കൊല്ലത്തെമ്പാടും
കശുവണ്ടിക്കമ്പിനികൾ
പൂത്തും കായ്ച്ചുംനിന്നിരുന്ന
പഴയ പ്രതാപകാലം.
മാനത്തെ വെള്ളമേഘങ്ങളെ
കരിയുണ്ടകളാൽ വെടിവയ്ക്കുന്ന
വലിയ പുകക്കുഴലുകൾ
എങ്ങും ഞെളിഞ്ഞുനില്ക്കുന്നു.
ഓരോ ശ്വാസത്തിലുമള്ളിപ്പിടിച്ചുകേറുന്ന
കശുവണ്ടിയുടെ വറവുമണം.
കൊല്ലത്തെപ്പെണ്ണുങ്ങളുടെ
അതുല്യമായ കരവിരുതിൽ,
കാസ്രോട്ടെ, അങ്ങ് ആഫ്രിക്കേന്ന്
കപ്പലിലെത്തിയ – തോട്ടണ്ടികൾ
തോടുപൊളിഞ്ഞ്,
തൊലിയുരിയപ്പെട്ട്
ഉടൽമുറിയാതെ നഗ്നമാക്കപ്പെട്ട്
കോരിത്തരിച്ചിരുന്ന
രുചികളുടെ സുവർണ്ണകാലം.
പൈങ്കിളി പ്രസിദ്ധീകരണങ്ങൾ
മൾട്ടി കളറിൽ അണിഞ്ഞൊരുങ്ങിയെത്തിയ
പുഷ്ക്കരകാലം.
മലകളൊന്നും അബ്ദുള്ളമാരുടെ
അടുത്തേക്കെത്തിയില്ലെങ്കിലും,
‘പുനത്തിൽ കുഞ്ഞബ്ദുള്ള’
‘മ’ വാരികകളെ തേടിയെത്തിയ
വേറിട്ട എഴുത്തുകാലം.
ആ സമയത്താണ്
രമണി ആപ്പീസിൽ ചേർന്നത്.
കൈയ് വെള്ളയെ ഉടൽനിറത്തോട്
അനുരൂപകമാക്കിക്കൊണ്ട്
കശുവണ്ടിക്കറപൊള്ളിനിറഞ്ഞു.
ബോണസ് സമരത്തിൽ
നിരാഹാരസത്യഗ്രഹമിരുന്ന
അശോകൻ സഖാവിന്
ചുവന്നമാലയിട്ട്
അവൾ അഭിവാദ്യമർപ്പിച്ചു.
മലയോരമേഖലയിൽ
തേയിലക്കൊളുന്തുനുള്ളുന്ന
സൂസിയുടെ കഥയവളിൽ
ഓരോ ലക്കവും
വായനയുടെ ആർത്തിപടർത്തി.
ഒപ്പമുള്ള ചിത്രങ്ങളിലെ
അഴകളവുകളിലേക്ക്
ജോലിക്കിടയിലുമവൾ വിരുന്നുപോയി.
9-ാം അദ്ധ്യായത്തിൽ
തേയില ഫാക്ടറിയുടമയുടെ
മകനുമായി സൂസി
പ്രണയത്തിലായ ദിവസമാണ്,
പരിപ്പുമോഷണസംശയനിവാരണാർത്ഥം
രമണിയുടെ ദേഹപരിശോധന
(അവളുടെ സമ്മതത്തോടെ)
മുതലാളിയുടെ മകൻ
രഹസ്യമായി നടത്തിയത്.
അന്നുരാത്രിയവൾക്ക്
ഉറക്കത്തെ വേണ്ടായിരുന്നു.
കാസരോഗിയായ അപ്പനെയോർമ്മിപ്പിച്ച്
ഇരുട്ടപ്പോൾ ഇടിവെട്ടിച്ചുമച്ചുകൊണ്ടിരുന്നു.
ചിന്നക്കടയിലെ ഘടികാരഗോപുരമിടയ്ക്ക്
സമയത്തെ നിശ്ചലമാക്കാൻ ശ്രമിച്ചു,
തങ്കശ്ശേരി വിളക്കുമാടം
ഗതകാലങ്ങളിലേക്കു പ്രകാശമടിച്ചു.
വള്ളിക്കാവിലേക്ക് ഒഴുകിയെത്തിയ
ഭക്തിയുടെ വളക്കൂറുള്ള മേൽമണ്ണിൽ
പുതിയ കെട്ടിടങ്ങൾമുളച്ചു,
പിന്നവ മത്സരിച്ചുവളരാൻതുടങ്ങി.
പുതിയ ലക്കമിറങ്ങിയതുവാങ്ങിവരുംവഴി
മുഖച്ചിത്രത്തിലെ സുന്ദരി
വഴിവക്കിലെ പൂവാലന്മാരെ
ഒളികണ്ണെറിഞ്ഞു,
രമണിയപ്പോളതു ചുരുട്ടിപ്പിടിച്ചു.
വീട്ടിലെത്തി, വേഗത്തിൽ
ആഴ്ചപ്പതിപ്പുതുറന്നവൾ
18-ാം അദ്ധ്യായത്തിലെ
സൂസിയുടെ ലയത്തിലേക്കുപോയി.
പാതാമ്പുറത്തു ചാരിയിരുന്ന്,
വിദേശത്തേക്കുപോയ
മുതലാളിയുടെ മകനെയുമോർത്ത്,
ഇടയ്ക്കു വയറുതടവിക്കൊണ്ടവൾ,
സൂസി, ഉറക്കെകരയുന്നു.
ആശ്വസിപ്പിക്കുന്നതിനിടയിൽ
രമണിയും കരഞ്ഞുപോയി,
അവളുമറിയാതെ വയറുതടവി.
അപ്പോൾ കഥയിലോ, അല്ലാതെയോ
ആരോ വാതിലിൽമുട്ടുന്ന
ഒച്ചയവളെ പിടിച്ചെഴുന്നേല്പിച്ചു..


ദിജീഷ് കെ.എസ് പുരം.

By ivayana