ശരികൾ തെറ്റുകളാവുകയും, തെറ്റുകൾ ശരികളാവുകയും ചെയ്യുന്നത്. ഒരാളിന്റെ ശരികൾ മറ്റൊരാളിന്റെ തെറ്റുകളാകുന്ന അവസ്ഥ. ആത്യന്തികമായി ഓരോ മനുഷ്യനും അവരവരുടെ സന്തോഷവും സുഖവും മാത്രമാണ് അന്വേഷിക്കുന്നതെന്ന് ഒരുപാടിടത്ത് പറയുന്നൊരു സിനിമ. എത്ര വെറുക്കുവാൻ ശ്രമിക്കുമ്പോളും കണ്ണിൽപ്പെടുന്ന സ്നേഹത്തിന്റെ കണ്ണികൾ. എത്ര സ്നേഹിക്കുവാൻ ശ്രമിച്ചാലും പുറത്തേക്ക് വന്നു കൊണ്ടേയിരിക്കുന്ന ഇഷ്ടക്കേടിന്റെയും, പൊരുത്തക്കേടിന്റെയും ചങ്ങലക്കണ്ണികൾ.


ആർത്തലച്ചു പെയ്യുന്ന യാതൊരു ദയാ ദാക്ഷിണ്യവുമില്ലാത്ത മഴ. വീട്ടിലെ മുറികളിൽ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ ഓടിക്കളിക്കുന്ന മഴവെള്ളം . മഴയിൽ നിന്നും, വെള്ളത്തിൽ നിന്നും മോചനമില്ല കുട്ടനാട്ടുകാർക്ക്. മരണമടഞ്ഞവർക്ക് കാത്തിരുന്നേ മതിയാവൂ. എന്നാൽ ജീവിച്ചിരുന്നവർക്ക് ഒന്നിനെയും കാത്തിരിക്കാതെയിരിക്കാം എന്നൊരു തെരഞ്ഞെടുപ്പുണ്ട്.


മനുഷ്യബന്ധങ്ങളെ, സവിശേഷ ജീവിത മുഹൂർത്തങ്ങളെ അമ്മ, ഭാര്യ, ഭർത്താവ്,കാമുകൻ എന്നീ തലങ്ങളിൽ അവരെന്തൊക്കെയായിരുന്നു എന്നും എങ്ങനെയൊക്കെയായിരുന്നു എന്നുമാണ് ഉള്ളൊഴുക്ക് പറയുന്നത്. അതി സൂക്ഷ്മമായ ഭാവങ്ങൾ ഉർവശിയുടെ മുഖത്ത് അതിമനോഹരമായി മിന്നി തെളിയുന്നുണ്ട്. അവരുടെ ഏറ്റവും മികച്ച കഥാപാത്രത്തെഅവർഇനിയുംഅവതരിപ്പിക്കുവാനിരിക്കുന്നതേയുള്ളൂ എന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കുന്നു ഉർവശി.

പാർവതിയും, കാമുകനായ അർജുനും, ഭർത്താവായ പ്രശാന്തുമെല്ലാം മികച്ചു നിൽക്കുന്നുണ്ട്. പക്ഷേ ഉർവശി അവരൊരു ജിന്നാണ്.
അപാരമായ കയ്യടക്കത്തോടെ, സംവിധാന മികവോടെ ക്രിസ്റ്റോ ടോമി ഉള്ളൊഴുക്ക് സൃഷ്ടിച്ചിരിക്കുന്നു. തിയേറ്ററിൽ നിന്നുള്ള കാഴ്ച ഈ സിനിമ ആവശ്യപ്പെടുന്നുണ്ട്. സിനിമ വിട്ടിറങ്ങുമ്പോഴും കഥാപാത്രങ്ങൾ നമ്മോടൊപ്പം വരുന്നുണ്ട്. നിർത്താതെ പെയ്ത കോരിച്ചൊരിയുന്ന മഴകളാൽ തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ ശരീരം വല്ലാതെ തണുക്കുന്നുമുണ്ടായിരുന്നു.

By ivayana