്നോട്ടു പോകാൻ ചില അതിരുകൾ ആവശ്യമാണ് .മറ്റൊരാളുടെ തികച്ചും സ്വകാര്യവും വ്യക്തിപരവുമായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കുക എന്നതാണ് അതിലേറ്റവും പ്രധാനം .

നമ്മൾ അറിയേണ്ടതുണ്ടെങ്കിൽ അവർ പറയും. പഠിച്ചിറങ്ങിയ പിള്ളേരോട് ജോലി ആയില്ലേ, കല്യാണം ആയില്ലേ , കല്യാണം കഴിഞ്ഞാൽ പിറ്റേന്ന് വിശേഷം ആയില്ലേ , മക്കൾ ഇല്ലാത്തവരോട് ആർക്കാ കുഴപ്പം ഡോക്ടറിനെ കണ്ടില്ലേ ? പ്രസവിച്ച പെൺകുട്ടിയോട് കൊച്ചിന് കൊടുക്കാൻ പാലൊക്കെ ഉണ്ടോ, കൊച്ചു കറുത്തതാണല്ലോ, വലുപ്പമില്ലല്ലോ, എന്ന് വേണ്ട എല്ലാവരുടെയും എല്ലാകാര്യങ്ങളിലും തലയിട്ടാലേ ചിലർക്ക് സമാധാനം കിട്ടൂ. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പ്രവണത വൃത്തികേടാണ്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് ഇത്ര ആശങ്ക? മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നിങ്ങളുടെ ജനാലയും തുറന്നു വച്ച് സ്വയം നിരീക്ഷണക്യാമറ ആകുന്നതുകൊണ്ട് എന്ത് ഗുണമാണ് ഉള്ളത് ? നിങ്ങളുടെ ജീവിതത്തിലെ എത്ര വിലപ്പെട്ട സമയമാണ് മറ്റുള്ളവനെ ഒളിഞ്ഞുനോക്കി പരദൂഷണം പറഞ്ഞ് പാഴാക്കിക്കളയുന്നത്. Everyone sweep in front of his own door and the whole world will be clean .


കുശലാന്വേഷണം എന്ന നിലയിൽ വളരെ ലാഘവത്തോടെ body shaming നടത്തുന്നവരാണ് അടുത്ത കൂട്ടർ . കറുത്തു പോയി , വെളുത്തില്ലല്ലോ,
വണ്ണം കൂടി , മെലിഞ്ഞുണങ്ങി, വയറു ചാടി , മുടി കൊഴിഞ്ഞു …..എന്ന് വേണ്ട നമ്മളെക്കുറിച്ച് നമുക്കില്ലാത്ത വേവലാതിയാണ് ഇക്കൂട്ടർക്ക്. ഒരു മനുഷ്യൻ എത്രയോ കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത ആത്മവിശ്വാസത്തെ ഒരൊറ്റ നിമിഷം കൊണ്ട് തകർത്തെറിയാൻ കെല്പുള്ള ഇത്തരം ചോദ്യങ്ങൾ അശ്ശീലമാണെന്ന തിരിച്ചറിവ് എത്ര പേർക്കുണ്ട്? നിറത്തിൻ്റെയും ശരീരഘടനയുടെയും പേരിൽ അവമതിക്കപ്പെട്ട് ഇരുട്ടിലേക്ക് ചുരുങ്ങി പോയിട്ടില്ലേ നമ്മളിൽ ചിലരെങ്കിലും? ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒരാളിൽ മുറിവുണ്ടാക്കും എന്ന ധാരണ പലർക്കുമില്ല എന്നതാണ് ഏറെ ദയനീയം. ഒരാളെ അയാളുടെ നിറത്തിൻ്റെയോ, രൂപത്തിൻ്റെയോ വൈകല്യത്തിൻ്റെയോ പേരിൽ അടയാളപ്പെടുത്താനാണ് പലർക്കുമിഷ്ടം.

Body Shaming നടത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നു എന്നത് ഖേദകരമാണ്. സിനിമയിലും ടി.വി. പരിപാടികളിലുമൊക്കെ ചില പ്രത്യേക ശരീരഘടനയുള്ളവരെയും, വൈകല്യമുള്ളവരെയും ഹാസ്യരൂപേണ അവതരിപ്പിച്ച് കാണാറുണ്ട്. അതേ അവസ്ഥയിലൂടെ കടന്നുപോകുന്നൊരു വ്യക്തി ഇത് കാണുമ്പോൾ എത്ര മുറിഞ്ഞു പോകുന്നുണ്ടെന്ന്നിങ്ങളറിയുന്നുണ്ടോ? സൗന്ദര്യത്തെക്കുറിച്ച് എവിടുന്നൊക്കെയോ ചില പൊതുബോധം നാം ഉണ്ടാക്കിവച്ചിട്ടുണ്ട്. വെളുപ്പ് നിറമാണ് അതിൽ പ്രഥമസ്ഥാനത്ത്.അതിന്റെ പിന്നാലെ മൂക്കിന്റെ നീളം കണ്ണിന്റെ തിളക്കം വിരലിന്റെ ഘടന എന്നുവേണ്ട ഓരോ അവയവത്തിനും meter scale ഉണ്ട്‌ ! മനുഷ്യനാകാൻ ഇതൊന്നും മാനദണ്ഡമല്ല എന്ന് വിനയത്തോടെ പറയട്ടെ….
ഞാൻ ഇതൊക്കെ എഴുതി ആരെയും നന്നാക്കാൻ വന്നതല്ല. ഇവരോടൊക്കെ എനിക്ക് ഒന്നേ പറയാനുള്ളു- എന്റെയടുത്ത് ഇജ്ജാതി വർത്തമാനവുമായി വരരുത്. വന്നാൽ ഞാൻ നല്ല മറുപടി തരും.അത്രേയുള്ളൂ…!!

ഷീന വർഗീസ്

By ivayana