രചന : യൂസഫ് ഇരിങ്ങൽ✍
ഈയിടെയായി
അവൾ അയാളോട്
ഒന്നിനും യാചിക്കാറില്ല
മക്കളെല്ലാം ടിവി
കാണുമ്പോൾ
അടുത്തടുത്തിരുന്ന്
ഓരോ കഥകൾ
പറയണമെന്ന്
അയാളുടെ കൈത്തണ്ടയിൽ
തല വെച്ചു കിടന്നുറങ്ങണമെന്ന്
അടുക്കളയിൽ
ജോലിക്കിടയിൽ
എന്തേലും മിണ്ടിപ്പറഞ്
അടുത്തിരിക്കണമെന്ന്
ഒന്നിനും അവൾ ചോദിക്കാറില്ല
മറന്നു വെച്ച കറിപ്പൊടികൾ
തിരയുന്നത് പോലെ സന്തോഷങ്ങൾക്ക് വേണ്ടി
ഈയിടെയായി
എവിടെയും തിരഞ്ഞു നടക്കാറുമില്ല
സ്വീകരണ മുറിയിലെ
വലിയ കണ്ണാടിയിൽ
ഏറെ നേരം നോക്കി നിൽക്കും
നര കയറി വരുന്ന
മുടിയിഴകൾ പിഴുതെറിയും
ഉള്ളിലെ നിറഞ്ഞ ചിരി
കണ്ണാടിയിൽ നേരിട്ട് കണ്ട്
പിന്നെയും പിന്നെയും
ചിരി തൂകി നിൽക്കും
സ്കൂൾ ഗ്രൂപ്പിൽ
വെറുതെ പാടിയിട്ട പാട്ടിന്
എല്ലാരും നല്ലത് പറയുന്നത്
ഇടയ്ക്കിടെ വെറുതെ കേൾക്കും
കറിക്കരിയുമ്പോൾ
അലക്കി ഉണക്കിയത്
മടക്കി വെക്കുമ്പോൾ
കുറച്ച് ഉച്ചത്തിൽ തന്നെ
മൂളിപ്പാട്ട് പാടും
രാത്രിയിലയാൾ
കിതപ്പ് കുറയുന്നതിന് മുൻപേ
ഉറക്കിലേക്ക് വഴുതിപ്പോകുമ്പോൾ
കെട്ടിപ്പിടിച്ചു കിടന്ന്
എന്തേലും കഥ പറയൂന്ന് പറഞ് ശല്യപ്പെടുത്താറേയില്ല
യൂട്യൂബിൽ പങ്കജ് ഉദാസിന്
പിന്നാലെ വേറേതോ
ലോകത്തേക്ക് നടന്നു പോകും
സ്വന്തം സന്തോഷത്തിന്റെ
പഴകിദ്രവിച്ച
പെട്ടി തുറക്കാനുള്ള താക്കോൽ
ഉഴുന്നിട്ടുവെച്ച പാട്ടയിൽ
തീന്മേശയിൽ
ഉമ്മറ കോലായിൽ
എവിടെയും തിരയാറില്ല.
അവൾക്ക് മാത്രം
അറിയാവുന്നൊരു
ആമാടപ്പെട്ടിയിൽ
ഭദ്രമായി ഒളിപ്പിച്ചു വെച്ച്
എല്ലാവരെയും ചിരിച്ചു ചിരിച്ചു
തോല്പ്പിക്കും