ആദ്യകിരണങ്ങളേറ്റ് സ്വർണ്ണനിറമാർന്ന നീ
ഹാരനഗ സൗന്ദര്യമായി നീ ഇറങ്ങി വരിക!
നിൻ്റെ സൗരഭവും സൗരഭ്യവും എന്നിൽ പകർന്നൊരു
പുഷ്പ ശൈലൂഷമായി നീയെന്നെ ഉണർത്തിയെടുക്കുക!
എന്നെച്ചുറ്റി വരിഞ്ഞ ശ്യാമാഹികളെ വലിച്ചെറിഞ്ഞെൻ്റെ
മഹാവടുക്കളിൽ നീ മൃദുവായി തലോടുക!
വിഭൂതി പടർന്ന നരിചീരവത്കലങ്ങളൂരിയെൻ്റെ
ഹൃത്തടത്തിൽ നിൻ അധരങ്ങളമർത്തുക!
നിൻ്റെ സിതവസനമഴിച്ച് രുക്മകാന്തിയെഴുമാ
സുഗന്ധഗാത്രമെന്നിൽ പടർത്തുക!
എൻ്റെ കേശകപർദ്ദം കടിഞ്ഞാണാക്കി
എന്നെ നിൻ്റെ ഋഷഭമാക്കുക.
എൻ്റെ മിഴികളെയാകെ ചുംബിച്ചുലക്കുക.
എൻ്റെ പ്രാണനെ ചുണ്ടിൽ കൊരുത്തെടുക്കുക!
എൻ്റെ രക്തഞരമ്പുകൾക്കൊരായിരം
പ്രാഹ്നസൗരോർജ്ജം പകരുക.
ചുട്ടുപഴുക്കുന്ന ഇരുമ്പാക്കി മാറ്റിയെന്നെ
അതിൻ്റെ മീതേ കൊടുങ്കാറ്റായി വീശുക!
അനാദിയിലെ മഹാവിസ്ഫോടനമാകുക!
അർദ്ധനാരീശ്വരമായി പരിണമിച്ച്
കല്പാന്തകാലത്തിനുമപ്പുറം വരേക്കും
പരസ്പരം കെട്ടിപ്പുണർന്ന് കിടക്കുക!

ശരത് ബാബു കരുണാകരൻ പല്ലന

By ivayana