പ്രിയപ്പെട്ട മത്തീ,
എഴുത്ത് കിട്ടി, വായിച്ചുവിവരങ്ങൾ അറിഞ്ഞപ്പോൾ വല്ലാതെ സങ്കടം തോന്നി.
പലരും പഴഞ്ചൻ കാറിന്റെ ഡിക്കിയിലും കരിപ്പടിച്ച ചട്ടിയിലും നിന്നെ അന്ന് ഒതുക്കിയതിൽ ഇത്രമാത്രം സങ്കടം ഉണ്ടാകുമെന്നറിഞ്ഞില്ല.
ബാക്കിയുള്ളതൊക്കെ സിങ്കിൽ വെച്ച് മിനുക്കുമ്പോൾ നിന്നെ വാഴച്ചോട്ടിൽ കൊണ്ടുപോകാതെ തരമില്ലായിരുന്നു.
അതിൽ വിഷമിക്കേണ്ട.അത്രയ്ക്കല്ലേ കുട്ടാ ഗന്ധം!!
നിന്നെ വാങ്ങിക്കുന്നത് കുറച്ചിലായി കരുതുന്നവർക്കിടയിൽ നീയിത്രയും സങ്കടപ്പെട്ടിരുന്നോ? പട്ടിക്കും പൂച്ചയ്ക്കും കൊടുക്കാനെന്നു പറഞ്ഞിട്ട് അവർക്ക് തലപോലും കൊടുക്കാതെ നിന്നെ കപ്പയുടെ കൂടെ തട്ടുന്നവരെ കാണുമ്പോൾ നീ ഉള്ളിൽ ചിരിച്ചിട്ടുണ്ടാകും. അല്ലെങ്കിലും പുറമെ കുറ്റം പറഞ്ഞിട്ട് അകമേ കൂടിച്ചർക്കുന്നവരാണല്ലോ ഭൂരിപക്ഷവും. തിരിച്ചുമുണ്ട് ചിലർ.
എന്നാൽ നിനക്കറിയാമല്ലോ, എനിക്കെന്നും നിന്നെ വലിയ ഇഷ്ടമായിരുന്നു എന്ന്. പെരുന്നാളിന് വരെ മത്തി മുളകുകറിയും ഫ്രൈയും കഴിക്കുന്നത് കണ്ട് പലരും അതിശയത്തോടെ നോക്കിയിട്ടുണ്ട്.ബീഫും ചിക്കനും മട്ടനും പലതരത്തിൽ മുന്നിൽ നിരന്നപ്പോഴും നിനക്കായിരുന്നു എന്റെ ഖൽബിൽ ഒന്നാം സ്ഥാനം.
ഒമേഗ 3s, കാത്സ്യം, വിറ്റാമിൻ E, D അങ്ങനെയങ്ങനെ നിനക്കുള്ള ഗുണങ്ങൾ അവർക്കാർക്കും ഇല്ലെന്ന് എനിക്കറിയാമായിരുന്നു. അവരെ സ്ഥിരം കൂട്ടാക്കിയാൽ മുരിങ്ങയിലയിലേക്ക് മാറേണ്ട അവസ്ഥ വരുമെന്നും അറിയാമായിരുന്നു.അത്രയേറെ കൊഴുപ്പല്ലേ അവറ്റോൾ തരുന്നത്!!നിന്നെയും നത്തോലിയെയും ഒക്കെ എന്നും സ്നേഹിച്ചപ്പോൾ ബീഫും മട്ടനും ചിക്കനും ഒക്കെ ഇടയ്ക്കിടെ തട്ടാമെന്ന ആത്മവിശ്വാസവും കൂടിവന്നു.
വിലക്കൂടുതലിൽ നീ സന്തോഷിക്കുന്നു. ഇടയ്ക്ക് നിനക്കും സന്തോഷം വേണമല്ലോ. തമിഴ് നാട്ടിൽനിന്നും നിന്റെ മറ്റൊരു ജനുസ്സ് ഉടനെയെത്തുമെന്ന് വാർത്തകൾ വായിച്ചു.അതിൽ വിഷമിക്കും എന്നറിയാം.പണ്ട് നിന്നെ അവഗണിക്കാതെ കൂടെകൂട്ടിയ പലർക്കും നീ ഇന്ന് വളരെ ദൂരെയാണ്.അവർ തമിഴ് മത്തി വാങ്ങി മുന്നോട്ട് പോകട്ടെ, അത് സ്ഥിരമാക്കില്ല എന്നത് നിനക്കുറപ്പല്ലേ? കാരണം നിന്റെ രുചിയോ നാല്പത് വീടറിയുന്ന ഗന്ധമോ, നിനക്കുള്ള പോഷകഗുണമോ അവർക്കില്ലല്ലോ!
ഇനി ഫോർമാലിനിൽ കുളിച്ചാണോ, വേറെ വിഷങ്ങൾ കൊണ്ട് പുട്ടി ഇട്ടാണോ വരുന്നത് എന്നൊന്നും അറിയില്ല. പലയിടത്തും 400കടന്നപ്പോൾ ഇവിടെ 330രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു, ഇപ്പോൾ അത് 300ൽ താഴെയുമായി എന്നത് ആശ്വാസമാണ്.
ഏതായാലും നിനക്കിപ്പോൾ രാജയോഗമായിരുന്നു. ഗൾഫിലൊക്കെ ഇടയ്ക്കിടെ നിനക്ക് രാജയോഗം വരുന്നത് നീ അറിഞ്ഞില്ലേ, പിന്നെ ഇവിടത്തെ അഴുകി തുടങ്ങിയ തേഞ്ഞ മത്തിയല്ല അവിടെ കിട്ടുക. കൊഴുത്ത് കാണാൻ സുന്ദരിയായ മത്തിയാണ്.വില കൂടിയ പദവിയിൽ തുടരണമെന്ന് നിനക്ക് ആഗ്രഹമില്ലാത്ത മനസ്സ് പ്രശംസനീയമാണ്. ഒരു രൂപ കൂടുതൽ കിട്ടിയാൽ പ്രശസ്തിക്ക് പിറകെ ഓടുന്നവർക്കിടയിൽ മത്തീ നീ വ്യത്യസ്തയാണ്,നിന്നെ മാതൃകയാക്കേണ്ടതുണ്ട്.
ഇപ്പോൾ കിട്ടിയ യോഗം മാക്സിമം എൻജോയ് ചെയ്യുക. എത്രയും പെട്ടെന്ന് സാധാരണക്കാരിലേക്ക് മടങ്ങി വരാൻ കഴിയട്ടെ എന്ന് നീ പ്രാർത്ഥിക്കുന്നത് പോലെ ഞങ്ങളും പ്രാർഥിക്കാം…..
എന്ന്,
നിന്റെ കൂട്ടാരത്തി 😎
Nb :ഇടയ്ക്ക് അപ്പുറത്തെ ചേട്ടത്തി നിന്നെ ഉണക്കി വെച്ചത് എനിക്ക് ആശ്വാസമാണ്. ബീഫൊക്കെ ബ്ലാ ബ്ലാ ആണെനിക്ക് 🚶🏾‍♀️

സഫി അലി താഹ

By ivayana