രചന : അൽഫോൻസ മാർഗരറ്റ്✍
കാട്ടിൽ നിന്നീറൻമുളയറുത്തും
തോട്ടിന്നരികിലെ കൈതോല കീറിയും
പ്രകൃതിതൻ സ്നേഹത്തിൽ മായങ്ങൾ ‘ചേർക്കതെ
വട്ടിയും കുട്ടയും മുറവും മെടയുന്നോർ .
സുന്ദരസ്വപ്നങ്ങൾ കണ്ടുറങ്ങാനും
സ്വപ്നങ്ങൾ തീർന്ന ജഢത്തിനുറങ്ങാനും
തഴപ്പായയില്ലാത്ത വീടുകാണില്ല;
പണ്ടുകാലത്തീ കേരള ഭൂമിയിൽ
ഇന്നോ തഴപ്പായപോയ്മറഞ്ഞു ;
വട്ടിയും കുട്ടയും കാണ്മാനേയില്ല.
പോയകാലത്തിൽ മഹത്വംവിളിച്ചോതാൻ
വിരളമായ് കാണാം; വിലയും മഹാകേമം.
നാട്ടിൻ പുറത്തുള്ള ചന്തയിൽ ലഭ്യം
തുച്ഛവിലയിലീപ്രകൃതി തന്നത്ഭുതം…
പട്ടിണിപ്പാവങ്ങൾ നെയ്യുമീസ്വപ്നത്തിൻ
കലയുടെ പാടവമെന്തെന്തുസുന്ദരം ….!
ചോരനീരാക്കി സ്വപ്നങ്ങൾ കാണുന്നോർ
കണ്ണിൽ പ്രതീക്ഷതൻപൂത്തിരി കത്തിച്ചോർ
ചന്തയിൽ വിലപേശിത്തളരുമീപ്പാവങ്ങൾ
കിട്ടുന്നകൂലിയിൽ സൗഭാഗ്യം കാണുന്നോർ
ഒരു ചാൺവയറിൻ പശിയകറ്റാൻ
രാവന്തിയോളം പണിയെടുത്താലും
കിട്ടില്ലരവയർ പോലും നിറയ്ക്കാൻ
മണ്ണിലെമക്കളാം മനുഷ്യരിപ്പാവങ്ങൾ